സിനിമ ആസ്വാദകർക്ക് മനോഹരമായ ഒരു ദൃശ്യവിരുന്ന് തന്നെയാണ് കായംകുളം കൊച്ചുണ്ണിയിലൂടെ ഒരുക്കിയിരിക്കുന്നത്. കാലഘട്ടങ്ങൾ പിന്നോട്ട് പോകുമ്പോൾ ലഭിക്കുന്ന മനോഹരമായ കാഴ്‌ചകൾ ഒപ്പിയെടുത്തത് മൂന്ന് പേരാണ്. ബിനോദ് പ്രധാൻ, നീരവ് ഷാ, സുധീർ പൽസാനെ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
161 ദിവസങ്ങൾ നീണ്ട് നിന്ന ചിത്രീകരണത്തിൽ 110 ദിവസവും ബിനോദ് പ്രധാൻ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ്, നായകൻ നിവിൻ പോളി എന്നിവർക്കുണ്ടായ അപകടവും അപ്രതീക്ഷിതമായ മറ്റു പല കാരണങ്ങൾ കൊണ്ടും ഷൂട്ടിങ് നീണ്ടുപോയിരുന്നു.
കരൺ ജോഹറിന്റെ പുതിയ പടത്തിന് വേണ്ടി വർക്ക് ചെയ്യേണ്ടിയിരുന്നതിനാലാണ് ബിനോദ് പ്രധാന് പോകേണ്ടി വന്നത്. പിന്നീടുള്ള 40 ദിവസത്തെ ഷൂട്ടിങ്ങിനായി ക്യാമറ കൈകാര്യം ചെയ്‍തത് നീരവ് ഷായും ടീമുമാണ്. ശങ്കർ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ ഛായാഗ്രാഹകൻ കൂടിയാണ് നീരവ് ഷാ.
അവസാന 11 ദിവസത്തോളം ഷൂട്ട് ചെയ്തത് മറാത്തി ഛായാഗ്രാഹകനായ സുധീർ പൽസാനെയാണ്.
മൂവരുമൊന്നിച്ചുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളെ കുറിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വാക്കുകളിലൂടെ...
‘‘മിഷൻ കാശ്മീർ, പരീന്ദേ, ദേവദാസ്, ഭാഗ് മിൽഖാ ഭാഗ് തുടങ്ങിയ ചിത്രങ്ങളെല്ലാം കണ്ടതിന് ശേഷം ബിനോദ് പ്രധാൻ സാറിന്റെ കൂടെ വർക്ക് ചെയ്യണമെന്നുള്ളത് വലിയൊരു സ്വപ്നമായിരുന്നു. അദ്ദേഹത്തെ എന്റെ സിനിമകൾ കാണിക്കുകയും കായംകുളം കൊച്ചുണ്ണിയുടെ കഥ പറഞ്ഞു കൊടുക്കുകയും ചെയ്തതിന് ശേഷമാണ് അദ്ദേഹം ചിത്രത്തിനായി വർക്ക് ചെയ്തത്.’’
‘‘വളരെ കംഫർട്ടബിളായിട്ടുള്ള ഒരു ഛായാഗ്രാഹകനാണ് അദ്ദേഹം. സംവിധായകന് എന്താണ് വേണ്ടതെന്ന് കൂടെ നിന്ന് സംസാരിച്ച് മനസ്സിലാക്കുകയും യാതൊരു ഈഗോയും ഇല്ലാതെ അത് ചെയ്ത് തരികയും ചെയ്യുന്ന വ്യക്തി. ഇന്നേവരെ ഞാൻ വർക്ക് ചെയ്തിട്ടുള്ളവരിൽ ഏറ്റവും മികച്ച ഛായാഗ്രാഹകൻ എന്ന് തന്നെ പറയാം. വളരെ രസകരമായ നിമിഷങ്ങളാണ് അദ്ദേഹത്തിനൊപ്പം ചിലവഴിച്ചത്. സെറ്റിലെ ബർത്ത്ഡേ ആഘോഷങ്ങൾക്ക് ഞങ്ങളുടെ ഒപ്പം ഡാൻസ് ചെയ്യാനുമെല്ലാം അദ്ദേഹം കൂടി.’’
‘‘ബിനോദ് പ്രധാന്റെ ഏറ്റവും വലിയ പ്രത്യേകത എനിക്ക് വേണ്ട ആങ്കിളുകളും സംഗതികളും ശ്രദ്ധയോടെ കേട്ട് അത് കൃത്യമായി തന്നെ തയ്യാറാക്കിത്തരും എന്നുള്ളതാണ്. അദ്ദേഹത്തിന്റെ മുഴുവൻ ടീമും അങ്ങനെ തന്നെയാണ്. പിന്നീട് വളരെ വിഷമത്തോടെ തന്നെയാണ് അദ്ദേഹം കരൺ ജോഹറിന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോയത്. എന്റെയും നിവിന്റെയും ആക്‌സിഡന്റും മറ്റു പല കാരണങ്ങളാലും ചിത്രം നീണ്ടു പോവുകയും കരൺ ജോഹറിന്റെ ചിത്രം കമ്മിറ്റഡ് ആയതും കൊണ്ടാണ് അദ്ദേഹത്തിന് പോകേണ്ടി വന്നത്.’’
‘‘ചിത്രത്തിന്റെ ക്ലൈമാക്സും ഗോവയിലെ രംഗങ്ങളും ചിത്രീകരിക്കുവാൻ വേണ്ടിയാണ് നീരവ് ഷായും ടീമും വരുന്നത്. നീരവ് ഷാ രസകരനായ ഒരു സന്യാസിയാണ്. യോഗയും മറ്റും ചെയ്യുന്ന അദ്ദേഹത്തിനോട് കൂടുതൽ സംസാരിച്ചിരുന്നത് അത്തരം കാര്യങ്ങൾ തന്നെയായിരുന്നു. മുംബൈ പോലീസിന്റെ വലിയൊരു ആരാധകൻ കൂടിയാണ് അദ്ദേഹം’’.
ഏകദേശം 40 ദിവസത്തോളം അദ്ദേഹത്തിനും ടീമിനുമൊപ്പം വർക്ക് ചെയ്തു. അതു കഴിഞ്ഞിട്ടാണ് എന്റെ അടുത്ത സുഹൃത്തായ സുധീർ പൽസാനെ ചിത്രത്തിൽ ജോയിൻ ചെയ്യുന്നത്. ശ്രീലങ്കയിലെ രംഗങ്ങളാണ് സുധീർ ചിത്രീകരിച്ചത്. സുധീറും നീരവ് ഷായും ചേർന്നാണ് ക്ലൈമാക്സ് ഷൂട്ട് ചെയ്തത്. ഈ മൂന്നുപേരും ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചെങ്കിലും ഷൂട്ടിങ്ങിന് മുന്നേ തന്നെ എന്ത് എവിടെ എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നതിനാൽ മൂന്ന് പേർ ചെയ്തതിന്റെ ഒരു വ്യത്യാസം ഒരിക്കലും അനുഭവപ്പെടില്ല.’’
ചിത്രത്തിന്റെ കളറിങ്ങ് നടത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്‌ഥതയിലുള്ള റെഡ് ചില്ലീസിലാണ്. ഡി.ഐ ചെയ്ത കെന്നിനൊപ്പം വർക്ക് ചെയ്യണമെന്നുള്ളത് വലിയൊരു ആഗ്രഹമായിരുന്നു. ബിനോദ് പ്രധാനും ഞാനും കൂടി പ്രൊഡക്ഷൻ വിങ്ങിനെ പറഞ്ഞു വ്യക്തമാക്കിയിട്ടാണ് കെന്നിനെ തന്നെ വെച്ച് ഡി.ഐ ചെയ്തത്. ഇതിന് എല്ല സഹായവും സഹകരണവും തന്ന ഗോകുലം ഫിലിംസിന് ഒരുപാട് നന്ദി.
റെഡ് ചില്ലീസ് പോലൊരു വലിയ കമ്പനിയിൽ കെന്നിനും അദ്ദേഹത്തിന്റെ ഉപകരണങ്ങൾക്കുമൊപ്പം നാലു ദിവസം ചിലവഴിക്കുവാൻ സാധിച്ചത് വലിയൊരു അനുഭവമാണ്. ഒരു ഷോട്ട് പറഞ്ഞാൽ അത് ഒരു അഴകായി മാറ്റിത്തരുന്ന സാഗറാണ് ചിത്രത്തിന്റെ ജിബ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ജിബ് ഓപ്പറേറ്റർമാരിൽ ഒരാളാണ് അദ്ദേഹം.
മുംബൈ പൊലീസിലെ ഏറ്റവുമധികം കൈയ്യടി നേടിയ പൃഥ്വിരാജ് സിഗരറ്റ് വാങ്ങാൻ സ്ട്രീറ്റിലൂടെ പോകുന്ന ഒറ്റഷോട്ടിലുള്ള സീൻ തയ്യാറാക്കിയ ബാല തന്നെയാണ് കായംകുളം കൊച്ചുണ്ണിയടക്കം എന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും സ്റ്റെഡി ക്യാം ഓപ്പറേറ്റർ.
ഏകദേശം 150 ദിവസത്തോളം പൂർണമായും ബാല, കായംകുളം കൊച്ചുണ്ണിക്കായി വർക്ക് ചെയ്തിട്ടുണ്ട്. ബാലക്കും സാഗറിനും പ്രത്യേകം നന്ദി പറയുന്നു. പാന്തർ, ഹെലി ക്യാം, ഫാന്റം ക്യാം എന്നിങ്ങനെ ഒരു സിനിമക്ക് വേണ്ടതായിട്ടുള്ള ഒട്ടു മിക്ക ഉപകരണങ്ങളും ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
കായംകുളം കൊച്ചുണ്ണിക്ക് മാത്രമായി ബിനോദ് സാർ ഷോർട്ട് സൂം ലെൻസ് എന്നൊരു ലെൻസ് വാങ്ങിച്ചു. ചിത്രത്തിന് അത് അത്യാവശ്യമാണെന്ന് അറിയാവുന്നത് കൊണ്ടാണ് അത്തരത്തിൽ ഒരു ലെൻസ് വാങ്ങിയത്. അങ്ങനെ എല്ലാത്തരത്തിലും ഒരു വിഷ്വൽ ട്രീറ്റ് തന്നെ ഒരുക്കാനാണ് ഞങ്ങൾ പ്രവർത്തിച്ചിരിക്കുന്നത്.’’