Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം പൂർത്തിയായി; നന്ദി പറഞ്ഞ് അരുണ്‍ ഗോപി

alarun Mohanlal, Pranav, Arun Gopy

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തന്റെ രണ്ടാം സംവിധാന സംരംഭവും ആദ്യ എഴുത്ത് സിനിമയുമായ ഈ സ്വപ്‌നം പൂര്‍ത്തീകരിക്കാന്‍ ഒപ്പം നിന്നതിന് സഹപ്രവര്‍ത്തകരോട് നന്ദി രേഖപ്പെടുത്തി അരുൺ ഗോപി കുറിപ്പും സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

അരുണ്‍ഗോപിയുടെ കുറിപ്പ്-

ഇന്നു രാവിലെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന നമ്മുടെ സിനിമയുടെ പാക്ക് അപ്പ് ആയിരുന്നു എന്റെ രണ്ടാമത്തെ(സംവിധാനം) എന്റെ ആദ്യത്തെ (എഴുത്തു) സിനിമ.! എല്ലാരോടും നന്ദി മാത്രം തോളോട് ചേര്‍ന്ന് സ്വപനം സാധ്യമാക്കി നല്‍കിയ എല്ലാരോടും..! 

 

വാക്കിലൊതുങ്ങാതെ സ്‌നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാര്‍.. നന്ദി.. പ്രൊഡക്ഷനിലെ ബിജുവില്‍ തുടങ്ങി എന്തിനും ഏതിനും വലം കൈ ആയി നിന്ന പാര്‍ത്ഥനും ഷിഹാബിനോടുമൊക്കെ നന്ദിയില്‍ ഒതുക്കാന്‍ കഴിയില്ല എന്ന് അറിയാം.. 

 

എന്നെക്കാളേറെ ഈ സിനിമയ്ക്കായി നെട്ടോട്ടം ഓടിയ എന്റെ ടീം പാര്‍ത്ഥന്‍, ബാലു, അമൃത്, ലാല്‍, ആരോണ്‍, ഓസ്റ്റിന്‍, ശിവറാം, ആന്‍മി, അന്നു, സജിത്ത് നിങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്നു.. ഇനി ഒരു കാത്തിരിപ്പാണ് അഭിനന്ദനും ഞാനും ജോസഫ് നെല്ലിക്കലും പീറ്റര്‍ ഹെയ്നും ലിബിനും ധന്യയുമൊക്കെ മനസ്സ് അറിഞ്ഞു ചെയ്ത ഈ സിനിമ വിവേക് ഹര്‍ഷനിലൂടെ ഗോപി സുന്ദറിലൂടെ രംഗനാഥ് രവിയിലൂടെ പൂര്‍ണമായി വെള്ളിത്തിരയിലെത്താന്‍.. കൂടെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ..

 

പ്രാര്‍ത്ഥനയോടെ...സ്‌നേഹത്തോടെ അരുണ്‍ ഗോപി

ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം വൻമുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. പീറ്റർ ഹെയ്‍ന്‍ ആക്​ഷൻ കൈകാര്യം ചെയ്യുന്നു. ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയായത്. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.

മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്‌ഷന് ഒപ്പം റൊമാൻസിനും ഈ ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. നോട്ട് എ ഡോണ്‍ സ്റ്റോറി എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.