കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മലയാള ചിത്രം ബോബി വീണ്ടും റിലീസ് ആകുന്നു. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം അര്‍ഹിച്ച പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.
ഡിവിഡിയും ടൊറന്റുമൊക്കെയായി സിനിമ എത്തുമെന്ന് പ്രതീക്ഷയില്‍ കാത്തിരിക്കുന്ന നിരവധി പ്രേക്ഷകരുണ്ട്. അവര്‍ക്കായാണ് സിനിമ വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. നിരഞ്ജും മിയയുമായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 18നാണ് സുഹ്റ എന്റർടൈമെന്റിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമിച്ച ചിത്രം തീയറ്ററുകളിലെത്തുന്നത്. പ്രണയത്തിന്റെ വ്യത്യസ്ത ഭാവതലങ്ങളുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ നായകൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് ആയിരുന്നു.
കേരളത്തിലെ നൂറോളം സ്ക്രീനുകളിൽ ബോബി റിലീസായെങ്കിലും തൊട്ടടുത്ത ആഴ്ച തമിഴിലെ വമ്പൻ സിനിമയുടെ റിലീസിനു വേണ്ടി ഒട്ടേറെ തിയറ്ററുകളിൽ നിന്ന് ബോബിയെ നിഷ്ക്കരുണം മാറ്റുകയായിരുന്നുവെന്ന് അണിയറപ്രവർത്തകർ പറയുന്നു
തോൽക്കാൻ തയാറാവാതിരുന്ന നിർമാതാവ് ചില തിയറ്ററുകളിൽ ഓണക്കാലത്തും സിനിമ പ്രദർശിപ്പിച്ചു.
തിയറ്ററിൽ വിജയമാകാൻ കഴിയാതിരുന്ന ബോബിയെ ടോറന്റ് ഹിറ്റെന്നും ഡിവിഡി ഹിറ്റെന്നുമൊക്കെയുള്ള പേരുകൾ നൽകാതെ വീണ്ടും റി–റിലീസിനൊരുക്കുകയാണ് നിർമാതാവ് സഗീർ ഹൈദ്രോസ്. നാളെ തൃശൂർ ബിന്ദുവിലും കൊടകര സിറ്റി സിനിമയിലും ബോബി റിലീസ് ചെയ്യും.