ആദ്യകാലത്ത് കുഞ്ചാക്കോ ബോബന്റെ കടുത്ത ആരാധികയായിരുന്നു കാവ്യ മാധവനെന്ന് ലാൽ ജോസ്. മഴവിൽ മനോരമയുടെ നായികാനായകൻ എന്ന പരിപാടിയിലാണ് ലാൽജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ചന്ദ്രനുദിക്കുന്ന ദിക്കിൽ സിനിമയുടെ സെറ്റിൽവച്ച് ദിലീപ് പേടിപ്പിച്ച കഥയും ലാൽ ജോസ് പറയുകയുണ്ടായി.
ലാൽ ജോസിന്റെ വാക്കുകൾ–
‘ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒൻപതാം ക്ലാസിൽ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഒള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാൻ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊ പറയും എന്ന രീതിയിൽ മുമ്പിൽ ഇരിക്കുകയാണ്.
കാവ്യ ഉടനടി പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയാണ്. നിറം സിനിമയാണ് അടുത്ത റിലീസ്.
കാവ്യയുടെ ഉത്തരം കേട്ട ദിലീപിന്റെ മറുപടി ഇങ്ങനെ, ‘ആദ്യത്തെ സിനിമയായതും പോര ഇവിടെ ഉളള ബുദ്ധിമുട്ടുകൾ മൊത്തം ഞാൻ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാൻ നിന്റെ കൂടെ അഭിനയിക്കില്ല, ഇവളെ മാറ്റിയേരെ.’ ഇങ്ങനെ പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി.
കാവ്യ ഓർത്തു ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്. അപ്പോൾ കാവ്യ, ദിലീപിനോട് പറഞ്ഞു, ‘അങ്ങനെയല്ല സിനിമയിൽ കാണാന്‍ ഇഷ്ടം കുഞ്ചാക്കോ ബോബനെയാ, പക്ഷേ നേരിട്ട് കാണാൻ ചേട്ടനെയാ ഇഷ്ടം.’–ലാൽ ജോസ് പറഞ്ഞു.
തന്റെ കൂടെ അഭിനയിച്ചിട്ടുള്ളതിൽ ഏറ്റവും മനോഹരമായ കണ്ണുകളുള്ള താരം ചാക്കോച്ചനാണെന്ന് സവൃതയും പറഞ്ഞിരുന്നു. സംവൃതയുടെ ഈ അഭിപ്രായത്തിനു പിന്നാലെയാണ് ലാൽജോസ് കാവ്യമാധവന്റെ ഇഷ്ടത്തിനെ കുറിച്ചും തുടർന്ന് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ചും വെളിപ്പെടുത്തിയത്.