മോഹൻലാൽ എന്ന സൂപ്പർ സ്റ്റാർ ഉണ്ടാകുന്നത് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെയാണ്. മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാൽ ആദ്യമായി അഭിനയിച്ച ഒന്നാമൻ സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, നാടോടി, മാന്ത്രികം, ഇന്ദ്രജാലം അങ്ങനെ നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മോഹൻലാലിനെ നായകനാക്കി ഒരുക്കിയത്.
‘ജീവിതത്തിൽ ലാലുമൊത്ത് ഒരുപാട് മറക്കാനാകാത്ത നിമിഷങ്ങളുണ്ട്. ഞാൻ നിർമിച്ച സിനിമയിൽ ലാൽ അഭിനയിച്ചു, ഞാൻ ലാലിനെ സംവിധാനം ചെയ്തു, ലാൽ നിർമിച്ച സിനിമയിൽ ഞാൻ അഭിനയിച്ചു, ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ജീവിതത്തിൽ സന്തോഷമുള്ള ഒരുപാട് മുഹൂർത്തങ്ങൾ ഒന്നിച്ചു കടന്നു പോയി. സങ്കടമുള്ള മുഹൂർത്തങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. ജീവൻ തന്നെ കൈവിട്ടു പോകാമായിരുന്ന അവസരങ്ങളിലൂടെ ഞങ്ങൾ കടന്നു പോയിട്ടുണ്ട്. അതൊരു പ്രായം അതൊരു കാലം. മലയാള സിനിമയ്ക്ക് അനുഗ്രഹിച്ചു നൽകിയിരിക്കുന്ന ഒരു വരദാനമാണ് ലാൽ. അദ്ദേഹത്തെക്കുറിച്ച് ആരെയും ധരിപ്പിക്കേണ്ട ആവശ്യമില്ല. ആരാലും അനുകരിക്കാൻ പറ്റാതെ പോയ ഒരു ഫോർമുലയിൽ ഞങ്ങൾ സിനിമകൾ ചെയ്തു. ഇന്നത്തെ തലമുറയും വളരെ ശ്രദ്ധയോടെ കാണുന്ന സിനിമകളായി അതു നിലനിൽക്കുന്നുവെന്ന കാര്യത്തിൽ സന്തോഷമുണ്ട്.’ ഏതാണ്ട് ഒന്നര വർഷം മുമ്പ് മനോരമ ഒാൺലൈൻ സംഘടിപ്പിച്ച വേഷങ്ങൾ ആപ്പിന്റെ പുറത്തിറക്കൽ ചടങ്ങിൽ വച്ച് അദ്ദേഹം പറഞ്ഞതാണ് ഇൗ വാക്കുകൾ.
മറ്റു പലരെയും വച്ച് തമ്പി കണ്ണന്താനം സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മോഹൻലാൽ മറ്റ് നിരവധി സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇവരിരുവരും തമ്മിലുള്ള ബന്ധം മറ്റൊരു തലത്തിലുള്ളതാണ്. ഇന്ന് നാം കാണുന്ന മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന് ജനനം നൽകിയ സംവിധായകൻ വിട വാങ്ങുമ്പോൾ മലയാളി ഏറ്റവും കൂടുതൽ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നതും ഇൗയൊരു കാര്യത്തിന്റെ പേരിലായിരിക്കും.