മലയാളി അടുത്തിടെ ഇത്രയേറെ സ്നേഹത്തോടെ പ്രണയിച്ച് കണ്ട ചിത്രം വേറെയില്ല എന്നുപറയാം. വിജയ് സേതുപതി-തൃഷ ജോഡികൾ ഒരുമിച്ചെത്തിയ 96 അത്രത്തോളം ഹൃദ്യമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ കന്നഡ റീമേയ്ക്കിൽ മലയാളിതാരം ഭാവന നായികയാകുന്നു. 96 എന്ന ചിത്രം കാണാതെയാണ് ഇതിന്റെ റീമേയ്ക്കിൽ അഭിനയിക്കാൻ ഭാവന സമ്മതം മൂളിയത്.
കന്നഡയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും അഭിനയിക്കുന്നത്. റോമിയോ എന്ന കന്നഡ ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 96ന് പകരം 99 എന്നാണ് കന്നഡയില്‍ ചിത്രത്തിന്റെ പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.
‘പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. നടൻ ഗണേഷിനെയും അദ്ദേഹത്തിന്റെ ഭാര്യ ശിൽപയെയും വളരെക്കാലമായി അറിയാം. ഇങ്ങനെയൊരു ടീം കൂടി ആകുമ്പോൾ വളരെ സന്തോഷം. അതുകൊണ്ടാണ് ഈ ചിത്രത്തിനു സമ്മതം മൂളിയത്. കരാർ ഒപ്പിട്ട ശേഷവും സിനിമ കാണാൻ സാധിച്ചിരുന്നില്ല. മൂന്നുദിവസം മുമ്പാണ് 96 കാണുന്നത്.’
‘സത്യത്തിൽ റീമേയ്ക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതുകൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ ഒന്നു കണ്ട ചിത്രം പിന്നീട് റീമേയ്ക്ക് ചെയ്യുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകാറില്ല. പക്ഷെ 96ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. മനോഹരമായ കഥ വളരെയധികം ഇഷ്ടപ്പെട്ടു. ഇത് ജീവിതത്തിന്റെ തന്നെ നേർകാഴ്ചയാണ്. സിനിമാറ്റിക്ക് ആയി ഒന്നുമില്ല. 90കളിലേയ്ക്കൊരു തിരിച്ചുപോക്ക്. എന്നാൽ യഥാർഥ കഥയിൽ നിന്നും കുറച്ച് മാറ്റങ്ങൾ കന്നഡ റീമേയ്ക്കില്‍ ഉണ്ടാകും.’
‘കൂടാതെ സിനിമയ്ക്കായി 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി. ചിത്രീകണം ബെംഗലൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി.’– ഭാവന പറയുന്നു.
രാമു എന്റർപ്രൈസസ് ആണ് സിനിമയുടെ നിർമാണം. ചിത്രീകരണം ഡിസംബർ 17ന് ആരംഭിക്കും. സിനിമ അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിലെത്തും.
അതേസമയം ചിത്രത്തിന്റെ തെലുങ്ക് റീമേയ്ക്കിൽ നാനിയും സമാന്തയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.