മമ്മൂട്ടിയും ദിലീപുമില്ല; അമ്മയുടെ പുതിയ സാരഥികൾ ഇവർ

കൊച്ചി∙ താരസംഘടയായ ‘അമ്മ’യുടെ പ്രസിഡന്റ് ഇനി മോഹൻ ലാൽ. ഇന്നസന്റ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് മോഹൻ ലാൽ ഇനി ‘അമ്മ’യെ നയിക്കുക. സെക്രട്ടറിയായിരുന്ന ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുയർന്നു. ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാർ. സെക്രട്ടറിയായി സിദ്ദീഖിനെയും ട്രഷററായി ജഗദീഷിനെയും തിരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിലാണു തീരുമാനം.

എംപിയായ സാഹചര്യത്തിൽ പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിലുള്ള സംഘടനാ മികവും തന്നെ ലോക്സഭാ സ്ഥാനാർഥിയാക്കിയപ്പോൾ പാർട്ടിയുടെ മനസ്സിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എംപിയായപ്പോഴും ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തിരുന്നതിന്റെ ഗുണം ലഭിച്ചിരുന്നു. സംഘടനാ മികവാണ് അതിൽ പ്രധാനം. ഇതൊന്നും മറക്കാനാകില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി. 

പുതിയ സാരഥികള്‍

പ്രസിഡന്റ്- മോഹന്‍ലാല്‍ 

സെക്രട്ടറി- സിദ്ദിഖ് 

വൈസ് സെക്രട്ടറി- മുകേഷ്, ഗണേഷ് കുമാര്‍ 

ജനറല്‍ സെക്രട്ടറി- ഇടവേള ബാബു 

ട്രഷറര്‍- ജഗദീഷ് 

എക്‌സീക്യൂട്ടിവ് അംഗങ്ങൾ: ഇന്ദ്രന്‍സ്, ബാബുരാജ്, ആസിഫ് അലി, ഹണി റോസ്, അജു വര്‍ഗീസ്, ജയസൂര്യ, രചന നാരായണന്‍കുട്ടി, ശ്വേത മേനോന്‍, മുത്തുമണി, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍. 460 അംഗങ്ങളുള്ള അമ്മയെ 2018 മുതല്‍ 2021 വരെ നയിക്കുന്നത് ഇവരായിരിക്കും.

സംഘടനയുടെ ചരിത്രത്തിലാദ്യമായി മാധ്യമങ്ങൾക്കു പ്രവേശനം നിഷേധിച്ചാണു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമ്മേളനം ചേർന്നത്. പതിവു പത്രസമ്മേളനവും ഒഴിവാക്കി. പകരം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ഉൾപ്പെടെയുള്ള സമ്മേളന നടപടികൾ ഫെയ്സ്ബുക് വഴി തൽസമയം കാണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ‘അമ്മ’യുടെ ഔദ്യോഗിക പേജിൽ യോഗത്തിന്റെ ചില വിഡിയോകളും ഷെയർ ചെയ്തിരുന്നു.

പഴയ അംഗങ്ങള്‍ 

2015 ലായിരുന്നു ഇതിന് മുന്‍പ് അമ്മയില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നത്. വര്‍ഷങ്ങളായി തുടരുന്ന പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് തന്നെയായിരുന്നു. മോഹന്‍ലാല്‍ വൈസ് പ്രസിഡന്റ്, മമ്മൂട്ടി ജനറല്‍ സെക്രട്ടറി, ഇടവേള ബാബു സെക്രട്ടറി, ദിലീപ് ട്രഷറര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, രമ്യ നമ്പീശന്‍, മുകേഷ്, ദേവന്‍, മണിയന്‍പിള്ള രാജു, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷം അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയായിരുന്നു. ഇത്തവണ ആ സ്ഥാനത്ത് നിന്നും മമ്മൂട്ടി മാറിയിരിക്കുകയാണ്. മുന്‍പ് സെക്രട്ടറിയായിരുന്ന ഇടവേള ബാബുവാണ് ഇനി മുതല്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുന്നത്.