ഓർമകളിൽ ഇനി ഇന്ദ്രജാലം: തമ്പി കണ്ണന്താനത്തിന്റെ സംസ്കാരം വ്യാഴാഴ്ച

സംവിധായകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനം (65) കൊച്ചിയില്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അന്ത്യം. നാളെ എറണാകുളത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയിൽ വച്ച് നടക്കും. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവർ മക്കളാണ്. ‍

കച്ചവട സിനിമകള്‍ക്ക് തന്‍റേതായ ഭാഷ തീര്‍ത്ത സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. ഐവി ശശിക്ക് ശേഷം ആള്‍ക്കൂട്ട സിനിമകളുടെ സംവിധായകന്‍. 1983–ലാണ് അദ്ദേഹം തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്‌ചകൾ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്‌മരം, ഒന്നാമന്‍ എന്നിവ പ്രശസ്ത സിനിമകള്‍. അഞ്ച് സിനിമകള്‍ നിര്‍മിച്ചു. മോഹൻലാലിനെ സൂപ്പര്‍സ്റ്റാറാക്കിയ ‘രാജാവിന്റെ മകന്‍’ തന്നെ ആണ് ഇക്കൂട്ടത്തില്‍ പ്രധാനചിത്രം. 

പതിനഞ്ചിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങൾക്കു തിരക്കഥ നിർവഹിച്ചു. അട്ടിമറി(1981), ഒലിവർ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.  1983–ല്‍ 'താവളം' എന്ന ചിത്രത്തിലൂടെയായിരുന്നു തമ്പി കണ്ണന്താനത്തിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം. ഇതടക്കം  16 സിനിമകള്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ മലയാളത്തിലെത്തി. നിര്‍മാതാവ്, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചാണ് തമ്പി കണ്ണന്താനത്തിന്‍റെ മടക്കം. 

രാജാവിന്‍റെ മകന്‍റെ  വിജയം തമ്പി കണ്ണന്താനമെന്ന സംവിധായകന്‍റെ പട്ടാഭിഷേകമായിരുന്നു. ആ സിംഹാസനം യാദൃശ്ചികമായി കിട്ടിയതല്ലെന്ന് പിന്നാലെ വന്ന ഭൂമിയിലെ രാജാക്കന്‍മാരും ഇന്ദ്രജാലവും നാടോടിയുമൊക്കെ തെളിയിച്ചു. നടനില്‍ നിന്ന് താരത്തിലേക്കുള്ള മോഹന്‍ലാലിന്‍റെ പരിണാമം കൂടിയായിരുന്നു അവ ഒാരോന്നും. 

ശശികുമാറിന്‍റെ എ.ബി.രാജിന്റെയും പ്രിയ ശിഷ്യന് സിനിമ നേരം പോക്കായിരുന്നില്ല. ജനപ്രിയ സിനിമകളായി മാറിയ സൃഷ്ടികളില്‍ തനിക്ക് പറയാനുള്ളത് പറഞ്ഞു സംവിധായകന്‍. സമകാലീക രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടി. സ്വന്തം ഹിറ്റ് ചിത്രങ്ങള്‍ക്കൊപ്പം മറ്റ് സംവിധായകരുടെ സിനിമകളും നിര്‍മിച്ചു. പത്തോളം സിനിമകളില്‍ കാമറയ്ക്കു മുന്നിലും തമ്പി കണ്ണന്താനത്തെ പ്രേക്ഷകര്‍ കണ്ടു.

സാങ്കേതിക മികവോടെ വലിയ കാന്‍വാസില്‍ സിനിമ രചിക്കാനായിരുന്നു എന്നും ആഗ്രഹിച്ചത്. ഒടുവില്‍ മോഹന്‍ലാലിനൊപ്പം വീണ്ടുമൊരു സിനിമ എന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. സംവിധായകരിലെ ഒന്നാമന്‍ ഉയര്‍ച്ച താഴ്ചകളിലൂടെ സഞ്ചരിച്ചെങ്കിലും സിനിമ പ്രേമികളുടെ മനസില്‍ ആ പേര് ഒന്നാമതായി തുടരും ഇനിയും. 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11–നാണു തമ്പി കണ്ണന്താനം ജനിച്ചത്. കോട്ടയം എംഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂള്‍, സെന്റ് ഡൊമിനിക് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1986–ല്‍ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രാജാവിന്റെ മകൻ‍’ ആണ് പ്രശസ്തനാക്കിയത്. 

മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001–ൽ അദ്ദേഹം സംവിധാനം ചെയ്ത ‘ഒന്നാമനി’ലൂടെയായിരുന്ന. 1980-90 കാലഘട്ടത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റുകൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004–ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

സംവിധാനം ചെയ്ത സിനിമകൾ: പാസ്പോർട്ട് (1983), താവളം (1983), ആ നേരം അൽപദൂരം (1985), രാജാവിന്റെ മകൻ (1986), ഭൂമിയിലെ രാജാക്കന്മാർ (1987), വഴിയോരക്കാഴ്ചകൾ (1987), ജന്മാന്തരം (1988), പുതിയ കരുക്കൾ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാൻ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓൺ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമൻ (2002), ഫ്രീഡം (2004).