സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാർ ആണെന്നും മോഹൻലാലിനെതിരായ ഹർജിയിൽ ഒപ്പിട്ടിട്ടില്ലെന്നും വ്യക്തമാക്കി ചലച്ചിത്ര അക്കാദമി ചെയര്‍മാൻ കമൽ. പുരസ്കാരചടങ്ങിൽ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് സംവിധായകനും അക്കാദമി ചെയര്‍മാനും കൂടിയായ കമല്‍. ‘ജനറല്‍ കൗണ്‍സില്‍ ആണ് ഈ ഹര്‍ജി നല്‍കിയത്. ഞാനും കൂടി ഭാഗമായ ജനറല്‍ കൗണ്‍സില്‍ ആണിത്. ഈ വിഷയത്തെ കുറിച്ച് പ്രത്യേകമായൊരു ചര്‍ച്ച വന്നിട്ടില്ല. ഞാന്‍ ഈ ഹര്‍ജിയില്‍ ഒപ്പ് ഇട്ടിട്ടുമില്ല.’–കമൽ പറഞ്ഞു.
‘സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും സര്‍ക്കാര്‍ ആണ്. ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ അത് നടപ്പിലാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നമ്മള്‍ അത് ചെയ്യാറുള്ളത്. മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യുകയും സാംസ്‌കാരിക വകുപ്പ് മന്ത്രി പുരസ്‌കാര ദാന ചടങ്ങില്‍ അധ്യക്ഷനായിരിക്കുകയും ചെയ്യും. അതാണ് പതിവ്.’
‘അതായത് ആര് മുഖ്യാതിഥി ആകും എന്ന് ചലച്ചിത്ര അക്കാദമി അല്ല തീരുമാനിക്കുന്നത്. അങ്ങനെയൊരു മുഖ്യാതിഥിയെ പറ്റി ഔദ്യോഗികമായി ഇതുവരെയും അറിയിപ്പ് കിട്ടിയിട്ടില്ലെന്നതാണ് വസ്തുത. ഔദ്യോഗികമായി അങ്ങനെയൊന്നില്ലാത്തതിനാല്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതില്‍ എനിക്ക് സ്ഥിരീകരണം നല്‍കാനാകില്ല’.
‘ഓര്‍ഗനൈസിങ് കമ്മിറ്റി മീറ്റിങ് നടക്കുമ്പോള്‍ സാംസ്‌കാരിക മന്ത്രിയാണ് പറഞ്ഞത് മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുമെന്ന്. ആ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രതിഷേധം. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ളവരാണ് അവര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട്. ആ പ്രതിഷേധം വേണ്ടപ്പെട്ടവരെ അറിയിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ എന്റെ തീരുമാനം.’
‘ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് എങ്ങനെ നടത്തണം എന്ന് ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും ഇതുവരെയും ഒരു ധാരണയില്‍ എത്തിയിട്ടില്ലെന്നതാണ് വാസ്തവം. കാരണം, കഴിഞ്ഞ രണ്ടു പ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആഘോഷമായി, വലിയ താരനിരയുടെ സാനിധ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.’
‘അവാര്‍ഡ് ജേതാക്കളെ കൂടാതെ മുതിര്‍ന്ന പല താരങ്ങളും പങ്കെടുക്കുകയുണ്ടായി, വേദിയില്‍ ചില പരിപാടികളും അരങ്ങേറി. അതിന്റെ തുടര്‍ച്ചയാകണം ഇത്തവണത്തേത് എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ആഗ്രഹിക്കുന്നത്. എന്നാല്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് അതിനോട് യോജിപ്പില്ല.’
‘അവാര്‍ഡ് ജേതാക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ലളിതമായൊരു ചടങ്ങ് മതിയെന്നാണ് അവരുചെ അഭിപ്രായം. എന്നാല്‍ മാത്രമേ അത്തരമൊരു പുരസ്‌കാരത്തിനും പുരസ്‌കാര ദാന ചടങ്ങിനും പ്രൗഢിയുണ്ടാകൂ എന്ന് അവര്‍ കരുതുന്നു. വ്യക്തിപരമായി എനിക്കും അതുതന്നെയാണ് അഭിപ്രായമെങ്കിലും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് സര്‍്കകാരിനൊപ്പം നില്‍ക്കാനേ സാധിക്കൂ.’-കമല്‍ പറഞ്ഞു.