ഓട്ടർഷ കണ്ടു പൈസ പോയെന്നു പറഞ്ഞ പ്രേക്ഷകനു മറുപടിയുമായി നായിക അനുശ്രീ. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. അക്കൗണ്ട് നമ്പറും വിവരങ്ങളും തന്നാൽ ആ മുന്നൂറു രൂപ തിരികെ നൽകാമെന്നും ആരും നഷ്ടക്കച്ചവടത്തിനു നിൽക്കണ്ടെന്നുമായിരുന്നു അനുശ്രീയുടെ മറുപടി.
‘എന്തുകൊണ്ടാണ് അദ്ദേഹത്തിനു മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഔദ്യോഗിക പേജിലേക്ക് ഫോൺ നമ്പറും അക്കൗണ്ട് വിവരങ്ങളും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തരാം പൈസ. നമുക്ക് ആരുടേയും നഷ്ടക്കച്ചവടത്തിനൊന്നും നിൽക്കണ്ട. അത്രയ്ക്കു വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ, എന്നായിരുന്നു അനുശ്രീയുടെ മറുപടി.
അനുശ്രീ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം ഓട്ടര്‍ഷ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു നടിയുടെ പ്രതികരണം. പ്രിയ നായികയോട് ചോദ്യങ്ങളുമായി നിരവധി പേര്‍ എത്തിയിരുന്നു. ഇനിയും തേപ്പ് വേഷങ്ങള്‍ കിട്ടിയാല്‍ ചെയ്യുമോ എന്നൊരു പ്രേക്ഷകന്‍ ചോദിച്ചപ്പോള്‍, ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നിങ്ങള്‍ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ സൗമ്യ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നെങ്കില്‍, അത് നല്ലൊരു കഥാപാത്രം ആയതുകൊണ്ടാണെന്ന് അനുശ്രീ പറയുന്നു. അതിനാല്‍ നല്ല തിരക്കഥയാണെങ്കില്‍ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഇനിയും ഒരു മടിയുമില്ലെന്നും അനുശ്രീ പറഞ്ഞു.
നിങ്ങളിലെ നടിയെ ഇഷ്ടമാണ്, പക്ഷെ നിങ്ങളുടെ രാഷ്ട്രീയത്തോടു വെറുപ്പമാണെന്നു പറഞ്ഞ പ്രേക്ഷനോട് ‘നമുക്കങ്ങനെ രാഷ്ട്രീയമൊന്നുമില്ലേ’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടി ഓട്ടോ ഓടിച്ച് മതില് തകർക്കുന്നൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ആ അപകടം യഥാർഥത്തിൽ സംഭവിച്ചതാണെന്നും നടി വ്യക്തമാക്കി.
‘സത്യത്തിൽ ഓട്ടോ ഓടിച്ച് മതിൽ ഇടിച്ചത് യഥാർഥത്തിൽ സംഭവിച്ചതു തന്നെയാണ്. അതിന്റെ വിഡിയോ പുറത്തിറങ്ങിയപ്പോൾ സിനിമയ്ക്കായി ഷൂട്ട് െചയ്തതാണെന്ന് പലരും പറഞ്ഞിരുന്നു. രണ്ട് ദിവസം കൊണ്ടാണ് ഓട്ടർഷ ഓടിക്കാൻ പഠിച്ചത്. ആദ്യ ദിവസവും ഇടിച്ചു. അതിന്റെ അവസാന ദിവസം മതിലിലും ഇടിപ്പിച്ചു.’–അനുശ്രീ പറഞ്ഞു.