ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല എന്ന കാരണം കൊണ്ട് സിനിമയെ കീറിയൊട്ടിക്കുന്നത് ശരിയല്ലെന്ന് നീരജ് മാധവ്. ഒടിയൻ സിനിമയ്ക്കു നേരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു നീരജ്.
‘ഒടിയൻ സിനിമ എനിക്ക് ഇഷ്ടപ്പെട്ടു, ഇത്രയ്ക്കു താഴ്ത്തിക്കെട്ടാൻ മാത്രമുള്ള കുഴപ്പങ്ങൾ ഞാനതിൽ കാണുന്നില്ല. ഒരുപക്ഷേ റിലീസിന് മുന്നേ ഇതുവരെ ഒരു മലയാള സിനിമയ്‌ക്കും കിട്ടാത്ത തരത്തിലുള്ള പരസ്യവും പബ്ലിസിറ്റിയും നടത്തിയതാവാം തിരിച്ചടിച്ചത്. ബ്ലോക്ക്ബസ്റ്ററുകളായ ദൃശ്യവും പുലിമുരുകനും വമ്പൻ പ്രതീക്ഷയില്ലാതെയാണ് നമ്മൾ കാണാൻ പോയത് എന്നോർക്കണം.’
‘തെറ്റായ മുൻവിധിയോടെ സിനിമ കാണാൻ പോകുന്നത് സിനിമയ്ക്കും പ്രേക്ഷകനും ഗുണം ചെയ്യില്ല. ഓരോ സിനിമയ്ക്കും ഏതു തരത്തിലുള്ള പബ്ലിസിറ്റി ആണ് ചെയ്യേണ്ടത് എന്നതിന് ഇതൊരു പാഠമായേക്കാം. അഗ്രസീവ് ആയി പ്രൊമോട്ട് ചെയ്തതിനാൽ വലിയ പ്രതീക്ഷകൾ ഉടലെടുത്തു. പക്ഷേ നമ്മുടെ പ്രതീക്ഷയ്ക്കൊത്തു ഉയർന്നില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒരു സിനിമയെ കീറിയൊട്ടിക്കുന്നത് ശരിയാണോ എന്ന് നമ്മൾ പുനഃപരിശോധിക്കണം.’
‘ലാലേട്ടനടക്കമുള്ള മുഴുവൻ അണിയറ പ്രവർത്തകരുടെ രണ്ടു വർഷത്തെ പ്രയത്നം, പ്രശംസയർഹിക്കുന്ന പ്രൊഡക്‌ഷൻ ഡിസൈൻ, ആർട്, ബിജിഎം. സാമാന്യം നന്നായി അവതരിപ്പിച്ചു ഫലിപ്പിച്ച സി.ജി ഫൈറ്റ് രംഗങ്ങൾ. 2.0 എന്ന ബ്രഹ്മാണ്ഡ തമിഴ് പടത്തെ പൂർണ സംതൃപ്തിയോടെയല്ലെങ്കിലും കയ്യടിച്ച് പാസാക്കിയ നമ്മൾ അതിന്റെ പത്തിലൊന്ന് ബജറ്റിൽ മലയാളത്തിൽ നമ്മുടെ സ്വന്തം ലാലേട്ടനെ മുൻനിർത്തിയുള്ള ഈ ശ്രമത്തെ തീർത്തും പരിഹസിച്ച് തഴയരുത്.’
‘മുൻവിധികൾ മാറിനിൽക്കട്ടെ, ഒരു സിനിമയ്ക്ക് അതർഹിക്കുന്ന അംഗീകാരം ലഭിക്കട്ടെ. സിനിമ നടൻ എന്നതിലുപരി ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എനിക്ക് തോന്നിയ ഒരു കാര്യം പങ്കുവെച്ചു എന്ന് മാത്രം, ഇനി ഇതിന് എന്നെയും എടുത്തു ഉടുക്കരുത് എന്ന് ഒരപേക്ഷയുണ്ട്. ’–നീരജ് മാധവ് വ്യക്തമാക്കി.