താരസംഘടനയായ അമ്മയിൽ നിന്നും രാജിവെച്ചത് ദിലീപിനെ തിരിച്ചെടുത്തതുകൊണ്ടല്ലെന്ന് നടി ഭാവന. ദിലീപിനെതിരെ ഇതിന് മുമ്പും പരാതിപ്പെട്ടപ്പോൾ സംഘടന ഒരു നടപടിയും എടുത്തിരുന്നില്ലെന്നും ഇത്രയും മോശപ്പെട്ട അനുഭവം തനിക്കുണ്ടായിട്ടും അവർ വീണ്ടും നടനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നടി പറയുന്നു.
ഭാവനയുടെ പ്രതികരണം– അമ്മ എന്ന സംഘടനയിൽ നിന്ന് ഞാൻ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുമ്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തിൽ ഈയിടെ ഉണ്ടായപ്പോൾ , ഞാൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വെക്കുന്നു. എന്ന് ഭാവന.
ഭാവനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് റിമ കല്ലിങ്കൽ, ഗീതുമോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരും അമ്മയില്‍ നിന്ന് രാജിവെച്ചു.