‘ഒടിയൻ’ പൂർണമായും ശ്രീകുമാർ മേനോന്റെ സിനിമ: എം.പദ്മകുമാർ

m-padmakumar-shrikumar-menon

കോഴിക്കോട് ∙ ‘ഒടിയൻ’ പൂർണമായും വി.എ.ശ്രീകുമാർ മേനോന്റെ സിനിമയാണെന്നു സംവിധായകൻ എം.പദ്മകുമാർ. ഒരു സുഹൃത്തെന്ന നിലയിൽ സിനിമയുടെ ചില കാര്യങ്ങളിൽ ഇടപെടുകയും ചില സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ക്രിയേറ്റിവ് കാര്യങ്ങളിൽ ഇപ്പോൾ പല സിനിമകളുമായും ഇതുപോലെ സഹകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ബിഗ് ബജറ്റ് ചിത്രങ്ങളുടെ വൈഡ് റിലീസിങ് ചെറിയ സിനിമകളെ സാരമായി ബാധിക്കാറുണ്ടെന്നു പദ്മകുമാർ പറഞ്ഞു. തന്റെ സിനിമയായ ‘ജോസഫ്’ നിറഞ്ഞ സദസ്സുകളിൽ ഒാടിക്കൊണ്ടിരുന്നപ്പോഴാണു രജനികാന്ത് സിനിമ വന്നത്. അതോടെ ജോസഫ് ഒഴിവാക്കി. വീണ്ടും ജോസഫ് വന്നപ്പോഴാണ് ഒടിയനെത്തുന്നത്. പിന്നെയും ജോസഫിനെ മാറ്റി. 

സിനിമാരംഗത്തു പ്രവർത്തിക്കുന്ന ജീവനക്കാർക്കു സ്ഥിരമായി വരുമാനം നൽകുന്നതു ചെറിയ സിനിമകളാണ്. അവയെ തകർക്കുന്ന നിലയിലേക്കാണു വലിയ ചിത്രങ്ങൾ വരുന്നത്. അടുത്ത മാസം മുതൽ വൈഡ് റിലീസ് ഒഴിവാക്കുന്നതിനെപ്പറ്റി സംഘടനകളുമായി ചർച്ച നടക്കുന്നുണ്ടെന്നും പദ്മകുമാർ പറഞ്ഞു.