മലയാള സിനിമ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. മോഹൻലാൽ നായകനാകുന്ന ഈ സിനിമ സംവിധാനം ചെയുന്നത് ശ്രീകുമാർ മേനോൻ ആണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചത് മുതൽ ആരാധകരും സിനിമാപ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.
ഒടിയന്റെ അവസാനഘട്ട ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയ്ൻ ആണ് ഈ സിനിമയുടെയും ആക്ഷൻ കൈകാര്യം ചെയുന്നത്. പീറ്റർ ഹെയ്നും മോഹൻലാലും കൂടി കഴിഞ്ഞ ദിവസം സെറ്റിൽ ചെയ്ത ഒരു ആക്ഷൻ രംഗം ഏവരെയും അമ്പരിപ്പിച്ചുവെന്നാണ് പുതിയ വാർത്ത.
ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻകുറിശ്ശി പുഴ. ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ളതാണ് ഈ പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം വീട്ടാൻ ഒടിയൻ മാണിക്യൻ അർധരാത്രി തേൻ കുറിശ്ശി പുഴ നീന്തി വരുന്നതായിരുന്നു രംഗം. ഡ്യൂപ്പിനെ വെക്കാതെ പുഴ നീന്തി കടന്ന് മോഹൻലാൽ ഏവരെയും അത്ഭുതപ്പെടുത്തിയെന്നാണ് കേൾക്കുന്നത്.
തേൻകുറിശ്ശി പുഴയെ പതിയെ തലോടി, മുങ്ങാം കുഴിയിട്ട് അടിത്തട്ടിലൂടെ അദൃശ്യമായ രീതിയിലാണ് ഒടിയന്റെ സഞ്ചാരം. ഇത്രയും അപകടം നിറഞ്ഞ രംഗം ഡ്യൂപ്പ് ഇട്ടു ചെയ്യാം എന്നു പറഞ്ഞെങ്കിലും മോഹൻലാൽ അത് ഒറ്റക്ക് ഏറ്റെടുത്തു ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തുക എന്നത് എന്നും മോഹൻലാൽ എന്ന നടന്റെ വലിയ പ്രത്യേകതയാണ്. ഇത് ചെയ്തത് മോഹൻലാലോ അതോ യഥാര്‍ത്ഥത്തിൽ ഒടിയൻ തന്നെയോ എന്നാണ് ഏവരും സംശയത്തോടെ ചോദിക്കുന്നത്. താരം ശരിക്കും ഒടിയനായി മാറിയെന്നാണ് കണ്ടുനിന്നവർ പറയുന്നത്. ശ്വാസമടക്കിപ്പിടിച്ചായിരുന്നു അണിയറപ്രവർത്തകർ അസാമാന്യ പ്രകടനം കണ്ടതെന്നും വാർത്തയുണ്ട്.
ദേശീയപുരസ്കാര ജേതാവ് ഹരികൃഷ്ണൻ തിരക്കഥ എഴുതുന്ന സിനിമ ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. ഷാജി കുമാർ ആണ് ഛായാഗ്രഹണം. രാവുണ്ണിയായി പ്രകാശ് രാജ് എത്തുന്നു. നരേൻ, മഞ്ജു വാരിയർ, സിദ്ദിഖ് എന്നിവരാണ് മറ്റുതാരങ്ങള്‍.