മഹാപ്രളയം ജീവിതത്തതിന് മുന്നിൽ വിലങ്ങ് തടിയായിട്ടും ചിരിക്കാൻ മാത്രമല്ല വേണമെങ്കിൽ ചുവട് വയ്ക്കുമെന്നും തെളിയിച്ച വീട്ടമ്മയെ തേടി സഹായഹസ്തങ്ങൾ. ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ ലോകത്ത് തരംഗമായിരുന്നു, ആസിയ ബീവി എന്ന വീട്ടമ്മ ക്യാംപിൽ സങ്കടമെല്ലാം മറന്ന് നൃത്തം ചെയ്യുന്ന വിഡിയോ. വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ ക്യാംപിലാണ് ആസിയ. തകർന്ന് പോയ മനോധൈര്യം വീണ്ടെടുക്കാൻ ക്യാംപിലെത്തിയ പ്രവർത്തകർ കലാവിരുന്നൊരുക്കി. ജിമ്മിക്കി കമ്മൽ പാട്ടിനൊത്ത് ആസിയ ചുവട് വച്ചതോടെ സിനിമയിൽ നിന്നും ഇൗ വീട്ടമ്മയെ തേടി അവസരമെത്തിയിരിക്കുകയാണ്.
കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് കെ.ബാവക്കുട്ടിയുടെ പുതിയ ചിത്രത്തിലേക്കാണ് ആസിയയെ ക്ഷണിച്ചിരിക്കുന്നത്. വിനായകനാണ് ചിത്രത്തിലെ നായകൻ. ഇക്കാര്യം ഷാനവാസ് ആസിയയെ നേരിട്ട് ഫോണിൽ വിളിച്ചറിയിച്ചു. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ആസിയയ്ക്ക് ഫെയ്സ്ബുക്കിലൂടെ അനുമോദനം അറിയിച്ചിരുന്നു. ജീവിതം വലിയ പ്രതിസന്ധി നേരിടുമ്പോഴും അതിനെയെല്ലാം അതിജീവിക്കാൻ ആസിയയുടെ ഇൗ നൃത്തം കണ്ടാൽ മതിയെന്നാണ് സോഷ്യൽ ലോകത്ത് ചർച്ച.
സ്വന്തമായി വീടുപോലുമില്ലാത്ത ഇൗ കുടുംബം വാടക വീട്ടീലാണ് താമസിച്ചിരുന്നത്. പ്രളയം ഇൗ വീട്ടിലേക്ക് ഇരച്ചുകയറിപ്പോൾ സുഖമില്ലാത്ത ഭർത്താവിനെയും കുഞ്ഞുങ്ങളെയും കൂട്ടിയാണ് ഇൗ അമ്മ ക്യാംപിലേക്ക് എത്തിയത്. തളർന്ന് പോയ കുറേ മുഖങ്ങൾക്ക് അതിജീവനത്തിന്റെ പാഠമായിരുന്നു ആസിയയുടെ ചുവടുകൾ. പ്രളയത്തിന് ശേഷം ജീവിതത്തിലേക്ക് പുതുവെളിച്ചമാകും ഇൗ വെള്ളിത്തിരവെട്ടം എന്നാണ് സോഷ്യൽ ലോകത്തിന്റെ ആശംസ.