നടി പാർവതിയും ടൊവിനോയും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഉയരെ’യുടെ സെറ്റിലെ ക്രിസ്മസ് ആഘോഷം വൈറലാകുന്നു. ടൊവീനോയാണ് ആഘോഷങ്ങളുടെ വിഡിയോ പങ്കുവച്ചത്. ക്രിസ്മസ് പാപ്പയുടെ പിന്നാലെ ആര്‍ത്തുവിളിച്ച് പാര്‍വതി, ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്ന് ടൊവീനോ. അവര്‍ക്കൊപ്പം ആഘോഷലഹരിയില്‍ ‘ഉയരെ’ടീം അംഗങ്ങളും.
ഉയരെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചായിരുന്നു ടൊവീനോയുടെയും പാര്‍വതിയുടെയും ക്രിസ്മസ് ആഘോഷം. ആഘോഷങ്ങള്‍ക്കിടയില്‍ കയ്യടിച്ച് ചുവടുവച്ച് പാര്‍വതി ഇടയ്ക്ക് ക്രിസ്മസ് പാപ്പയായി വേഷമിട്ട ആളാരാണെന്നറിയാനുള്ള ആകാംക്ഷയില്‍ മുഖം മൂടി പൊക്കി നോക്കുന്നുണ്ട്. ഒടുവില്‍ ക്രിസ്മസ് പാപ്പ ആരെന്നറിഞ്ഞപ്പോഴുള്ള രസകരമായ പ്രതികരണവും വിഡിയോയില്‍ കാണാം.
ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവതി അഭിനയിക്കുന്നത്. സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത് ബോബി–സഞ്ജയ്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സഞ്ജയ്‍യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
സ്ത്രീ പ്രാധാന്യമുള്ള സിനിമ കൂടിയാണ് ഈ പ്രോജക്ട്. നായികയായ പാർവതിക്കൊപ്പം സിനിമയുടെ നിർമാതാക്കളും മൂന്ന് പെൺകുട്ടികളാണ്. മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിർമാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്‌ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നീ സഹോദരിമാരാണ് നിർമാണം. സിനിമയുടെ മേക്ക്അപ് ചെയ്യുന്നതും വനിതയാണ്.
വിടപറഞ്ഞുപോയ പ്രിയപ്പെട്ട സംവിധായകൻ രാജേഷ് പിള്ളയുടെ അദൃശ്യസാനിധ്യവും ഈ ചിത്രത്തിനൊപ്പമുണ്ട്. രാജേഷ് പിള്ളയുടെ ഏറ്റവും പ്രിയപ്പെട്ട അസോഷ്യേറ്റ് ആയ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രാഫിക്, വേട്ട എന്നീ സിനിമകളിലും രാജേഷ് പിള്ളയ്ക്കൊപ്പം മനു പ്രവർത്തിച്ചിരുന്നു.
നായികാകേന്ദ്രീകൃതമായ സിനിമയായിട്ടുകൂടി യുവതാരങ്ങളുടെ സാനിധ്യവും ചിത്രത്തെ വേറിട്ട് നിർത്തുന്നു. ആസിഫ് അലി, ടോവിനോ തോമസ് എന്നിവരാണ് നായകന്‍മാര്‍. ശക്തമായ കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കർ എത്തുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.
മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ. ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്.