ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ, മഴവിൽ മനോരമയുമായി ചേർന്നു നടത്തുന്ന ‘അമ്മ മഴവിൽ ഷോ’ മേയ് ആറിനു തിരുവനന്തപുരം കഴക്കൂട്ടം ഗ്രീൻഫീൽഡ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. പരിപാടിയുടെ ലോഗോ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഇന്നസന്റ് എംപി പ്രകാശനം ചെയ്തു.
നടൻമാരായ മമ്മൂട്ടി, മോഹൻലാൽ, സിദ്ദീഖ്, ഇടവേള ബാബു, സംവിധായകൻ സിദ്ദീഖ്, മഴവിൽ മനോരമ ചീഫ് ഓഫ് പ്രോഗ്രാംസ് ജൂഡ് അട്ടിപ്പേറ്റി എന്നിവർ പ്രസംഗിച്ചു. അഞ്ചു മണിക്കൂർ നീളുന്ന താരനിശയിൽ നൂറിൽപ്പരം താരങ്ങൾ പങ്കെടുക്കും. റിഹേഴ്സൽ ക്യാംപ് 27ന് കൊച്ചിയിൽ ആരംഭിക്കും. സിദ്ദീഖാണു ഷോയുടെ സംവിധായകൻ. സ്കിറ്റ് ഇൻ ചാർജ്-റാഫി, സംഗീതം-ദീപക് ദേവ്, ഓർക്കസ്ട്ര- തേജ് ബാൻഡ്, കോറിയോഗ്രഫി- റാക്ക് ഡാൻസ് കമ്പനി. നീരവ്, പ്രസന്ന എന്നിവരാണു ഷോയുടെ പിന്നണിയിൽ. വൈകുന്നേരം 5.30ന് ആരംഭിക്കുന്ന ഷോയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.