ഞാന്‍ പ്രകാശന്‍; സത്യൻ അന്തിക്കാട്–ഫഹദ് ചിത്രം തുടങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 'ഞാന്‍ പ്രകാശന്‍' എന്നാണ് ചിത്രത്തിന്റെ പേര്. സത്യൻ അന്തിക്കാട് തന്നെയാണ് പേരിന്റെ കാര്യം സ്ഥിരീകരിച്ചത്. നിഖില വിമൽ ആണ് ചിത്രത്തിൽ നായിക.

ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സത്യൻ അന്തിക്കാട് എഴുതിയ കുറിപ്പ്–

‘പ്രകാശനും സലോമിയും ഗോപാൽജിയുമൊക്കെ ഇത്രയും ദിവസം മനസ്സിലും കടലാസ്സിലും മാത്രമായിരുന്നു. ഇന്നു മുതൽ അവർക്ക് ജീവൻ വെച്ചു തുടങ്ങുകയാണ്. 

എസ് കുമാറിന്റെ ക്യാമറയ്ക്ക് മുന്നിൽ പ്രകാശനായി ഫഹദ് ഫാസിലും സലോമിയായി നിഖില വിമലും ഗോപാൽജിയായി ശ്രീനിവാസനും വന്നു. പ്രകാശനാണ് ഈ കഥയുടെ ജീവൻ. നമുക്ക് ചുറ്റും നമ്മൾ എന്നും കാണുന്ന ഒരു ടിപ്പിക്കൽ മലയാളി യുവാവ്.

ഗസറ്റിൽ പരസ്യം ചെയ്ത് പ്രകാശൻ തന്റെ പേര് 'പി.ആർ.ആകാശ് ' എന്ന് പരിഷ്കരിച്ചിരുന്നു. ഞങ്ങൾ പക്ഷേ ഗസറ്റിനെയൊന്നും ആശ്രയിക്കുന്നില്ല. സിനിമയ്ക്ക് "ഞാൻ പ്രകാശൻ" എന്ന് പേരിടുന്നു.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമിക്കുന്ന ഈ ചിത്രത്തിലെ രംഗങ്ങൾ ഇനി ക്യാമറയിൽ പതിഞ്ഞു തുടങ്ങുകയാണ്. പതിനാറ് വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ ഒരു സിനിമയൊരുക്കാൻ കഴിയുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഫഹദ് ഫാസിൽ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യവും.

"ഞാൻ പ്രകാശൻ" ഒരു നല്ല അനുഭവമായി മാറ്റാൻ ആത്മാർഥമായി ശ്രമിക്കും എന്നു മാത്രം വാക്ക് തരുന്നു.’