ദുരിതബാധിതർക്ക് സഹായവുമായി കേരളം ഒന്നടങ്കമാണ് ഒരുമിച്ചെത്തിയത്. മത്സ്യത്തൊഴിലാളികളും സാധാരണക്കാരും സിനിമാതാരങ്ങളുമൊക്കെ ഒരുമയോടെ രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി. അതിലൊന്നായിരുന്നു നടൻ ജാഫർ ഇടുക്കിയുടെ ഫോട്ടോ.
വലിയൊരു അരിച്ചാക്കും ചുമന്നുള്ള താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയത്. കരിമണ്ണൂർ അഭയകേന്ദ്രങ്ങളിൽ ആശ്വാസമെത്തിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. അരി, പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തിക്കാൻ സിപിെഎ എം പ്രവർത്തകർക്കൊപ്പമാണ് ജാഫർ ഇടുക്കി മുൻനിരക്കാരനായത്. ഉടുമ്പന്നൂരിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ‌്റ്റ‌് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിലാണ് ജാഫർ ഇടുക്കി പങ്കെടുത്തത്.
പണവും ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും നൽകിയ അദ്ദേഹം അരിച്ചാക്കുകൾ ചുമന്ന് വാഹനങ്ങളിൽ കയറ്റാനും സഹായിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഉടുമ്പന്നൂർ ആണ് ജാഫർ ഇടുക്കിയുടെ താമസം.