എന്റെ ജീവനും ഭാഗ്യവുമാണ് അവൾ, എന്നുതൊട്ട് അവൾ ഞങ്ങളുടെ ജീവിതത്തിലെത്തിയോ അന്ന് മുതൽ മലയാളത്തിലും തമിഴിലുമായി കൈനിറയെ ചിത്രങ്ങളാണ് എനിക്ക് ലഭിച്ചത്.–മകൾ അവന്തികയെക്കുറിച്ച് സംസാരിക്കുമ്പോൾ അപ്പാനി ശരത്ത് ആഹ്ലാദകൊടുമുടിയിലാണ്. ഭാര്യ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന സന്തോഷ വാര്‍ത്ത ശരത് തന്നെയാണ് ഇന്നലെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ രാവിലെ പത്തരയോടെ ആയിരുന്നു കുഞ്ഞിന്റെ ജനനം.
കേരളത്തെ പിടിച്ചുലച്ച പ്രളയദുരന്തം നടൻ അപ്പാനി ശരത്തും ജീവിതത്തിൽ മറക്കില്ല. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട, പൂര്‍ണ ഗര്‍ഭിണിയായ, അപ്പാനിയുടെ ഭാര്യയെ രക്ഷാപ്രവർത്തകരാണ് സുരക്ഷിത സ്ഥാനത്തെത്തിക്കുന്നത്. ചെന്നൈയില്‍ ഷൂട്ടിങ്ങിനു പോയ ശരത് നാട്ടില്‍ വരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു.
ആ ദിവസങ്ങൾ ജീവിതത്തിലൊരിക്കലും മറക്കില്ലെന്ന് അപ്പാനി ശരത്ത് പറയുന്നു. ‘സണ്ടക്കോഴി 2 സിനിമയുടെ ഷൂട്ടുമായി മധുരയിലായിരുന്നു. വെള്ളപ്പൊക്കത്തിന് നാല് ദിവസം മുമ്പാണ് ഗര്‍ഭിണിയായ ഭാര്യയെ അവളുടെ വീട്ടിലിരുത്തി ഞാൻ മധുരയിലേയ്ക്ക് പോകുന്നത്. എന്നാൽ പ്രളയം തുടങ്ങുന്ന സമയത്ത് നിരന്തരം ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു.
എന്നാൽ അടുത്ത ദിവസം ഫോൺ ചാർജ് തീരാറായെന്നും ഇവിടെ കറണ്ടില്ലെന്നും അവൾ പറഞ്ഞു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബന്ധു എന്നെ വിളിച്ചു. അവൾക്ക് ചെറിയ ഇൻഫെക്‌ഷൻ തുടങ്ങിയെന്നും എത്രയും പെട്ടന്ന് ഇവിടെ നിന്നും മാറാൻ ശ്രമിക്കുകയാണെന്നും പറഞ്ഞ് ഫോണ്‍വച്ചു. അതിന് ശേഷം ഇവരുടെ ഒരുവിവരവുമില്ല. ആ സമയത്ത് ആരെയും വിളിച്ചിട്ട് കിട്ടുന്നുമില്ല.
മറ്റൊരു സ്ഥലത്ത് ഇരുന്ന് ഇവിടെയുള്ള വാർത്ത കാണുമ്പോൾ ചങ്കിൽ തീ ആയിരുന്നു. കുടുംബം സുരക്ഷിതമാണോ എന്ന ആശങ്ക വേറെയും. അവസാനം ആരെയും കിട്ടുന്നില്ലെന്ന അവസ്ഥ വന്നപ്പോഴാണ് ലൈവ് ചെയ്യാൻ തീരുമാനിച്ചത്.
ആ ലൈവ് വിഡിയോ ചെയ്ത ശേഷമാണ് കുടുംബത്തെക്കുറിച്ച് അറിയാൻ സാധിച്ചത്. ഒരാപത്ത് സമയത്ത് ആരാണ് നമ്മെ രക്ഷിക്കാൻ വരുന്നതെന്ന് പ്രവചിക്കാൻ കഴിയില്ല. ആ ദിവസങ്ങളിൽ എന്റെ കുടുംബത്തെ രക്ഷിച്ചവരോടാണ് നന്ദി അറിയിക്കുന്നത്. എന്റെ സന്തോഷം അവരുമായി പങ്കുവയ്ക്കുന്നു.’–അപ്പാനി ശരത്ത് പറഞ്ഞു.
പ്രളയജലം താണ്ടിയെത്തിയ തന്റെ ജീവന് 'അവന്തിക ശരത്' എന്നാണ് പേരിട്ടിരിക്കുന്നത്. പ്രളയം ഏറ്റവുമധികം ബാധിച്ച ചെങ്ങന്നൂർ വെൺമണിയില്‍ അകപ്പെട്ടുപോയ ഭാര്യയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അപ്പാനി ശരത് ഫെയ്സ്ബുക്ക് ലൈവിൽ വന്ന വിഡിയോ വലിയ ചര്‍ച്ചയായിരുന്നു.