പ്രളയദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് കരകയറിയതിന്റെ സന്തോഷത്തിലാണ് കലാഭവൻ മണിയുടെ ഭാര്യയും മകളും. കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ വീട്ടിൽ അകപ്പെട്ട് കിടയ്ക്കുകയായിരുന്നു. ദുരിതാനുഭവം പങ്കുവച്ച് മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും.
വെള്ളപ്പൊക്കത്തിൽ പെട്ട വീട്ടിൽ നിന്നും രക്ഷപ്പെട്ട സന്തോഷവും അനുഭവവും
‘ആദ്യ ദിവസം റോഡിൽ ഒട്ടുംതന്നെ കയറിയിട്ടില്ലായിരുന്നു. മാത്രമല്ല ഇത്രയും വലിയ ദുരന്തം വരുമെന്ന് ചിന്തിച്ചുമില്ല. രാത്രിയായപ്പോള്‍ വീട്ടിനുള്ളിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങി. കയ്യിൽ ഉള്ള അത്യാവശ്യ വസ്തുക്കളുമായി ഞങ്ങൾ എല്ലാവരും മുകളിലെ നിലയിലേയ്ക്ക് കയറി. പക്ഷേ വെള്ളം ഒന്നും എടുക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.’
‘വെള്ളവും ഭക്ഷണവും ഇല്ലാതെ മൂന്നുദിവസം അങ്ങനെ കഴിയേണ്ടിവന്നു. വീടിന്റെ രണ്ടാം നില വരെയും വെള്ളം കയറി. െടറസ്സിലെ സൺ ഷെയ്ഡിലാണ് താമസിച്ചത്. അവസാനം ബോട്ടിലെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഒരുപാട്പേർ ഇതിനിടെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ അവസരത്തിൽ ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി.’–നിമ്മി പറഞ്ഞു.
ഇതിനിടെ കലാഭവന്‍ മണി നിർമിച്ച കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മണിയുടെ സഹോദരനും നര്‍ത്തകനും അഭിനേതാവുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളുണ്ടായെന്ന് രാമകൃഷ്ണൻ പിന്നീട് പറയുകയുണ്ടായി.
ചാലക്കുടിയിലെ കലാഗ്രഹത്തില്‍ കുട്ടികളടക്കം പതിനേഴു പേരാണ് മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് കരകയറിയതെന്നു ആര്‍.എല്‍വി രാമകൃഷ്ണന്‍ പറയുന്നു. പേരാമ്പ്ര സെന്‍റ് ആന്‍റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് അദ്ദേഹം. കയ്പമംഗലത്ത് നിന്ന് മീന്‍പിടിത്തക്കാര്‍ വന്നാണ് രാമകൃഷ്ണനെയും സംഘത്തെയും രക്ഷിച്ചത്.
‘മരണം എന്നത് ഞങ്ങള്‍ മുന്നില്‍ കണ്ട കാഴ്ചയാണ്. ഡാമുകള്‍ തുറക്കുമെന്നും ഇത്രമാത്രം വെള്ളം ഉയരുമെന്നും ഉള്ള കൃത്യമായ വിവരങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഒരൂഹം വച്ച് ഇത്ര വെള്ളം ഉയരും എന്ന് കണക്കുകൂട്ടിയാണ് രണ്ടും മൂന്നും നിലകളുള്ള വീടുകളില്‍ കഴിച്ചു കൂട്ടിയത്. ചാലക്കുടിപ്പുഴ കര കയറി വരുന്നത് ഏതാണ്ട് എത്ര വരുമെന്ന് നമുക്കറിയാം. ഇത് അതിലും മീതെ ഭയങ്കര തള്ളിച്ചയില്‍ ഒഴുക്കോടു കൂടിയ ശക്തമായ പ്രവാഹമായിരുന്നു.’–രാമകൃഷ്ണൻ പറഞ്ഞു.
കലാഗ്രഹത്തില്‍ ഞങ്ങള്‍ 17 അംഗങ്ങള്‍ ആണ് ഉണ്ടായിരുന്നത്. അതുപോലെ മറ്റു പല വീട്ടുകളിലും രണ്ടാം നിലയില്‍ കയറി നില്‍ക്കുന്നവര്‍ ഉണ്ടായിരുന്നു. ചാലക്കുടിക്കടുത്ത് സെന്‍റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമിയില്‍ ഏകദേശം 170 ഓളം കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. ആ കെട്ടിടവും ഞങ്ങളുടെ കലാഗൃഹവുമെല്ലാം വെള്ളം കൊണ്ട് പോകുമോ എന്ന ഭയപ്പാടിലായിരുന്നു. പേടിച്ചിട്ട് കണ്ണടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
ഒരു പാക്കറ്റ് ബിസ്‌ക്കറ്റിനും വെള്ളത്തിനുമായി ഓരോ ഹെലികോപ്റ്റര്‍ വരുമ്പോഴും ഞങ്ങള്‍ നോക്കും. ചുവന്ന നിറമുള്ള മുണ്ട് വരെ വീശികാണിച്ചു. മരിക്കുന്നതിന് മുന്‍പ് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കാമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നുള്ളൂ. ഇത്രയൊന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല അത് കൊണ്ട് തന്നെ വേണ്ടത്ര വെള്ളമോ ഭക്ഷണമോ കരുതാനും ഞങ്ങള്‍ക്കായില്ല. രണ്ടു പകലും ഒരു രാത്രിയുമാണ് ഞങ്ങളവിടെ കുടുങ്ങിയത്. പിന്നീട് കയ്പമംഗലത്ത് നിന്ന് മീന്‍പിടിത്തക്കാര്‍ വന്നാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.’–രാമകൃഷ്ണൻ പറഞ്ഞു.