മലയാള സിനിമ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനം അലങ്കരിക്കുന്ന ചിത്രമാണ് മണിച്ചിത്രത്താഴ്. 1993 ഡിസംബറിൽ പുറത്തിറങ്ങിയ ചിത്രം രജതജൂബിലി നിറവിലാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്ന്. ശോഭനയ്ക്കു മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരം നേടി കൊടുത്ത ചിത്രം കന്നട, തമിഴ്, ബംഗാളി, ഹിന്ദി തുടങ്ങി ഇതരഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടു. ഇന്നും പല ചലച്ചിത്ര പഠന കേന്ദ്രങ്ങളിലും മണിച്ചിത്രത്താഴിന്റെ തിരക്കഥ പാഠ്യവിഷയമാണ്. മലയാള സിനിമയെ മണിച്ചിത്രത്താഴിന് മുൻപും പിൻപും എന്ന് വിഭജിക്കുന്ന ചലച്ചിത്ര നിരൂപകർ പോലുമുണ്ട്.
മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടം, കഥകളുമായല്ല മറിച്ച് ആശയങ്ങളുമായിട്ടാണ് വരാറുള്ളതെന്നാണ് സംവിധായകൻ ഫാസിലിന്റെ പക്ഷം. എൺപതം ശതമാനത്തോളം കഥ പൂർത്തിയായതിനു ശേഷമാണ് സംവിധായകരുമായി അത് പങ്കുവെക്കാറുള്ളതെന്ന് മധു മുട്ടത്തിന്റെ പക്ഷം. സംവിധായകർക്ക് അത് ആശയമായിട്ടാവും മനസ്സിലാകുക. അവരുടെ സിനിമയ്ക്ക് ആവശ്യമായ ആശയം അല്ലെങ്കിൽ കഥാസന്ദർഭങ്ങൾ അവർ അതിൽ നിന്ന് അടർത്തിയെടുക്കുന്നു എന്നു മാത്രം.
മധു മുമ്പ് പറഞ്ഞ കഥകളിൽ നിന്ന് ഫാസിൽ കടംമെടുത്ത 'മാറ്റിവെച്ച പരീക്ഷ’ എന്ന ആശയത്തിൽ നിന്നാണ് 'എന്നെന്നും കണ്ണേട്ടന്റെ' സിനിമയുടെ പിറവി. ‘തെണ്ടക്കാരുടെ സെറ്റ്’ എന്ന ആശയത്തിൽ നിന്നാണ് ഫാസിൽ 'കാക്കോത്തികാവിലെ അപ്പൂപ്പൻ താടികൾ’ എന്ന കമൽ ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയത്. അത്തരത്തിൽ ഫാസിലിന്റെയും മധു മുട്ടത്തിന്റെയും സ്വകാര്യ സംഭാഷണത്തിൽ നിന്നും ഉയർന്നു വന്ന ‘ചാത്തനേറ്’ എന്ന ആശയത്തിൽ നിന്നാണ് മണിച്ചിത്രത്താഴിന്റെ തിരക്കഥ രൂപപ്പെടുന്നത്.
വൈദ്യുതി വരുന്നതിനു മുൻപായിരുന്നു ചാത്തന്റെ വിളയാട്ടങ്ങൾ. വെളിച്ചം വന്നതിനു ശേഷം അതിന്റെ തീവ്രത കുറഞ്ഞു കുറഞ്ഞു. സത്യത്തിൽ ചാത്തനും ഭൂതവും ഒന്നുമല്ല ഈ വിക്രിയങ്ങളൊക്കെ കാട്ടികൂട്ടുന്നത് മനുഷ്യൻമാര് തന്നെയാണ്. ഒരു തരം ലഘു മാനസിക രോഗം എന്ന് പറയാം. നമ്മൾക്കൊപ്പം ഇരുന്നുകൊണ്ട് തന്നെ രോഗി ഈ വിക്രിയകളൊക്കെ കാട്ടിക്കൂട്ടും. അങ്ങനെ ചാത്തനേറിൽ നിന്ന് വികസിച്ചു ലഘു മനോരോഗത്തിലേക്ക് ഘട്ടം ഘട്ടമായി വികസിച്ചു വന്ന ചിന്തയാണ്, മണിച്ചിത്രത്താഴ് സിനിമയായി മാറുന്നത്.
വളരെ സങ്കീർണ്ണമായൊരു വിഷയത്തിലാണ് കൈവെക്കുന്നതെന്ന ഉത്തമബോധം സംവിധായകൻ ഫാസിലിനും തിരക്കഥാകൃത്ത് മധു മുട്ടത്തിനും ഉണ്ടായിരുന്നു. പലഘട്ടത്തിലും എഴുത്ത് വഴിമുട്ടി. ആഴ്ചകളും മാസങ്ങളും ഈ വിഷയത്തൊടൊപ്പം അലഞ്ഞു. പല ഘട്ടത്തിലും സിനിമ വേണ്ടെന്നുവെക്കാൻ വരെ ആലോചിച്ചു. ഇതിനിടയിൽ ഫാസിൽ 'എന്റെ സൂര്യപുത്രിക്ക്', 'പപ്പയുടെ സ്വന്തം അപ്പൂസ്' എന്നീ ചിത്രങ്ങൾ പൂർത്തിയാക്കി. മൂന്നുവർഷത്തോളമെടുത്താണ് മണിച്ചിത്രത്താഴിന്റെ പ്രാഥമിക തിരക്കഥ മധു മുട്ടം പൂർത്തിയാക്കുന്നത്.
തന്റെ ഉള്ളിൽ അവ്യക്തമായി കിടന്നിരുന്ന മണിച്ചിത്രത്താഴിലെ കഥാപാത്രങ്ങളെ ഘട്ടഘട്ടമായി വളരെ പ്രയാസപ്പെട്ടു തന്നെയാണ് മധു മുട്ടമെന്ന എഴുത്തുകാരൻ പുറത്തെടുത്തത്. നകുലൻ, ഗംഗ, നാഗവല്ലി, അല്ലി, രാമനാഥൻ, മാടമ്പള്ളി തറവാട് തുടങ്ങി സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെ പേരുകൾ പോലും അദ്ദേഹത്തിന്റെ അത്തരം ധയാനങ്ങളിൽ നിന്നാണ് പിറവിയെടുക്കുന്നത്.