നിരാശയില്ല; കയ്യടിച്ച ഹിറ്റുകളുടെ 2018

മാത്തനും അപ്പുവും ഒരുക്കിയ മായക്കാഴ്ചകളിലാണ് കഴിഞ്ഞ വർഷം അവസാനിച്ചത്. ഈ വർഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല. ഇത്തവണ പ്രകാശനും ഹമീദും അച്യുതനും ഒടിയനും മത്സരിച്ചാണ് വർഷാവസാനത്തിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്നത്. നൂറിലധികം ചിത്രങ്ങൾ റിലീസ് ചെയ്ത 2018ൽ 18 ചിത്രങ്ങൾ സൂപ്പർഹിറ്റായി. സൂപ്പർഹിറ്റിലേക്ക് കുതിക്കുന്ന ചിത്രങ്ങളുടെ റിലീസോടെയാണ് ഡിസംബർ അവസാനിക്കുന്നതും. മാസ് ചിത്രങ്ങൾക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും പ്രേക്ഷകർ വിജയിപ്പിച്ചു. ചില ചിത്രങ്ങൾ മികച്ച പ്രതികരണം നേടിയെങ്കിലും വിതരണത്തിലെ പാളിച്ചകൾ മൂലം തിയറ്ററുകളിൽ നിന്ന് വേഗത്തിൽ അപ്രത്യക്ഷമായി. എന്നാൽ ചില തമിഴ് ചിത്രങ്ങൾ പോലും നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തി. കഴിഞ്ഞ വർഷം മലയാളത്തിൽ പുറത്തിറങ്ങി ശ്രദ്ധേയ വിജയം നേടിയ 15 ചിത്രങ്ങൾ ഇവയാണ്.  

ക്വീൻ

പുതുമുഖങ്ങളെ വച്ച് കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത കൊച്ചു സിനിമ. അങ്കമാലി ഡയറീസിനു ശേഷം കുറേയേറെ പുതുമുഖങ്ങളെ അണിനരത്തി വിജയം കൊയ്ത ക്വീൻ ആയിരുന്നു 2018ലെ ആദ്യ ബോക്സോഫീസ് ഹിറ്റ്

ശിക്കാരി ശംഭു

വേട്ടക്കാരൻ പീലിയായി കുഞ്ചാക്കോ ബോബനും സംവിധായകൻ സുഗീതും നടത്തിയ ചിരിവേട്ടയായിരുന്നു ശിക്കാരി ശംഭു. സുഗീതിന്റെ സ്ഥിരം ശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിലും വേട്ടക്കാരൻ പീലിയുടെയും സഹായികളുടെയും പുലിവേട്ട ബോക്സോഫീസിൽ ക്ലിക്കായി. 

ക്യാപ്റ്റൻ

ദുരന്തപൂർണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ വി.പി. സത്യനെ തിരശീലയിൽ അടയാളപ്പെടുത്തിയ പ്രജേഷ് സെൻ ചിത്രം. വി.പി സത്യനായി ജയസൂര്യ നടത്തിയ പകർന്നാട്ടം പ്രേക്ഷകരുടെ കയ്യടി നേടി. ഉള്ളിൽ തീയുള്ള സിനിമയായി 2018 അടയാളപ്പെടുത്തിയ ചിത്രം.  

സുഡാനി ഫ്രം നൈജീരിയ

ആർട് സിനിമ, കച്ചവട സിനിമ എന്ന തരംതിരിക്കലുകളുടെ അതിരുകളെ മായ്ച്ചു കളഞ്ഞ ചിത്രമായിരുന്നു സക്കരിയ്യ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. സാധാരണ സ്പോർട്സ് ചിത്രങ്ങളുടെ സ്ഥിരം ക്ലൈമാക്സ് രീതികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ ഹൃദയത്തിലേക്ക് ഗോളടിച്ച ഈ ചിത്രത്തിനായിരുന്നു പ്രേക്ഷകരുടെ കുതിരപ്പവൻ!

അരവിന്ദന്റെ അതിഥികൾ

തുടക്കം മുതൽ ഒടുക്കം വരെ സംഗീതസാന്ദ്രമായി ഒരുക്കിയ ചിത്രമായിരുന്നു എം.മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ. കുടുംബപ്രേക്ഷകരുടെ സ്നേഹം നേടിയെടുത്ത ചിത്രം ബോക്സോഫീസിലും ഹിറ്റായി. ഒരു ഇടവേളയ്ക്കു ശേഷം നടി ഉർവശിയും ശ്രീനിവാസനും ഗംഭീര പ്രകടനം കാഴ്ച വച്ച ചിത്രം കൂടിയായിരുന്നു അരവിന്ദന്റെ അതിഥികൾ.  

ഈ.മ.യൗ

2018ൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ. പി.എഫ് മാത്യൂസിന്റെ മാജിക്കൽ റിയലിസ്റ്റിക് സ്പർശമുള്ള തിരക്കഥയെ അസാമാന്യ വൈഭവത്തോടെ വെള്ളിത്തിരയിൽ അനുഭവിപ്പിക്കുകയാണ് സംവിധായകൻ. ചെമ്പൻ വിനോദ്, വിനായകൻ, കൈനകരി തങ്കരാജ്, ദിലീഷ് പോത്തൻ, പോളി കണ്ണമ്മാലി എന്നിവരുടെ അഭിനയ മികവും ചിത്രത്തിന്റെ മാറ്റു കൂട്ടി. കഴിഞ്ഞ വർഷം ഏറ്റവും അധികം പുരസ്കാരങ്ങൾ തേടിയെത്തിയതും ഈ ചിത്രത്തെയായിരുന്നു. 

ഞാൻ മേരിക്കുട്ടി

ജയസൂര്യ എന്ന നടൻ ഒരിക്കൽക്കൂടി മലയാളികളെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി. ട്രാൻസ്ജെൻഡറായ മേരിക്കുട്ടിയുടെ ജീവിതം വികലമായ അനുകരണത്തിലേക്ക് വഴുതിപ്പോകാതെ അതിമനോഹരമായി ജയസൂര്യ അവതരിപ്പിച്ചു. തിയറ്ററുകളിൽ പ്രേക്ഷകർ എഴുന്നേറ്റു നിന്നു കയ്യടിച്ച ചിത്രം കൂടിയായിരുന്നു ഞാൻ മേരിക്കുട്ടി. 

അബ്രഹാമിന്റെ സന്തതികൾ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 2018ലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. മമ്മൂട്ടിയിലെ നടനെ പരിഗണിച്ച മാസ് ചിത്രം. നവാഗതനായ ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. 

കൂടെ

പ്രേക്ഷകർ കാത്തിരുന്ന അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെ. വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയയുടെ ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ചിത്രത്തിലെ ജെനി. പൃഥ്വിരാജിന്റെയും പാർവതിയുടെയും 2018ലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം. 

തീവണ്ടി

ടൊവീനോ തോമസ് എന്ന യുവനടൻ ഒരിക്കൽ കൂടി പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രമായിരുന്നു നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി. മായാനദിയെ പോലെ ചുംബന രംഗം കൊണ്ടു തീവണ്ടിയും ചർച്ചകളിൽ സജീവമായി. നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും ഒരുപോലെ തീവണ്ടിയെ തേടിയെത്തി. 2018നെ അടയാളപ്പെടുത്തിയ ഗാനങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം.   

വരത്തൻ

സ്വാഭാവിക അഭിനയം കൊണ്ട് ഫഹദ് ഫാസിൽ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത വരത്തൻ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടി. നായികയായ ഐശ്വര്യ ലക്ഷ്മിയും നെഗറ്റീവ് റോളിലെത്തിയ ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ, വിജിലേഷ് എന്നിവരും വരത്തൻ ഒരു മികച്ച കാഴ്ചാനുഭവമാക്കി മാറ്റി.

കായംകുളം കൊച്ചുണ്ണി

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി 2018ലെ മാസ് ചിത്രങ്ങളിലൊന്നായരുന്നു. ഇത്തിക്കര പക്കിയായി മോഹൻലാൽ നടത്തിയ ഉശിരൻ പ്രകടനം ആരാധകർ ആഘോഷമാക്കി. 2018ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. 

ജോസഫ്

അധികം ബഹളങ്ങളില്ലാതെ വന്നു അപ്രതീക്ഷിത വിജയം കൊയ്ത സിനിമയായിരുന്നു ജോജു ജോസഫിനെ നായകനാക്കി എം.പത്മകുമാർ സംവിധാനം ജോസഫ്. പതിവു കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ പ്രേക്ഷകരെ അനുഭവിപ്പിച്ച സിനിമയായിരുന്നു ഇത്. ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ്. ചിത്രത്തിലെ എല്ലാ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തു. 

ഒടിയൻ

പ്രേക്ഷകർ കാത്തിരുന്ന മോഹൻലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയൻ ഡിസംബറിൽ പ്രദർശനത്തിനെത്തി. വിവാദങ്ങളും വിമർശനങ്ങളും സജീവമായെങ്കിലും കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തു. 2018ലെ മികച്ച മ്യൂസികൽ ഹിറ്റു കൂടിയാണ് ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ. 

ഞാൻ പ്രകാശൻ

സത്യൻ അന്തിക്കാട്–ശ്രീനിവാസൻ–ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഇറങ്ങിയ 'ഞാൻ പ്രകാശൻ' പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും പ്രദർശനം തുടരുകയാണ്. ഒരു ശരാശരി മലയാളിയുടെ എല്ലാ സ്വഭാവങ്ങളും ഒത്തുചേർന്ന പ്രകാശനായി ഫഹദ് മികച്ച പ്രകടനം കാഴ്ച വച്ചു. സ്വാഭാവികാഭിനയത്തിന്റെ മാജിക് തന്റെ കയ്യിൽ ഭദ്രമാണെന്ന് ഫഹദ് ഒരിക്കൽക്കൂടി തെളിയിച്ച ചിത്രമായി ഞാൻ പ്രകാശൻ.