Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഞാൻ രഹസ്യമായി പറഞ്ഞ കാര്യം എങ്ങനെ ‘ജോസഫി’ൽ വന്നു’

joju-george-shahi ജോജു, ഷാഹി കബീർ

‘ജോസഫ്’ സിനിമ കണ്ടിറങ്ങിയ ഉടൻ എസ്പി വി. അജിത്കുമാർ സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീറിനെ വിളിച്ചു ചോദിച്ചു: ‘‘പഴയിടം ഇരട്ടക്കൊലപാതകം ഉണ്ടായ അന്ന് പരിശോധനയ്ക്കു ശേഷം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന എസ്. സുരേഷ്കുമാറിനോടു ഞാൻ രഹസ്യമായി പറഞ്ഞ കാര്യം എങ്ങനെ ഷാഹി അറിഞ്ഞു? എങ്ങനെ അതു സിനിമയിൽ വന്നു?’’

ഒരു ചിരിയോടെ ഷാഹി പറഞ്ഞു: ‘‘സാറിന്റെയും എന്റെയും കാഴ്ച പൊലീസ്കണ്ണിലൂടെയായതിനാൽ അങ്ങനെ വന്നതാണു സർ, പോരാത്തതിന് അന്ന് ഫൊറൻസിക് ടീമിൽ പഴയിടത്ത് ഞാനുമുണ്ടായിരുന്നല്ലോ!’’ 

‘ജോസഫ്’ സിനിമയുടെ കഥയിലും തിരക്കഥയിലും ഒരു പൊലീസ് കണ്ണ് ഒളിഞ്ഞിരിക്കുന്നുണ്ട്, അത് യഥാർഥത്തിൽ ഒരു പൊലീസുകാരന്റെ കണ്ണാണ്. കറുകച്ചാൽ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തും ഫൊറൻസിക് ടീമിലും ജോലി ചെയ്ത സിവിൽ പൊലീസ് ഒാഫിസർ ഷാഹി കബീറിന്റെ കണ്ണ്! ജോസഫ് തിയറ്ററുകളിൽ നല്ല നിലയിൽ പ്രദർശനം തുടരുമ്പോൾ ഷാഹിക്കും ഒപ്പമുള്ള പൊലീസുകാർക്കും മനസ്സിലാകും, ഇതിൽ കാണിക്കുന്ന പല കേസന്വേഷണവും കോട്ടയം ജില്ല കേന്ദ്രീകൃതമായി പൊലീസ് നടത്തിയതാണെന്ന്. 

മണിമലയ്ക്കടുത്ത്  പഴയിടത്ത് ദമ്പതികളുടെ കൊലപാതകക്കേസിനോട് സമാനമായ രംഗം സിനിമയിലുണ്ട്, കേസിനു തുമ്പുണ്ടാക്കാൻ എസ്പി വിളിക്കുന്നത് റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ജോസഫിനെയും! അപ്പോൾ കാണിക്കുന്ന സീനിലാണ് ഡിവൈഎസ്പി വി. അജിത്കുമാർ തിരിച്ചറിഞ്ഞ ഭാഗമുള്ളത്. ശരിക്കും കേസന്വേഷണത്തിനെത്തിയ ഷാഹിയുടെ മനസ്സിൽ തിരക്കഥയുടെ രൂപപ്പെടലും അപ്പോൾ നടക്കുകയായിരുന്നു.

ജോസഫ് എന്ന കഥാപാത്രത്തിന്റെ രൂപീകരണത്തിലും കോട്ടയത്തിന്റെ പങ്കുണ്ട്. ഒരിക്കൽ സഹപ്രവർത്തകന്റെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ഷാഹി കോട്ടയം മെഡിക്കൽ കോളജിൽ നിൽക്കുമ്പോഴാണ് മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരു പ്രതി ചാടിപ്പോയി എന്ന വാർത്ത അറിയുന്നത്. ഉടൻതന്നെ പൊലീസ് അന്വേഷണം നാനാഭാഗത്തേക്കും വ്യാപിപ്പിച്ചു. പക്ഷേ, തുമ്പു കിട്ടാതിരുന്നപ്പോഴാണ് പൊലീസ് സ്ക്വാഡിൽ അംഗമായിരുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചു കാര്യം പറഞ്ഞത്. 

ആളിനെ പറ്റി അറിഞ്ഞപ്പോഴെ പ്രതി ഇത്ര സമയത്തിനുള്ളിൽ തിരുവല്ലയിൽ ഇന്ന സ്ഥലത്ത് എത്തും എന്ന് അദ്ദേഹം പറഞ്ഞുകൊടുത്തു. അതു കേട്ട് അവിടെ കാത്തുനിന്ന പൊലീസുകാർ പ്രതിയെ അവിടെ നിന്ന് അറസ്റ്റ് ചെയ്തു. അതിൽ നിന്നാണു നിഴൽ പോലെ നിന്ന് ഒാരോ കുറ്റവാളിയെപ്പറ്റിയും അവരുടെ ശൈലികളെപ്പറ്റിയും മനപ്പാഠമാക്കി വച്ചിരിക്കുന്ന, എല്ലാറ്റിനെയും ഒരു പൊലീസ് കണ്ണോടെ നോക്കുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ‘ജോസഫി’ന്റെ ചിത്രം മനസ്സിലുറപ്പിച്ചതെന്നു ഷാഹി. 

തന്റെ മുൻ കാമുകിയുടെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനൊരുങ്ങിയെത്തി ആളെ തിരിച്ചറിയുന്ന വേളയിൽ ജീവിതം തന്നെ മടുത്ത് കുടുംബ ജീവിതം തകരുന്ന ജോസഫിന്റെ അവസ്ഥ സ്വന്തം ജീവിതാവസ്ഥയിൽ നിന്നാണു ഷാഹി പകർത്തിയെഴുതിയത്. കറുകച്ചാൽ സ്റ്റേഷൻ ഡ്യൂട്ടിക്കിടെ ഒരു ഇൻക്വസ്റ്റ് ചെയ്യാൻ പോയപ്പോൾ ജീർണാവസ്ഥയിലുള്ള മൃതദേഹം കണ്ട് ജീവിക്കാൻ തന്നെ ആഗ്രഹം നശിച്ച നിലയിലായിരുന്നു താനെന്നു ഷാഹി. ഒരു മാസത്തിലേറെ എടുത്തു അതിൽ നിന്നു മോചിതനാകാൻ.

അലപ്പുഴ സ്വദേശിയായ ഷാഹിയുടെ ബിരുദപഠനം കോട്ടയം ബസേലിയസ് കോളജിലായിരുന്നു. കെഎസ്‍യുവിന്റെ മാഗസിൻ എഡിറ്ററെ വെല്ലുവിളിക്കാൻ എസ്എഫ്െഎ ഇറക്കിയ രണ്ടു ക്യാംപസ് പത്രങ്ങൾക്കു നേതൃത്വം നൽകിയതാണ് ആദ്യ എഴുത്തു പരിചയം. പിന്നെ പൊലീസ് സേനയിലെ ഒരേ ബാച്ചുകാരുടെ കൂട്ടായ്മ പുറത്തിറക്കിയ മാഗസിനിൽ ‘ചരമപേജ്’ എന്ന കഥയെഴുതി. 2005 പൊലീസ് ബാച്ചിൽ അംഗമായ ഷാഹിയുടെ സിനിമാക്കഥയുടെ ആദ്യകേൾവിക്കാരും ബാച്ച്മേറ്റ്സ് തന്നെ.

ചില ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ ഷാഹി ശ്രദ്ധിക്കപ്പെടുന്നതു ‘ഇൻ ഗ്ലോറിയസ് ലൈഫ്’ എന്ന ഷോർട്ട് ഫിലിമിലൂടെയാണ്. അതിനുശേഷം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ ദിലീഷ് പോത്തന്റെ സഹസംവിധായകനായി.  പിന്നെ ‘ജോസഫി’ന്റെ തിരക്കഥയുമായുള്ള നടപ്പായിരുന്നു. ചെന്നുമുട്ടിയ വാതിലുകളെല്ലാം അടഞ്ഞപ്പോഴും പ്രതീക്ഷയോടെ മുട്ടിവിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ, പത്മകുമാറും ജോജുവും തുറന്നുകൊടുത്ത വാതിലിലൂടെയാണ് ഒരു നല്ല സിനിമ ജനിച്ചത്.

ഭാര്യ: സബീന, മക്കൾ: ഫഹീന, ഫഹ്മ.

related stories