സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിനിധികളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയി മാത്യ. കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുവെന്ന് ജോയി മാത്യു കുറിച്ചു. തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭാ സാമാജികര്‍ക്ക് താന്‍ നല്‍കാമെന്നും ജോയി മാത്യു പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
‘ഇന്നലെ നമ്മുടെ നിയമസഭയില്‍ പരിസ്ഥിതി പ്രേമത്തിന്റെ കുത്തൊഴുക്കായിരുന്നല്ലോ. നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ. എല്ലാവരും ഒരേസ്വരത്തില്‍ ഗാഡ്ഗില്‍ ,കസ്തൂരി രംഗന്‍ എന്നൊക്ക വച്ച് കാച്ചുന്നുമുണ്ട് .എന്നാല്‍ ഇവരില്‍ ആരും കൈകൊണ്ട് പോലും തൊട്ടു നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഓരോ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്‍കാന്‍ ഞാന്‍ തയ്യാറാണ് . (ആവശ്യക്കാരന്റെ പേര്‍ ഒരു കാരണവശാലും പുറത്ത് വിടുന്നതല്ല,സത്യം ) നവകേരള സൃഷ്ടിക്കായി നമുക്ക് ഇതൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ ‘.
ദുരിതാശ്വാസ ഫണ്ടിലേക്ക് വരുന്ന തുകയുടെ ചെലവ് കണക്കാക്കാൻ ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്ന മറ്റൊരു വെബ്സൈറ്റ് കൂടി തുടങ്ങണമെന്നും ജോയ് മാത്യു പറയുന്നു.
‘മഹാപ്രളയത്തിൽ നിന്നും നവകേരളം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളത്തിനെ കൈമെയ് മറന്നു സഹായിക്കാൻ ലോകമെമ്പാടുനിന്നും മനുഷ്യസ്നേഹികൾ ദുരിതാശ്വാസ ഫണ്ടിലേക്ക് പണമയക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസനിധിയിൽ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം’.
‘എന്നാൽ ഇങ്ങനെ ജനങ്ങൾ നൽകുന്ന പണം എത്രയാണെന്നും അത് ഏതൊക്കെ രീതിയിൽ ചിലവഴിക്കുന്നു എന്നുമറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള വരവിന്റെ കണക്കുകൾ ഗവൺമെന്റ് വെബ്സൈറ്റിൽ ഇപ്പോൾ ലഭ്യമാണ്. അതുപോലെ നവകേരളത്തിനുവേണ്ടി വരുന്ന ചിലവുകൾ എന്തൊക്കെയാണെന്നും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്’.
‘വകമാറ്റി ചെലവ് ചെയ്യുന്നതിൽ തഴക്കവും പഴക്കവുമുള്ള നമ്മുടെ പാരമ്പര്യം ആവർത്തിക്കാതിരിക്കാൻ , നവകേരള നിർമിതിയിൽ
ഉത്കണ്ഠയുള്ള ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്ന ഒരു വെബ് സൈറ്റ് ആരംഭിക്കുകയാണ് അതിനുള്ള ഏക മാർഗം. കാര്യങ്ങൾ സുതാര്യമാകുമ്പോൾ പ്രവൃത്തിയും ഫലം കാണും . സ്വതന്ത്രമായി കാര്യങ്ങളെ കാണുന്ന ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവമായ ഒരു യുവ തലമുറ ഇവിടെയുണ്ട്, അവർക്ക് വേണ്ടി എങ്കിലും കാര്യങ്ങൾ സുതാര്യമാവണം.’–ജോയ് മാത്യു പറഞ്ഞു.