പെരുന്തച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ യശസ്സ് ഉയർത്തിയ സംവിധായകൻ അജയൻ അന്തരിച്ചു. തോപ്പില്‍ ഭാസി എന്ന അതുല്യ പ്രതിഭയുടെ മകന്‍ എന്ന മേല്‍വിലാസത്തിനപ്പുറത്തേക്ക്, പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ വളർന്ന കലാകാരനായിരുന്നു അദ്ദേഹം.
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ഫിലിം ടെക്നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷം ഛായാഗ്രാഹക സഹായി, സംവിധാന സഹായി എന്ന നിലകളില്‍ തോപ്പില്‍ ഭാസി, പത്മരാജന്‍, ഭരതന്‍, വേണു നാഗവള്ളി തുടങ്ങിയവരുടെ കൂടെ പ്രവർത്തിച്ചു. പെരുന്തച്ചന്‍ എന്ന ചിത്രത്തിനു പുറമേ നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്‍സ്റ്റിറ്റൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയശേഷം ഒരു തിരക്കഥ എഴുതിക്കിട്ടണമെന്ന ആവശ്യവുമായാണ് അജയന്‍ ആദ്യം എം.ടി. വാസുദേവൻ നായരുടെ അടുത്തുചെന്നത്. മാണിക്യക്കല്ല് എന്ന അദ്ദേഹത്തിന്റെ ബാലസാഹിത്യകൃതി സിനിമയാക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ എംടിക്കും വലിയ താത്പര്യം. പക്ഷ, എന്തുകൊണ്ടോ അന്നത് നടന്നില്ല.
വര്‍ഷങ്ങള്‍ക്കുശേഷം പെരുന്തച്ചന്റെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി അദ്ദേഹം വീണ്ടും എംടിയെ തേടിച്ചെന്നു. ‘ആലോചിക്കാം’ എന്നുമാത്രമാണ് എംടി അപ്പോള്‍ പറഞ്ഞത്. ഇരുവരും പിരിഞ്ഞു. തിരക്കൊഴിഞ്ഞ സമയത്ത് അജയനുവേണ്ടി എംടി പെരുന്തച്ചന്‍ എഴുതാന്‍ തുടങ്ങി. ഭാവചിത്രയുടെ ബാനറില്‍ ജയകുമാര്‍ 32 ലക്ഷം രൂപ ചെലവിൽ നിർമിച്ച പെരുന്തച്ചന്‍ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായി.
1991-ലെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്കാരം, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ്, ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ് എന്നീ പുരസ്കാരങ്ങൾ പെരുന്തച്ചന് ലഭിച്ചു. ചാമ്പ്യൻ തോമസ്, ചെപ്പടിവിദ്യ, മേഘം, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.