ആ തീരുമാനത്തിന് പിന്നില്‍ ഇതൊക്കെയാണ്: വെളിപ്പെടുത്തലുമായി ആര്യ

തമിഴ് നടൻ ആര്യയുടെ വധുവിനെ കണ്ടെത്തുവാനുള്ള റിയാലിറ്റി ഷോ വലിയ വിവാങ്ങളോടും ഞെട്ടലോടും കൂടിയാണ് അവസാനിച്ചത്. ഫൈനലിൽ വന്ന ആരെയും വിവാഹം കഴിക്കാൻ പറ്റില്ലെന്ന നടന്റെ തീരുമാനം മത്സരാർത്ഥികളെ മാത്രമല്ല പ്രേക്ഷകരെയും വേദനിപ്പിച്ചു. ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ആര്യ ആരെയും വിവാഹം ചെയ്യാൻ പോകുന്നില്ലെന്നുമുള്ള വിമർശനം പരിപാടിയുടെ തുടക്കം മുതലെ ഉണ്ടായിരുന്നു. 

എന്നാൽ പിന്നീട് ഈ വിഷയത്തിൽ ആര്യ പിന്നീട് ഒരുസ്ഥലത്തും പ്രതികരിച്ചുകണ്ടില്ല. ഇപ്പോഴിതാ തന്റെ തീരുമാനത്തിന്റെ കാരണം താരം വെളിപ്പെടുത്തിയിരിക്കുന്നു. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നുപറച്ചിൽ–

‘ടിവി ആളുകൾക്കിടയിൽ ശക്തമായ മാധ്യമം ആണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ നമ്മൾ അവിടെ എത്തിപ്പെടുമ്പോളാണ് അതിന്റെ യഥാർഥ ശക്തി മനസ്സിലാകുന്നത്. സിനിമ പോലെയേ അല്ല ടിവി. മുത്തശ്ശി മുതൽ കൊച്ചുകുട്ടികൾ വരെ ഇത് കാണുന്നുണ്ട്. സിനിമയിലാണെങ്കിൽ റേറ്റിങ് ഉണ്ട്. ടിവിയിൽ അങ്ങനെയെല്ല. നമ്മൾ ഒരാളെ വീട്ടിലേക്ക് ക്ഷണിക്കുന്നതുപോലെയാണ് ടിവി പരിപാടികൾ.’

നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞാന്‍ ആ  റിസ്‌ക് ഏറ്റെടുത്തതാണ്. എനിക്ക് അതില്‍ ഒരു കുറ്റബോധവുമില്ല. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് സാധിച്ചു. ആ പതിനാറ് പേരെ മറ്റാരേക്കാളും നന്നായി എനിക്കറിയാം. അവരുടെ വികാരങ്ങള്‍, മൂല്യങ്ങള്‍, കുടുംബം ഇതെല്ലാം എനിക്ക് കണക്കിലെടുക്കേണ്ടതായി വന്നു. ഇന്നയാളെ എന്തുകൊണ്ട് തിരഞ്ഞെടുത്തില്ല എന്ന ചോദ്യങ്ങള്‍ ഉണ്ടായേക്കാം. പക്ഷേ അതിന് പുറകില്‍ വേറെയും ഒരുപാടു കഥകളുണ്ട്..

‘ഒരുപാട് പേരെ കണ്ട് അവരെ പരിചയപ്പെട്ടതിന് ശേഷമേ ഈ പതിനാറുപേരെ എനിക്ക് മനസ്സിലാക്കാന്‍ കഴിയൂ. നമ്മള്‍ തമാശയ്‌ക്കെന്തെങ്കിലും ചെയ്താല്‍ തന്നെ മറ്റുള്ളവരോട് ഇടപഴകുമ്പോഴാണ് അതിന്റെ സീരിയസ്‌നെസ്സ് നമുക്ക് മനസിലാവുക. മാത്രമല്ല ഞാന്‍ എന്ത് തീരുമാനമെടുത്താലും അത് എന്നെ മാത്രം തൃപ്തിപ്പെടുത്തിയാല്‍ പോരാ വേറെ കുറച്ച് പേരെയും തൃപ്തിപ്പെടുത്തേണ്ടതായിരിക്കണം. അതുകൊണ്ട് എനിക്ക് മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കണം. അങ്ങനെ എല്ലാം ചിന്തിച്ചു കൊണ്ടുള്ള ഒരു തീരുമാനമാണ് ഞാന്‍ എടുത്തത്. പക്ഷെ ഇതൊന്നും അറിയാത്ത ആളുകൾക്ക്, എന്തിന് ഇയാള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തു ആരെയെങ്കിലും തിരഞ്ഞെടുത്തുകൂടായിരുന്നോ എന്നൊക്കെ ചിന്തിക്കാന്‍ തോന്നും. പക്ഷേ, എനിക്ക് ഇത് അതിനെല്ലാം അപ്പുറമാണ്. ആ വ്യക്തികളുമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് എന്റെ തീരുമാനത്തേക്കാള്‍ വലുത്.’

‘നമ്മള്‍ ഒരു ഷോ ചെയ്യുന്നു, അതിലെ മത്സരാര്‍ഥികള്‍ അത് അബര്‍നദിയോ സീതാലക്ഷ്മിയോ സൂസാന്നയോ ആരുമായിക്കൊള്ളട്ടെ അവര്‍ക്കെല്ലാം ഒരു ജീവിതമുണ്ട്. നമ്മള്‍ എന്തെങ്കിലും കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്നും നമുക്കെന്തെങ്കിലും ലഭിക്കണം. ഞാന്‍ മാത്രം അതില്‍ നിന്ന് എന്തെങ്കിലും നേടിയെടുത്താല്‍ പോര. ആ ഷോയിലേക്ക് അവര്‍ വന്നത് തന്നെ വലിയൊരു തീരുമാനമാണ്. മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ അങ്ങനെ ചെയ്യാനാകൂ. ഞാന്‍ അത് ബഹുമാനിക്കണം. എന്നിലുള്ള  വിശ്വാസത്തിന്റെ പുറത്താണ് അവര്‍ അതിലേക്ക് വന്നത്. കാരണം അവർക്ക് എന്നെ മാത്രമേ അറിയൂ, അവരെ ആരെയും എനിക്കും അറിയില്ല. അതിനെ ഞാന്‍ ബഹുമാനിക്കണം. അതിനെ ഞാന്‍ ബഹുമാനിക്കണം. മാത്രമല്ല അവര്‍ക്ക് മോശമായതൊന്നും ഉണ്ടാകില്ല എന്ന് ഞാന്‍ ഉറപ്പു വരുത്തണം. അങ്ങനെ ചിന്തിച്ചിട്ടാണ് ഞാന്‍ ഓരോന്നും ചെയ്തത്.  ഇപ്പോള്‍ അവരെ ആളുകള്‍ തിരിച്ചറിയുന്നു, അവര്‍ക്ക് എന്തെങ്കിലുമൊക്കെ ഉയര്‍ച്ചകള്‍ സംഭവിക്കുന്നു അതിലൊക്കെ ഞാന്‍ വളരെയധികം സന്തോഷിക്കുന്നുണ്ട്’. 

കാരണം അവരെ അഭിനന്ദിക്കുന്ന രീതിയിലാണ് ഞാൻ ആ ഷോ പൂർണമായും കൈകാര്യം ചെയ്തത്. അവരെ ചൂഷണം ചെയ്യാൻ പാടില്ല, വേദനിപ്പിക്കാൻ പാടില്ല വളരെ വൈകാരികമായ രീതിയിലാണ് എപ്പിസോഡുകൾ കടന്നുപോയത്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ഒരുപാടുണ്ട്. പെട്ടന്ന് തന്നെ ഇവർ സെലിബ്രിറ്റികളായി തീരുന്നു, അവർ മാനസികമായി തളരാതെ നോക്കണം, അവരുടെ മാതാപിതാക്കളെ നോക്കണം. പ്രേക്ഷകര്‍ക്ക് പുറത്ത് നിന്ന് നോക്കുമ്പോൾ അത് വെറും ഷോ ആയിരിക്കാം. പക്ഷെ അതിന് പിറകിലും ഇതുപോലെ ഒരുപാട് കാര്യങ്ങളുണ്ട്.

റിയാലിറ്റി ഷോയില്‍ വ്യത്യസ്തകളാണ് ഇന്നുള്ള പ്രേക്ഷകർ ആഗ്രഹിക്കുന്നത്. എന്തെങ്കിലും പുതുമ വേണം. ടിവിയിൽ പുതുമകൾ വരാത്തതുകൊണ്ടാണ് ആളുകൾ വെബ്സീരിസുകളിലേക്ക് പോകുന്നത്.’–ആര്യ പറഞ്ഞു.