‘ലൂസിഫർ’ സെറ്റിൽ ടെൻഷനടിച്ച് പൃഥ്വിരാജ്

ലൂസിഫർ ലൊക്കേഷനിലെ പൃഥ്വിയുടെ ഒരു ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത്. സെറ്റിൽ ചിത്രീകരണത്തിനിടെ തലയിൽ കൈ വച്ച് പോകുന്ന ചിത്രമാണ് ഇതിന് കാരണം. െടൻഷൻ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെൻഷൻ വന്നില്ലെങ്കിലേ  അത്ഭുതമൊള്ളൂ എന്ന് മറ്റു ചിലരും.

‘സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെൻഷൻ’, ‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ?’ അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്.

ലൂസിഫർ എന്ന പ്രോജക്ട് പ്രഖ്യാപിച്ചത് മുതൽ ആരാധകർ ആവേശത്തിലാണ്. മോഹൻലാൽ നായകനാകുന്ന പൃഥ്വിരാജ് ചിത്രം. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമെന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകൾ ഏറെ. 

അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂൾ പൂർത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

പൃഥ്വിയുടെ സംവിധാന മികവിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരും സന്തുഷ്ടനാണ്. പരിചയസമ്പന്നനായ സംവിധായകന്റെ അവതരണ ശൈലിയാണ് പൃഥ്വിയുടേതെന്നാണ് ലൊക്കേഷനിൽ നിന്നുളള റിപ്പോർട്ടുകൾ.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ.

മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്.