അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്? അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി..
‘‘ഒരു സിനിമയിൽ ജഗതി ജനറേറ്റർ അടിച്ചു കൊണ്ടുപോകുന്ന സീൻ ഉണ്ട്. തിരക്കുള്ള വഴിയരികിലെ കടയ്ക്കു പുറത്തിരിക്കുന്ന ജനറേറ്ററും എടുത്ത് ഒറ്റ ഓട്ടം. ധർമൻ അങ്ങനെയാണ് അനുജയെ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുവന്നത്. ഇവനും ഞാനും എപ്പോഴും ഒരുമിച്ചു നടക്കുന്നതല്ലേ? എന്നിട്ടും എന്നോടു പോലും ഒന്നും പറഞ്ഞിരുന്നില്ല. കാര്യമായ ഒരു പ്ലാനിങ്ങും ഉണ്ടായിരുന്നില്ല. ഒരുച്ചയ്ക്ക് ഊണു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ‘എന്നാൽ കല്യാണം കഴിക്കാം’ എന്നു തീരുമാനിച്ചെന്നാ തോന്നുന്നത്. നേരെ പോയി അനുജയെ വിളിച്ചിറക്കി കൊണ്ടുവന്നു. നമ്മളൊക്കെ ആണെങ്കിൽ പ്ലാൻ ചെയ്ത് പ്രാന്തായേനെ. കാറുമായി നേരെ വീടിനടുത്തു ചെന്നു. വീട്ടുകാർ എല്ലാവരും മുറ്റത്തു നിൽക്കുന്നുണ്ട്. ഇവനെ കണ്ടതും അനുജ വേഗം ഇറങ്ങി വന്നു. രണ്ടുപേരും കാറിൽ കയറിക്കഴിഞ്ഞ് ഇവൻ എന്നെ വിളിച്ചിട്ടു പറഞ്ഞു ‘ഡാ ഞാനിവളെ കൊണ്ടു പോരുവാ...’ എന്ന്. അപ്പോഴാണ് ഇതൊക്കെ ഞാനറിഞ്ഞത്."
ധർമജന് വേണ്ടി ചൂടായ മമ്മൂക്ക...
ധർമജൻ: ഞങ്ങളുടെ പ്രണയത്തിലും കോമഡി ഉണ്ട്. സത്യത്തിൽ അനുജയെ ഞാൻ പെണ്ണു കാണാന്‍ പോയതാണ്. എന്തോ കാരണങ്ങളാൽ വീട്ടുകാർക്കിഷ്ടപ്പെട്ടില്ല. പക്ഷേ, ഞങ്ങൾക്കിഷ്ടമായി. പ്രണയമായി. അന്നെനിക്ക് ഇഷ്ടം മാത്രമേ കൈയിലുള്ളൂ. വേറൊന്നും ഇല്ല. സ്റ്റേജ് ഷോ മാത്രം ചെയ്യുന്ന കാലം. അന്നത്തെ സാഹചര്യത്തിൽ ഞാൻ വിളിച്ചപ്പോൾ ഇവൾ എന്തുകൊണ്ടിറങ്ങിവന്നു എന്നതിന്റെ ഉത്തരം എനിക്കിപ്പോഴും അറിയില്ല. ആരോടും ചോദിക്കാനും പറയാനും ഒന്നും പോയില്ല. ഒരു താലിയും സാരിയും വാങ്ങാന്‍ അധികം സമയമൊന്നും വേണ്ടല്ലോ. കാറിൽ കയറിക്കഴിഞ്ഞതും ഇവൾ ഭയങ്കര കരച്ചിൽ. തിരിച്ചു വീട്ടിൽ കൊണ്ടു ചെന്നാക്കേണ്ടി വരുമോ എന്നു മാത്രമായിരുന്നു അപ്പോള്‍ പേടി. അഭിമുഖം പൂർണ്ണമായും ഈ ലക്കം 'വനിത'യിൽ വായിക്കാം;