പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരംഭം ലൂസിഫർ, മോഹൻലാൽ പൂർത്തിയാക്കി. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം. റഷ്യയിലായിരുന്നു ഈ അവസാനഘട്ട ചിത്രീകരണം.
ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഇന്ന് ലാലേട്ടന്‍ ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്റെ മറ്റേത് യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് ബുദ്ധിപരമായ തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനം ആണിതെന്നും പറഞ്ഞിരുന്നു,
അതിനെക്കുറിച്ച് എനിക്കിപ്പോഴും ഒന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, സിനിമയെക്കുറിച്ചും, സിനിമയിലെ എന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും അറഞ്ഞിതിലും കൂടുതല്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് ഞാന്‍ പഠിച്ചിട്ടുണ്ട്.
എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും.’–പൃഥ്വി കുറിച്ചു.
അബുദാബിയില്‍ ഷോ പൂർത്തിയാക്കി ശേഷമായിരുന്നു മോഹന്‍ലാൽ റഷ്യയിലേയ്ക്കു തിരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പൃഥ്വിയും ടീമും റഷ്യയിലായിരുന്നു. തിരുവനന്തപുരം, വാഗമൺ, വണ്ടിപ്പെരിയാർ, എറണാകുളം, ബെംഗലൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.
വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപെടുന്ന സിനിമയാണ് ലൂസിഫർ. മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലൻ. ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, ടൊവിനോ, ഫാസിൽ, മംമ്ത, ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും.
ലൂസിഫറിന്റെ തിരക്കുകൾ അവസാനിച്ചതോടെ മോഹൻലാൽ ഇനി കുഞ്ഞാലിമരക്കാറിൽ ജോയിൻ ചെയ്യും. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൈദരാബാദിലാണ് ചിത്രീകരിക്കുന്നത്.