Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്ക് ആത്മഹത്യ ചെയ്യാൻ വയ്യ: ചാർമിള

charmila-6

ഒരുകാലത്ത് മലയാളത്തിന്റെ നായികാ വസന്തമായിരുന്നു നടി ചാർമിള. ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവരവു നടത്തിയെങ്കിലും പ്രതീക്ഷിച്ചത്ര വേഷങ്ങളൊന്നും അവരെ തേടിയെത്തിയില്ല. സിനിമയിൽ തിളങ്ങിനിന്ന കാലത്ത് സമ്പാദിച്ചതൊക്കെ തന്റെ ആർഭാട ജീവിതവും ദാമ്പത്യത്തിലെ തിരിച്ചടികളും മൂലം നഷ്മായെന്നും ഇപ്പോൾ ജീവിക്കാൻ കഷ്ടപ്പെടുകയാണെന്നും ചാർമിള മലയാളത്തിലെ ഒരു സിനിമാ മാസികയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. 

പക്ഷേ ഇന്നെനിക്ക് അതിനാവില്ല. കിടപ്പായ അമ്മയും മകനുമുണ്ട്. അവരെ പട്ടിണിക്കിടാന്‍ എനിക്കാവില്ല, ചാർമിള തുറന്നു പറയുന്നു. തന്റെ മകനെ പഠിപ്പിക്കുന്നത് തമിഴ് സിനിമാ സംഘടനയാണ്. തനിക്ക് ജീവിക്കാന്‍ സിനിമയിൽ അവരങ്ങൾ ലഭിച്ചേ മതിയാകൂ എന്നും അവർ പറയുന്നു. ചാർമിളയുടെ വാക്കുകൾ ഇങ്ങനെ.

സിനിമയില്‍ സജീവമായിരുന്ന കാലത്ത് താന്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്ന് പറയുന്നു ചാര്‍മിള. "അന്ന് ഒരു സിനിമയുടെ പ്രതിഫലം കിട്ടിയാല്‍ ഏതെങ്കിലും വിദേശരാജ്യത്തേക്ക് പോകും. പണം ചെലവാക്കും." ദാമ്പത്യജീവിതത്തിലുണ്ടായ തിരിച്ചടികള്‍ എക്കാലവും തന്നോടൊപ്പമുണ്ടായിരുന്നെന്നും പറയുന്നു അവര്‍. "ഓരോ ഘട്ടത്തിലും ഞാന്‍ തിരിച്ചുവന്നു. പക്ഷേ രാജേഷുമായുണ്ടായ വിവാഹം എന്നെ തകര്‍ത്തു കളഞ്ഞു. അയാള്‍ക്കുവേണ്ടി സ്വന്തം വീടും സ്ഥലവും വരെ വില്‍ക്കേണ്ടിവന്നു. അതെന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. എന്‍റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങി."

"ഒരുകാലത്ത് കോണ്ടിനെന്‍റല്‍ ആഹാരമാണ് രുചിച്ച് ശീലിച്ചത്. ഇന്ന് അരിയാഹാരത്തോട് പൊരുത്തപ്പട്ടിരിക്കുന്നു. രാത്രിയിലും എന്‍റെ മകന് അരിയാഹാരമാണ് നല്‍കുന്നത്. എനിക്ക് സംഭവിച്ചത് അവനുണ്ടാവരുത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവന്‍ വളരട്ടെ. പക്ഷേ അവന്‍റെ പഠിപ്പ് മുടക്കാനാവില്ല." കഴിഞ്ഞ വര്‍ഷം വരെ മകന്‍റെ പഠനച്ചെലവുകള്‍ വഹിച്ചത് നടന്‍ വിശാലായിരുന്നെന്നും പറയുന്നു ചാര്‍മിള.

ഒരുകാലത്ത് ജോലിയില്‍ ശ്രദ്ധിക്കാതിരുന്ന കാലത്തും തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ആരും വിളിക്കുന്നില്ലെന്ന് പറയുന്നു അവര്‍. "ഇന്ന് ഒരു പ്രശ്നങ്ങളിലും പെടാതെ ജോലിയില്‍ ശ്രദ്ധിക്കുന്നു. എന്നിട്ടും എന്നെ ആരും വിളിക്കുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ പോലും. അവര്‍ക്കറിയില്ല്ലലോ എന്‍റെ നിസ്സഹായാവസ്ഥ. ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ, ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ.." ചാര്‍മിള അവസാനിപ്പിക്കുന്നു.