ഒടിയനു പിന്നാലെ 6 സിനിമകൾ ; ലക്ഷ്യം കോടികൾ

തിയറ്ററിൽ മലയാള സിനിമകളുടെ നീണ്ട ക്യൂ. ക്രിസ്മസ് റിലീസ് ആയി കൈനിറയെ ചിത്രങ്ങളാണ് പ്രേക്ഷർക്കു മുന്നിൽ എത്തിയിരിക്കുന്നത്. ഒടിയന്റെ ഗംഭീരവരവേൽപിനു ശേഷം ഈ നിരയിലേയ്ക്ക് ഇന്ന് എത്തിയിരിക്കുന്നത് ആറ് സിനിമകളാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. 

സത്യൻ അന്തിക്കാട്–ശ്രീനിവാസൻ–ഫഹദ് ചിത്രം ഞാൻ പ്രകാശൻ, ടൊവിനോ ചിത്രം എന്റെ ഉമ്മാന്റെ പേര്, ഷാരൂഖ് ഖാന്റെ സീറോ, ധനുഷ് ചിത്രം മാരി 2, തെലുങ്ക് ചിത്രം കെ.ജി.എഫ്, പ്രേതം 2 എന്നിവയാണ് ഡിസംബർ 21ന് റിലീസിനെത്തിയത്. ചാക്കോച്ചന്റെ തട്ടിൻപുറത്ത് അച്യുതൻ 22ന് റിലീസ് ചെയ്യും. വിജയ് സേതുപതയുടെ സീതാകാത്തി കേരളത്തിലെ ചുരുക്കം ചില തിയറ്ററുകളിൽ പ്രദർശനത്തിനുണ്ട്.

ഡിസംബർ ഈ വർഷത്തെ ഏറ്റവും വലിയ സിനിമാ സീസണാകുമെന്നാണു പ്രതീക്ഷ. ഈ സീസൺ ഹിറ്റാക്കിയാൽ റിലീസ് കാത്തുനിൽക്കുന്ന സിനിമകൾ ജനുവരിയിൽ വീണ്ടും ആഘോഷമാക്കുമെന്നാണു കരുതുന്നത്. ആദ്യമായാണു ഡിസംബറിലും ജനുവരിയിലും ഇത്രയേറെ സിനിമകൾ റിലീസ് കാത്തുനിൽക്കുന്നത്. ഒരു സിനിമ ഹിറ്റായാൽ എല്ലാ സിനിമയ്ക്കും കാഴ്ചക്കാർ കൂടുമെന്നതാണു മാർക്കറ്റിലെ മുൻകാല അനുഭവം. 

അടുത്ത കാലത്തു കണ്ട ഏറ്റവും വലിയ റിലീസ് മത്സരമാകും ഇനിയുള്ള മൂന്നാഴ്ചത്തേക്കു കേരളത്തിലെ തിയറ്ററുകളിൽ നടക്കുക. മലയാള സിനിമയുടെ മാർക്കറ്റിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തള്ളിക്കയറ്റമാണമാണിത്. പ്രളയകാലത്തു ഷൂട്ടിങ് നിർത്തിവച്ച സിനികളിൽ പലതും ഒരുമിച്ചു പൂർത്തിയായതാണു തിരക്കിന്റെ പ്രധാന കാരണം.

പ്രളയത്തിൽ സെറ്റ് നശിച്ചതുമുതൽ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമകൾവരെ ഇതിലുണ്ട്. സിനിമാ മാർക്കറ്റിലെ വൻ ഉണർവിനു ക്രിസ്മസ് റീലീസ് ഇടയാക്കുമെന്നാണു പ്രതീക്ഷ. ഒരൊറ്റ ദിവസം നാലു മലയാളമടക്കം ആറു സിനികൾ ഒരുമിച്ചു തിയറ്ററിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ക്രിസ്മസിനു മാത്രം എത്തുന്നതു 100 കോടിയോളം രൂപയുടെ സിനിമകൾ. കാത്തുനിൽക്കുന്നതു ഏകദേശം 90 കോടിയുടെയും. രണ്ടു മാസത്തിനകം 190 കോടിരൂപയുടെ സിനിമ മാർക്കറ്റിലെത്തുന്നുവെന്നതു മലയാള സിനിമയുടെ ചരിത്രത്തിലാദ്യമാണ്. സത്യൻ അന്തിക്കാട്, മോഹൻലാൽ, ലാൽ ജോസ് എന്നീ പ്രമുഖരുടെ സിനിമകൾ ഒരേ സമയം തിയറ്ററിൽ എത്തുകയാണ്. ഷാറുഖ് ഖാനും ധനുഷും കൂടി വന്നതോടെ എല്ലായിടത്തും നിർമാതാക്കളുടെയും വിതരണക്കാരുടെയും ക്യൂ.

ഞാൻ പ്രകാശൻ

ഒരു ഇന്ത്യന്‍ പ്രണയകഥ’യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് ‘ഞാന്‍ പ്രകാശന്‍’. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് ‘പി.ആര്‍.ആകാശ് ‘ എന്നു പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്.

എന്റെ ഉമ്മാന്റെ പേര്

ടൊവിനോ തോമസ്–ഉർവശി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ, നർമത്തിൽ ചാലിച്ച് പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ.

ഹരീഷ് കണാരൻ, മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ എന്നിങ്ങനെ വലിയതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. നിർമാണം ആന്റോ ജോസഫും സി. ആർ സലിമും ചേർന്ന് നിർവഹിക്കുന്നു.

സിനിമയുടെ പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നിഖില വിമൽ ആണ് നായിക.

മാരി 2

ധനുഷിന്റെ വില്ലനായി ടൊവിനോ തോമസ് എത്തുന്നു എന്നതാണ് മാരി 2വിന്റെ പ്രധാന പ്രത്യേകത. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷ്, ടൊവിനോ എന്നിവർക്കു പുറമേ സായി പല്ലവി, റോബോ ശങ്കര്‍, കല്ലൂരി എന്നിവർ പ്രധാനതാരങ്ങളാകുന്നു.

ഈ സിനിമകൾക്കെല്ലാം പുറമെ തിയറ്റർ കാത്തു ക്യൂ നിൽക്കുന്നത് 14 സിനിമകളാണ്. റെഡിയായി കാത്തിരിക്കാനാണു വിതരണക്കാരോടു തിയറ്റർ ഉമടകൾ വിപറഞ്ഞിട്ടുള്ളത്. 2 തമിഴ് സിനിമകളും ഇതോടൊപ്പം തിയറ്റർ കാത്തിരിപ്പുണ്ട്. ഡിസംബർ സിനിമകളുടെ വിജയത്തെ ആശ്രയിച്ചാകും ഈ 16 സിനിമകളുടെ റിലീസ്.