സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ചിത്രങ്ങൾ മലയാളികൾക്ക് അന്നും ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്കു ശേഷം നീണ്ട പതിനാറ് വർഷങ്ങൾ കഴിഞ്ഞ് ഞാൻ പ്രകാശൻ എന്ന ചിത്രവുമായി ഇരുവരും എത്തിയപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതായിരുന്നു. ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ല എന്നാണ് ബോക്സ് ഒാഫിസ് റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്. വലിയ ഇടവേള ഉണ്ടായപ്പോൾ തങ്ങൾ തമ്മിൽ പിണങ്ങിയെന്ന് പലരും പറഞ്ഞെന്നും എന്നാൽ അങ്ങനെയൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും ചിത്രത്തിന്റെ റിലീസിനു ശേഷം നൽകിയ അഭിമുഖത്തിൽ സത്യനും ശ്രീനിവാസനും പറഞ്ഞു.
‘ഞാൻ പ്രകാശനിൽ പതിനാറുവർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന് മറ്റുള്ളവർ പറയുമ്പോഴാണ് ഇത്രയും കാലമായല്ലോ എന്ന് നമുക്ക് തോന്നുന്നത്. സിനിമയില്ലാത്തപ്പോഴും ഞങ്ങൾ തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെയുണ്ടായിരുന്നു. സിനിമയിൽ അല്ലാത്ത നേരങ്ങളിൽ ഞാനും ശ്രീനിയും സാധാരണ പ്രേക്ഷകരാണ്. സിനിമയിലെയും സമൂഹത്തിലെയും ഓരോ പുതുമകളെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകനുമായി ചേർന്നു നിൽക്കുന്ന ചിത്രം ചെയ്യണം എന്ന നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നത്.’ സത്യൻ അന്തിക്കാട് പറഞ്ഞു.
‘സംവിധായകനെക്കാളും തിരക്കഥാകൃത്തിനെക്കാളും മുകളിലാണ് പ്രേക്ഷകന്റെ സ്ഥാനം. അവർക്ക് ഇഷ്ടമായിക്കോളും എന്ന് കരുതി, എന്തെങ്കിലും കൊടുക്കാൻ പറ്റില്ല. ഹിറ്റായ കൂട്ടുകെട്ട് എപ്പോഴും കൂടിചേർന്നാൽ അടുത്തത് ഹിറ്റാകണമെന്ന് നിർബന്ധമില്ല. ഞാൻ എന്റേതായ രീതിയിലും ശ്രീനി ശ്രീനിയുടേതായ രീതിയിലും സിനിമയിൽ ജോലികൾ ചെയ്യുന്നുണ്ടായിരുന്നു.’ സത്യൻ അന്തിക്കാട് പറഞ്ഞു.