Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ആ മായക്കാഴ്ച ജയസൂര്യ കണ്ടു, സ്വന്തം മകനിലൂടെ

jayasurya-family

മകന്റെ വലിയ വിജയങ്ങൾക്ക് സാക്ഷിയായതിൽ സന്തോഷം പങ്കു വച്ച് നടൻ ജയസൂര്യ. ഒർലാൻഡോ ചലച്ചത്രമേളയുടെ വേദിയിൽ നിന്നാണ് ജയസൂര്യയുടെ കുറിപ്പ്. മേളയിൽ മകൻ അദ്വൈതിന്റെ കളർഫുൾ ഹാൻഡ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദർശനത്തിനു ശേഷമായിരുന്നു ജയസൂര്യയുടെ കുറിപ്പ്. മേളയില്‍ പ്രദർശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. കയ്യടികളോടെയാണ് അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകർ വരവേറ്റത്. പ്രദർശനത്തിന് ശേഷം അദ്വൈതിനെ പ്രശംസിച്ച് നിരവധി ആളുകൾ എത്തി. 

jayasurya-family-1

മാതാപിതാക്കൾ എന്ന നിലയിൽ ഇതൊരു അഭിമാനനിമിഷമാണെന്ന് താരം പറയുന്നു. തന്റെ ആദ്യചിത്രം തിരശീലയിൽ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയിൽ കാണുമ്പോൾ അനുഭവപ്പെടുന്നതെന്ന് ജയസൂര്യ പറയുന്നു. 

jayasurya-family-3

ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ: മാതാപിതാക്കൾ എന്ന നിലയിൽ ഇത് ഞങ്ങൾക്ക് അഭിമാന നിമിഷമാണ്. അവന്റെ സ്വപ്നങ്ങൾ ഞങ്ങളെക്കാളും ഒരുപാടു മുന്നിലാണ്. അതുകൊണ്ടാണ് ഞങ്ങളിന്ന് ഓർലാൻഡോയിലുള്ളത്. കളർഫുൾ ഹാൻഡ്സ് എന്ന ചിത്രം അവന്റെ രണ്ടാമത്തെ ലഘുചിത്രമാണ്. എന്നു ഓർത്തു വയ്ക്കാവുന്ന, ഒരു പക്ഷേ ജീവതകാലം മുഴുവൻ ഓർത്തു വയ്ക്കാവുന്ന ഓർമകളാണ് ഈ ആറു മിനിറ്റ് നീളുന്ന ലഘുചിത്രം സമ്മാനിക്കുന്നത്. അവന്റെ ചിത്രം സ്ക്രീനിൽ കണ്ടപ്പോൾ ഞാനെന്റെ ആദ്യചിത്രത്തെക്കുറിച്ച് ഓർക്കുകയായിരുന്നു. അത്തരമൊരു അനുഭവം ഇനിയുണ്ടാവില്ലെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ, ഇന്ന് ജീവിതത്തിൽ ഒരിക്കൽക്കൂടി ഞാൻ ആ മായക്കാഴ്ച കണ്ടു. ഞാനേറെ അനുഗ്രഹീതനാണ്. ഈ പ്രപഞ്ചത്തിനോടും സർവവല്ലഭനായ ആ ശക്തിയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.–ജയസൂര്യ പറഞ്ഞു.

jayasurya-family-4

കുഞ്ഞുചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം അദ്വൈത് തന്നെയാണ്. സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങൾ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയിൽ പ്രതിപാദിച്ചത്. വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാർഗവും അദ്വൈത് കാണിച്ചുതരുന്നു. 

അദ്വൈതിനു പുറമേ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. 'കളര്‍ഫുൾ ഹാന്‍ഡ്സി'ന്റെ നിര്‍മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. മുന്‍പ് 'ഗുഡ് ഡേ' എന്ന ഹ്രസ്വ ചിത്രവും അദ്വൈത് ചെയ്തിട്ടുണ്ട്.