‘വീട്ടിൽ വരുന്നവർക്കും കഞ്ഞി !’: മഞ്ജു വാരിയർ

ഒടിയൻ സിനിമയിലെ വിമർശകരും ട്രോളന്മാരും ഏറ്റവും കൂടുതൽ ആഘോഷിച്ച ഒന്നാണ് ‘മാണിക്യന് കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന മഞ്ജുവിന്റെ ഡയലോഗ്. എന്നാൽ ഇതു സംബന്ധിച്ച ട്രോളുകൾ ഒരുപാട് ഇഷ്ടമായെന്ന് മഞ്ജു വാരിയർ പറഞ്ഞു. ‘ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോളുകളാണ്. ആറ്റു നോറ്റു കിട്ടിയ ‘തഗ്ഗ് ലൈഫാ’ണ്, അത് ഞാൻ പൊളിക്കുമെന്ന് എല്ലാവരോടും പറഞ്ഞു. നല്ല ഹ്യൂമർ സെൻസുള്ള ആളാണ് ആ ട്രോളിന് പിന്നിൽ, അവർക്കൊക്കെ എന്റെ അഭിനന്ദനം.’– മഞ്ജു പറയുന്നു.

‘ആ രംഗം ഷൂട്ട് ചെയ്യുമ്പോൾ ഇങ്ങനെയൊരു ട്രോൾ ആക്രമണം പ്രതീക്ഷിച്ചിരുന്നേ ഇല്ല. അപാര സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആൾക്കെ ഇങ്ങനെയൊരു തമാശ അതിൽ നിന്നും കണ്ടുപിടിക്കാൻ പറ്റൂ. വീട്ടിൽ വരുന്നവർക്കും ചായ എടുക്കുന്നതിനു പകരം കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന് തമാശയോടെ പറയും.’–മഞ്ജു പറഞ്ഞു. ഒരു ഡിജിറ്റൽ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒടിയനിൽ സുന്ദരിയായെന്ന് പറഞ്ഞു

ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് പ്രഭ. സാധാരണ പെൺകുട്ടി. അവൾ മൂന്നുകാലഘട്ടത്തിൽ കൂടി കടന്നുപോകുന്നുണ്ട്. ഒടിയനെക്കുറിച്ച് പറയാനാണെങ്കിൽ ലാലേട്ടൻ എവിടെയൊ പറഞ്ഞ കാര്യമാണ് എനിക്കും ഓർമവരുന്നത്, ‘ഇതൊരു പാവം സിനിമയാണ്.’

എല്ലാവരും എന്നെക്കുറിച്ച് കൂടുതലും പറഞ്ഞത് കഥാപാത്രത്തെക്കുറിച്ചല്ല, പ്രഭയുടെ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് മൂന്നുകാലഘട്ടങ്ങൾ കാണിക്കുക ചെയ്യുമ്പോൾ. മറ്റൊരു സന്തോഷം വയസ്സായുള്ള ഗെറ്റപ്പിലും സുന്ദരിയാണെന്ന് ഒരുപാട് പേർപറഞ്ഞു. ഇനി വയസ്സാലും സുന്ദരിയായി ഇരിക്കുമല്ലോ? ഈ സിനിമയിലെ അറുപതുവയസ്സുള്ള രൂപം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഞാനും വയസ്സാകുമ്പോൾ അങ്ങനെയിരിക്കണം എന്നാണ് ആഗ്രഹം.

പുതിയചിത്രങ്ങളായ കുഞ്ഞാലി മരയ്ക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ വിശേഷങ്ങളും മഞ്ജു പങ്കുവച്ചു. രാജുവുമായി അധികം അടുപ്പം ഉണ്ടായിരുന്നില്ല, എന്നാൽ സെറ്റിൽ എത്തി ആദ്യ ദിവസം മാത്രമേ നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, മഞ്ജുപറയുന്നു...

പൃഥ്വിയുടെ സംവിധാനം

രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റിൽ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാൻ എനിക്ക് അറിയില്ല.

പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സിൽ ഉണ്ടാകും. എന്നാല്‍ പിന്നെ നമ്മൾ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്. ആ ആത്മവിശ്വാസം പൃഥ്വിയിലുണ്ട്.

സംവിധാനം

ഭാവിയിൽ ഞാൻ സംവിധാനം ചെയ്യില്ല. അതിനുള്ള കഴിവ് എനിക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.