എം. പദ്മകുമാർ–ജോജു ജോർജ് ടീമിന്റെ ജോസഫ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമാപ്രേമികളും താരങ്ങളും ചിത്രത്തെ വാനോളം പ്രശംസിച്ചു രംഗത്തെത്തുന്നു. ഇപ്പോഴിതാ സിനിമയെയും ജോജുവിന്റെ അഭിനയത്തെയും പുകഴ്ത്തി രാജാധിരാജാ, മാസ്റ്റർ പീസ് എന്നീ സിനിമകളുടെ സംവിധായകനായ അജയ് വാസുദേവ്.
അജയ് വാസുദേവന്റെ വാക്കുകൾ–
കുറച്ചു വൈകി ആണെങ്കിലും ജോസഫ് എന്ന സിനിമ കണ്ടു. ഈ അടുത്ത കാലത്തു കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്. എം. പദ്മകുമാർ എന്ന "സംവിധായകന്റെ " സിനിമ ആണിത്. ഈ സിനിമയിൽ ഭാഗം ആയിട്ടുള്ള എല്ലാ നടീ നടന്മാരുടെയും ടെക്‌നീഷ്യൻമാരുടെയും ഏറ്റവും മികച്ച പ്രകടനങ്ങൾ നമുക്ക് തരുന്നതിൽ പത്മകുമാർ വിജയിച്ചിരിക്കുന്നു.
" ജോറാണ് ജോസഫ് " എന്ന പരസ്യ വാചകം പോലെ ജോജു ജോർജ് ബഹു ജോറാണ്.ജോജു ജോസഫ് ആയി ജീവിക്കുകയാണ്. ജോജു വിനോട് ശെരിക്കും ബഹുമാനം തോന്നി പോയി. ജോജുവിന്റെ അഭിനയം കണ്ടപ്പോൾ ശരിക്കും മനസിൽ തോന്നിയ ഒരു കാര്യം മലയാളത്തിന്റെ " മക്കൾ സെൽവൻ " ആണ് ജോജു എന്നാണ്. കാണാത്തവർ ഈ സിനിമ കുടുംബ സമേതം തിയറ്ററിൽ തന്നെ പോയി കാണുക.