‘ഒടിയനെ’തിരെ സമൂഹമാധ്യമങ്ങളില്‍ അനാവശ്യ പ്രചാരണം നടക്കുമ്പോൾ സിനിമയിലെ നായിക കൂടിയായ മഞ്ജു വാരിയർ മൗനം വെടിയണമെന്നു സംവിധായകൻ വി.എ.ശ്രീകുമാർ മേനോൻ. മഞ്ജുവിനെ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് തനിക്കു നേരെ ആക്രമണങ്ങൾ വരുന്നത്. നാലഞ്ച് വർഷമായിട്ടുള്ള കാര്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും ഇതു മനസ്സിലാകും. ചിലർ കരുതിക്കൂട്ടി നടത്തുന്ന ആക്രമണമാണ് ‘ഒടിയന്‍’ എന്ന സിനിമയ്ക്ക് നേരെയുള്ളതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
‘മഞ്ജു കൂടി ഉത്തരവാദിയായ സൈബർ ആക്രമണത്തിൽ എന്നോടൊപ്പം നിൽക്കേണ്ടത് സൗഹൃദത്തിന്റെ പേരിലും ജോലിയുടെ പേരിലുമുള്ള ധാർമിക ഉത്തരവാദിത്തമാണ്. അതുതന്നെയാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. മഞുജുവും ഞാനുമായി വെറും സൗഹൃദം മാത്രമല്ല. മഞ്ജുവിന്റെ പ്രതിസന്ധി സമയങ്ങളിലൊക്കെയും കൂടെ നിന്ന ആളാണ് ഞാൻ. എന്റെ പ്രഫഷനൽ മികവും സമയവുമെല്ലാം ചെലവാക്കിയാണു ഞാൻ മഞ്ജുവിനെ ഒരു ബ്രാൻഡാക്കി ഉയർത്തിയെടുത്തത്.
മഞ്ജുവിനോടുള്ള ശത്രുതയാണ് പലരും എന്നോടു തീർക്കുന്നത്. ഞാൻ നേരിടുന്ന സോഷ്യൽമീഡിയ ആക്രമണത്തിൽ മഞ്ജു വാരിയർ കൂടി ഉത്തരവാദിയാണ്. അപ്പോൾ അവർ എനിക്കു വേണ്ടി പ്രതികരിക്കണമെന്നും ഒപ്പം നിൽക്കണമെന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും’– ശ്രീകുമാർ മേനോൻ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.