മോഹൻലാൽ: തത്ത്വചിന്തയുടെ നിത്യകാമുകൻ
മാസങ്ങളായി മോഹൻലാലിനെ കാണാൻ സാധിച്ചിട്ടില്ല. വർത്തമാനങ്ങളും ഉണ്ടായില്ല. എസ്. സുരേഷ് ബാബു തുടങ്ങിവച്ച ചലച്ചിത്ര നിർമാണ സംരംഭത്തിനു തിരിതെളിക്കാൻ ക്രൗൺ പ്ലാസയിൽ ലാൽ വന്നിരുന്നു. വേദിയിലിരുന്നുകൊണ്ട് നേത്രഭാഷയിൽ ചില വിനിമയങ്ങൾ നടന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോൺകോളിൽ അദ്ദേഹം ഉദാരതയോടെ
മാസങ്ങളായി മോഹൻലാലിനെ കാണാൻ സാധിച്ചിട്ടില്ല. വർത്തമാനങ്ങളും ഉണ്ടായില്ല. എസ്. സുരേഷ് ബാബു തുടങ്ങിവച്ച ചലച്ചിത്ര നിർമാണ സംരംഭത്തിനു തിരിതെളിക്കാൻ ക്രൗൺ പ്ലാസയിൽ ലാൽ വന്നിരുന്നു. വേദിയിലിരുന്നുകൊണ്ട് നേത്രഭാഷയിൽ ചില വിനിമയങ്ങൾ നടന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോൺകോളിൽ അദ്ദേഹം ഉദാരതയോടെ
മാസങ്ങളായി മോഹൻലാലിനെ കാണാൻ സാധിച്ചിട്ടില്ല. വർത്തമാനങ്ങളും ഉണ്ടായില്ല. എസ്. സുരേഷ് ബാബു തുടങ്ങിവച്ച ചലച്ചിത്ര നിർമാണ സംരംഭത്തിനു തിരിതെളിക്കാൻ ക്രൗൺ പ്ലാസയിൽ ലാൽ വന്നിരുന്നു. വേദിയിലിരുന്നുകൊണ്ട് നേത്രഭാഷയിൽ ചില വിനിമയങ്ങൾ നടന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോൺകോളിൽ അദ്ദേഹം ഉദാരതയോടെ
മാസങ്ങളായി മോഹൻലാലിനെ കാണാൻ സാധിച്ചിട്ടില്ല. വർത്തമാനങ്ങളും ഉണ്ടായില്ല. എസ്. സുരേഷ് ബാബു തുടങ്ങിവച്ച ചലച്ചിത്ര നിർമാണ സംരംഭത്തിനു തിരിതെളിക്കാൻ ക്രൗൺ പ്ലാസയിൽ ലാൽ വന്നിരുന്നു. വേദിയിലിരുന്നുകൊണ്ട് നേത്രഭാഷയിൽ ചില വിനിമയങ്ങൾ നടന്നു. ഡിന്നർ കഴിച്ചുകൊണ്ടിരിക്കെ ഒരു ഫോൺകോളിൽ അദ്ദേഹം ഉദാരതയോടെ അവതരിച്ചു. പതിവു മട്ടിലുള്ള സ്നേഹകുശലങ്ങൾ. എന്താണ് വിഭവങ്ങൾ എന്നുപോലും ചോദിച്ചു. പിന്നെ പുതിയ സിനിമയുടെ തിരക്കുകൾ പറഞ്ഞു. തേവക്കലെ വീട്ടിൽ വരാമെന്ന വാഗ്ദാനത്തെ ഞാൻ ഓർമിപ്പിച്ചതിനു പ്രതികരണമായി, ‘വരും മറന്നിട്ടില്ല’ എന്നൊരു സമാശ്വാസവും തന്നു. പിന്നെയും മാസങ്ങൾ കടന്നുപോയി. ഇതിനിടയിൽ ജീവിതത്തിൽ സംഭവിച്ച ചില സംഘർഷങ്ങൾ ലാലുമായി പങ്കിടാൻ ഹൃദയം തുടിച്ചു. അദ്ദേഹം വളരെ വളരെ ദൂരെയാണ്. എങ്കിലും എന്നും അടുത്തുണ്ടെന്ന തോന്നൽ തരുന്നയാൾക്കായി കഴിഞ്ഞ ദിവസം ഞാൻ ഏതാനും വരികൾ എഴുതിയിട്ടു. മറുപടി ആഗ്രഹിച്ചു, പ്രതീക്ഷിച്ചില്ല. അദ്ദേഹം അത്രയും തിരക്കിലാണല്ലോ. വാർത്തകൾ സോഷ്യൽ മീഡിയയിൽ ഞാനും വായിക്കുന്നതല്ലേ!
അങ്ങനെ കരുതിയെങ്കിലും അന്നുതന്നെ ആറുമണിയോടെ വാട്‍സാപ് കോളിൽ ലാൽ ആഗതനായി. തിടുക്കം ഉണ്ടായിരുന്നില്ല. വേണ്ടത്ര സമയം തന്നു. പറയാൻ വച്ചതിൽ കുറെയൊക്കെ പങ്കിടാൻ സാധിച്ചു. ഈയിടെ എഴുതിപ്പൂർത്തിയാക്കിയ മുന്നൂറിലധികം പേജുള്ള ആത്മകഥാപരമായ ലേഖനങ്ങളുടെ സമാഹാരം വൈകാതെ പ്രസിദ്ധീകരിക്കുന്ന കാര്യം സൂചിപ്പിച്ചതിനിടെ, അതിൽ അപ്പുവിനെക്കുറിച്ചുള്ള കുറിപ്പിനു ഞാൻ നൽകിയ പേരും പറഞ്ഞു- ‘സൂഫിയുടെ സ്വപ്നാടനങ്ങൾ’. ഉടനെ അദ്ദേഹം അപ്പുവിന്റെ പുതിയ സാഹസങ്ങളെപ്പറ്റി ആനന്ദപൂർവം സംസാരിച്ചു തുടങ്ങി. ‘എൽ കമീനോ’ എന്ന ആശയത്തിൽ, ഫ്രാൻസിൽനിന്നു സ്പെയിനിലേക്കുള്ള ആയിരത്തിലേറെ കിലോമീറ്റർ ദൂരം തനിയെ കാൽനടയായി സഞ്ചരിച്ച അപ്പുവിന്റെ ഇച്ഛാശക്തിയുടെ വിവരണം എന്നിലും ആവേശം നിറച്ചു. വർത്തമാനം ഇങ്ങനെ തുടരുന്നതിനിടെ ഞാൻ ആലോചിച്ചു, ലാൽ എന്നും ഒരേ വിസ്മയഭാവത്തിലാണ് ജീവിതത്തെ കാണുന്നത്. മൂഡ് വേരിയേഷനുകൾ തീരെ ഉണ്ടാകുന്നില്ല. ഇതിങ്ങനെ ഒരു നേർരേഖയിൽ പാലിക്കപ്പെടുന്നതിലെ രഹസ്യം, സംസാരം അവസാനിച്ചതിനുശേഷം എന്നിൽ ഒരു വിചാരവിഷയമായി. ഏതു ജീവിത സന്ദർഭങ്ങളെയും യുക്തിഭദ്രമായി വ്യാഖ്യാനിക്കാനുള്ള ലാലിന്റെ കഴിവിൽ ഞാൻ സ്വാഭാവികമായും എത്തിച്ചേർന്നു. അതെന്നെ മോഹൻലാൽ എന്ന പ്രഹേളികയുടെ ദാർശനികതലങ്ങളിലേക്കു പതിയെ നടത്തി.
സംഘർഷപൂർണമായ ജീവിത സാഹചര്യങ്ങളിൽനിന്നു പുറത്തു കടക്കാൻ ഏതൊരു വ്യക്തിയും നേടുന്ന മാർഗമാണ് ആത്മചിന്തനം. അമേരിക്കയിൽ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലോ മറ്റോ ജോലി ചെയ്യുന്ന ടിൻസി തോമസ് എന്ന കൂട്ടുകാരി സന്ദർഭവശാൽ ഒരു വാട്‍സാപ് ഗ്രൂപ്പിനെപ്പറ്റി സൂചിപ്പിച്ചു- ‘വിട്ടേക്ക്’. എത്ര മനോഹരവും അർഥവത്തുമായ ശീർഷകം! ഇങ്ങനെ നമ്മെ പ്രയാസപ്പെടുത്തുന്ന എന്തിനോടും ‘വിട്ടേക്ക്’ എന്നു പ്രതികരിക്കാൻ സാധിച്ചാൽ തീരാത്തതായി യാതൊന്നുമില്ല. ഇക്കാര്യം ദാർശനിക ഭംഗിയുള്ള നിരവധി വരികളിലൂടെ ഓർമിപ്പിച്ച കലാകാരനാണ് മോഹൻലാൽ. ‘ദ കംപ്ലീറ്റ് ആക്ടർ’ എന്ന പദത്തിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്ന മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ടതായി ഇതിനെ ഞാൻ കരുതുന്നു. സമയാസമയങ്ങളിൽ ലാൽ ഉതിർക്കുന്ന ലാളിത്യം നിറഞ്ഞ ഈ ദാർശനിക ചിന്തകൾ ആരെയും സ്വാധീനിക്കുന്നതാണ്. ഒരു ദാർശനികൻ നടനായി മാറിയതാണോ അതോ നടൻതന്നെ ദാർശനികനായി രൂപാന്തരപ്പെട്ടതാണോ എന്ന സന്ദേഹമേ ഇനി വ്യക്തമാക്കപ്പെടേണ്ടതുള്ളൂ! അത്രമാത്രം, ഈ രണ്ടു സ്വരൂപങ്ങൾ തമ്മിൽ, നദിയും കടലും ഒന്നുചേരുന്ന അഴിമുഖംപോലെ ലയിച്ചുകിടക്കുന്നു.
മേജർ രവിയുടെ ‘കർമയോദ്ധ’യിൽ മോഹൻലാൽ അഭിനയിച്ചുകൊണ്ടിരുന്ന നാളുകളിൽ ഞാനൊരു ദീർഘകവിത എഴുതി- ‘നടന ഗന്ധർവൻ’. നല്ല പ്രചാരമുള്ള വാരികയിൽ ഒരു പഠനത്തോടൊപ്പം കവിത അച്ചടിച്ചു വന്നു. ശ്രീവൽസൻ ജെ.മേനോൻ പത്തു രാഗങ്ങളിലായി പാടിത്തരികയും ഉണ്ടായി. കവിതയുടെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ ഉള്ളടക്കം മോഹൻലാലും അദ്ദേഹം കടന്നുപോയ കലാജീവിതവുമായിരുന്നു. അതു പറയാൻ ദശാവതാര സങ്കൽപത്തെ ഞാൻ ആശ്രയിച്ചു. കവിതയുടെ സാരാംശം ഇതാണ്. ഒരു പകലത്തെ ക്ലേശംപിടിച്ച ഷൂട്ടിങ് തിരക്കിൽനിന്നു ലാൽ ഹോട്ടൽ ‘ട്രാവൻകൂർ കോർട്ടി’ൽ എത്തുന്നു. ചെറുതായി വിശ്രമിക്കുന്നു. സുഹൃത്തുക്കൾക്കു നൽകാൻ ബാക്കി കിടക്കുന്ന മറുപടികൾ കൈമാറുന്നു. അതിനുശേഷം കുളിക്കാനായി പുറപ്പെടുന്നു. വെള്ളത്തിലേക്കിറങ്ങുന്ന ലാൽ ഒരു പൂമീനായി ട്രാൻസ്ഫോം ചെയ്യുന്നു. അവിടെത്തുടങ്ങി, രാത്രിയിൽ ശീതീകരിച്ച ദർബാർ ഹാളിൽ സംഗീതപരിപാടി ആസ്വദിച്ചുകൊണ്ടിരിക്കുന്ന മോഹൻലാലിൽ അവസാനിക്കുന്ന ദീർഘകവിത അദ്ദേഹം പലതവണ കേട്ടു. ഇക്കാര്യം ഇവിടെ എടുത്തെഴുതാൻ ഒരു കുഞ്ഞു കാരണമുണ്ട്- മോഹൻലാലിന്റെ, പോളിമഥ് എന്ന വാക്കുകൊണ്ടു വിശേഷിപ്പിക്കാൻ കഴിയുന്ന, നിരവധി അടരുകളുള്ള വ്യക്‌തിത്വം.
പലരും വിശ്വസിക്കുന്നുണ്ട്- മോഹൻലാൽ കടുത്ത ഓഷോ ഫാനാണ്, ഓഷോയുടെ ചിന്താപഥങ്ങളിലൂടെയാണ് ലാൽ സഞ്ചരിക്കുന്നത്! പൂർണമായും ശരിയായ നിഗമനമല്ല. ലാൽ ഓഷോയെ ധാരാളമായി വായിച്ചിട്ടുണ്ട്, ഗഹനമായി ഉൾക്കൊണ്ടിട്ടുണ്ട്. എങ്കിലും ഓഷോയിൽനിന്നു ലാൽ എന്തൊക്കെ എടുത്തിട്ടുണ്ടെന്നു പറയാൻ ഞാൻ ആളല്ല. ഞാൻ കൗതുകത്തോടെ കണ്ടിരുന്ന ചില ചാനൽ അഭിമുഖങ്ങളിലും പത്ര മാധ്യമങ്ങളിലും ചില സിനിമകളുടെ പ്രമോഷന്റെ ഭാഗമായി നടന്ന സംവാദങ്ങളിലും ലാൽ അവതരിപ്പിച്ച ഏതാനും ഓഷോദർശനങ്ങൾ ഒരു റഫറൻസിനുവേണ്ടി ഉദ്ധരിക്കാം-
‘എപ്പോഴും യാഥാർഥ്യബോധമുള്ളവർ ആയിരിക്കുക, വിസ്മയങ്ങൾക്കായി ആസൂത്രണം ചെയ്യുക. മരണാനന്തര ജീവിതം ഉണ്ടോ എന്നല്ല യഥാർഥ ചോദ്യം, മരണത്തിനു മുമ്പ് നിങ്ങൾ ജീവിച്ചിരിപ്പുണ്ടോ എന്നതാണ് യഥാർഥ ചോദ്യം. വേറെ ഒരാളായി മാറുക എന്ന ആശയം ഉപേക്ഷിക്കുക, അതിന് നിങ്ങളെ മെച്ചപ്പെടുത്താൻ കഴിയില്ല, നിങ്ങൾ അതിലേക്ക് വന്നാൽ മതി. നിങ്ങൾ ഒരു പൂവിനെ സ്നേഹിക്കുന്നുവെങ്കിൽ പൊട്ടിച്ചെടുക്കരുത്, എടുത്താൽ പൂവ് മരിക്കും, സ്നേഹം കൈവശം വയ്ക്കുന്നതല്ല, അത് ആസ്വദിക്കേണ്ടതാണ്. അന്വേഷിക്കരുത്, ആവശ്യപ്പെടരുത്, റിലാക്സ് ചെയ്യുക, നിങ്ങൾ റിലാക്സ് ചെയ്താൽ അത് വന്നെത്തും, നിങ്ങൾ റിലാക്സ് ചെയ്താൽ അത് ലഭിക്കും, നിങ്ങൾ റിലാക്സ് ചെയ്താൽ അത് അവിടെത്തന്നെ ഉണ്ടാകും.’ ഈ മോഹനചിന്തകളിലൂടെ ലാൽ സമാർജിക്കുന്ന സ്വച്ഛതയാണ് ലാലിന്റെ അഭിനയകലയുടെ ഏറ്റവും ഉയർന്ന മേന്മയായി എല്ലാവരും അനുഭവിക്കുന്ന സ്വാഭാവികത.
ഓഷോയുടെ ഈ ജീവിത ദർശനങ്ങളിൽ മാത്രമായി ലാൽ തളഞ്ഞു കിടക്കുന്നില്ല. ഭാരതീയവും പാശ്ചാത്യവുമായ ദർശനിക വിചാരങ്ങളിലൂടെ അദ്ദേഹം എത്രയോ ദൂരം യാത്ര ചെയ്തു. ഈ വസ്തുത ഞാൻ പലകുറി തിരിച്ചറിഞ്ഞിട്ടുണ്ട്. ഫിലോസഫിയിൽ എനിക്കുള്ള സഹജമായ താൽപര്യം കാരണം ലാൽ എന്തുപറയുമ്പോഴും അതിൽ ഏതു വിശ്വദാർശനികനാണ് മുഖം നോക്കുന്നത് എന്നു ഞാൻ ഗൂഢമായി തിരയും. അങ്ങനെ പലരെയും ലാലിൽ ഉദ്ഖനനം ചെയ്തെടുത്തു. സോക്രടീസ്, കൺഫ്യൂഷ്യസ്, പ്ലേറ്റോ, എപ്പിക്യുറസ്, അരിസ്റ്റോട്ടിൽ, ബുദ്ധൻ എന്നിവരൊക്കെ അവിടെ നിൽക്കട്ടെ. അവർ അരുളുന്നതെല്ലാം പൊതുവായ പ്രപഞ്ച സത്യങ്ങളാണ്, നിരക്ഷരകുക്ഷികൾക്കും സ്വയംഭൂവായി ലഭിക്കുന്ന ഉൾവിളികൾ. അതിനപ്പുറം സമകാലിക ജീവിത സന്ദർഭങ്ങൾക്കു ചേരുന്ന ദാർശനിക ചിന്തകൾ ലാലിൽനിന്നു നിറയെ പുറത്തുവരുന്നുണ്ട്.
സെനക, റൂസോ, റാൽഫ് വാൽദൊ എമേഴ്‌സൺ, ഇമ്മാനുവൽ കാന്റ്, ജോസഫ് ക്യാമ്പെൽ, ഫ്രീഡ്രിക് നീച്ചേ, എഡ്‌മണ്ട് ബ്രുക്, കാൾ റോജേഴ്‌സ്, ജോൺ ഡോൺ, ജോൺ റോൾസ്, ഇമ്മാനുവൽ ലവിനാസ് തുടങ്ങിയ പടിഞ്ഞാറൻ ചിന്തകന്മാർ ഏതൊക്കെയോ കാലങ്ങളിൽ അവതരിപ്പിച്ച ആശയങ്ങൾ എങ്ങനെ മോഹൻലാലിന്റെ നാവിൻതുമ്പിൽ അനായാസമായും സന്ദർഭോചിതമായും അവതരിക്കുന്നു എന്ന ജിജ്ഞാസയെ ഞാൻ ഒളിപ്പിക്കുന്നില്ല. ഒരിക്കൽ ഒരു വിവാദ വിഷയത്തെ സംബന്ധിച്ച പ്രതികരണമായി ലാൽ പറഞ്ഞു- ‘ജീവിതത്തെ നേരിടുമ്പോൾ നമ്മൾ ഉത്തരവാദിത്തത്തോടെ ഇടപെടണം. നമുക്ക് എപ്പോഴും കൃത്യമായി ഉറപ്പുണ്ടാവണം. ഇതിനെയല്ലേ, നമ്മൾ ജീവിതത്തിലെ മോറാലിറ്റി എന്നൊക്കെ പറയുന്നത്!’ ഇതേ കാര്യം ഉൾക്കൊള്ളുന്ന ഒരു വാക്യം ഴാങ് പോൾ സാർത്ര് എഴുതിയിട്ടുള്ളതാണ്- ‘ഏതു കാര്യം പറയുമ്പോഴും അതിൽ നമുക്ക് ഒരു ആധികാരികത വേണം. അതിലാണ് നമ്മുടെ മോറാലിറ്റി.’ മാർട്ടിൻ ഹൈഡിഗെറുടെ ബീയിങ് ആൻഡ് ടൈം എന്ന ആശയവും ലാൽ പറഞ്ഞതിൽ അടങ്ങിയിട്ടുണ്ട്. സമൂഹത്തിൽ വ്യാപകമായി കണ്ടുവരുന്ന കരുണാശൂന്യതയെക്കുറിച്ചു സംസാരിക്കുന്നതിനിടെ ലാൽ സുഹൃത്തുക്കളോടു ചോദിക്കുന്നു- ‘നമ്മൾ മറ്റു മനുഷ്യരെപ്പറ്റികൂടി ചിന്തിക്കണ്ടേ? അവരുടെ ഉത്തരവാദിത്തങ്ങൾകൂടി പങ്കിടണ്ടേ? നമ്മുടെ വ്യക്തിതാൽപര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടല്ലാതെയും മറ്റുള്ളവരുടെ ആവശ്യങ്ങൾക്ക് കുറച്ചൊക്കെ പ്രാധാന്യം കൊടുക്കാമല്ലോ!’ എത്തിക്സ് ഓഫ് അതേഴ്‌സിൽ ഇമ്മാനുവൽ ലവിനാസും തിയറി ഓഫ് ജസ്റ്റിസിൽ ജോൺ റാൾസും ഇതല്ലാതെ വേറെ എന്താണ് വിശദീകരിക്കുന്നത്! ‘ഓരോ മനുഷ്യനും സ്വയം ഒരു ദ്വീപല്ല, ഓരോ മനുഷ്യനും ഒരു ഭൂഖണ്ഡത്തിന്റെ ഭാഗമാണെ’ന്നു ജോൺ ഡോൺ പറയുന്നതിനെയും ലാൽ ജീവിതത്തിൽ പ്രതിഫലിപ്പിക്കുന്നു.
പ്രണയം ലാൽ ഏറെ ആസ്വദിക്കുന്ന വിഷയമാണ്. ഒരിക്കൽ ഇതിനെപ്പറ്റി മാത്രം ഒരു ദീർഘ അഭിമുഖം എടുക്കാൻ ഞാൻ ആഗ്രഹിച്ചു, അനുവാദവും തന്നു. റെക്കോർഡർ ഓണാക്കിയശേഷം ഞാൻ നേരത്തേ തയാറാക്കിയ ചോദ്യങ്ങൾ എടുത്തു. അഞ്ചോ ആറോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാവും. പക്ഷേ ലാൽ തന്ന ഉത്തരങ്ങളിൽ ബാക്കികിടന്ന ഇരുപതോളം ചോദ്യങ്ങൾക്കുള്ള മറുപടികളും വന്നു. ഞാൻ അൽപം നിരാശപ്പെട്ടതായി തോന്നിയതുകൊണ്ടാവാം, ലാൽ പറഞ്ഞു- ‘നമുക്ക് ഒന്നുകൂടി നോക്കാം. വേറെ തരത്തിൽ പറയാം.’ ഞാൻ തയാറായില്ല. അത്രയും വ്യക്തത ആ വിഷയത്തിൽ ലാലിൽനിന്ന് എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. അവയിൽ ചിലതെങ്കിലും ഇപ്പോഴും ഓർക്കുന്നുണ്ട്. ഒരെണ്ണം ഇങ്ങനെയാണ്- ‘സത്യത്തിൽ നമ്മൾ എല്ലാ ദിവസവും പ്രണയിക്കുന്നുണ്ട്. അതൊരു ഫീലിങ് മാത്രമല്ലല്ലോ’. ഇതിൽനിന്നു വ്യത്യസ്തമായിട്ടല്ല, ഫീലിങ് ഓഫ് പാഷൻ എന്നു പറഞ്ഞുകൊണ്ട് പീറ്റർ ക്രീഫ്ട് പ്രണയത്തെ നിർവചിച്ചത്. ഈ വിഷയത്തിൽ ലാലിന്റെ ചിന്തകൾ സെന്റ് അഗസ്റ്റിനിൽ വരെ എത്തി- ‘അതിരില്ലാതെ പ്രണയിക്കുന്നതാണ് പ്രണയത്തിന്റെ അതിരും അളവും.’ പ്രണയത്തെയും രതിയെയും വേർതിരിച്ചുകൊണ്ട്, രതി അനിവാര്യമായ ക്ഷണികാനുഭൂതിയാണെന്നും പ്രണയം നിങ്ങളെ വിട്ടു പോകുന്നതല്ലെന്നും ലാൽ അസന്ദിഗ്ധമായി പറയുമ്പോൾ, അതിൽ ചില സ്വകാര്യ അനുഭവങ്ങളെയും ചേർത്തുതരുമ്പോൾ മാർട്ടിൻ റൂബിൻ എതിരെ ഇരിക്കുന്നതുപോലെ എനിക്കു തോന്നി. ‘ലൈംഗികത ഏറ്റവും സ്വാഭാവിക പ്രക്രിയയാണ്, പ്രകൃതിയിലുള്ളതേ ഇവിടെയും സംഭവിക്കുന്നുള്ളൂ, ഞാനും പ്രകൃതിയുടെ ഭാഗമല്ലേ’ എന്നൊക്കെ സരസമായി അഭിമുഖങ്ങളിലും തുറന്നടിക്കുന്ന വേളയിൽ മെർലിൻ മൺറോയെ നമ്മൾ ഓർക്കാതിരിക്കുമോ?
ഇനി പല അവസരങ്ങളിലും ലാൽ പറഞ്ഞിട്ടുള്ളതും പാലിച്ചു കണ്ടിട്ടുള്ളതുമായ ചില ജീവിത തത്ത്വങ്ങൾകൂടി പറയാം- ‘ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുക, പാഷനോടും ലക്ഷ്യത്തോടുംകൂടി ജീവിക്കുക, എന്നും മറ്റുള്ളവരിൽനിന്നും എന്തെങ്കിലും പഠിച്ചെടുക്കാനുള്ള വിനയം ഉണ്ടായിരിക്കുക, നിങ്ങളുടെ കഴിവുകളും റിസോഴ്സുകളും ലോകത്ത് ഏറ്റവും നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുക, ഇതൊക്കെ നമ്മുടെ മനസ്സിൽ സംഭവിക്കേണ്ടതാണ്’ എന്നിങ്ങനെ ഒഴുക്കോടെ ലാൽ പറഞ്ഞുകൊണ്ടിരിക്കെ, ലിയോ ടോൾസ്റ്റോയിയുടെ ഒരു കൊച്ചു വചനത്തെ അതിനോടു യോജിക്കുന്നതായി ഞാനും ഓർത്തു- ‘നിങ്ങൾക്ക് സന്തോഷവാനായിരിക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ആയിരിക്കുക.’ ഇങ്ങനെ കേവല സല്ലാപത്തിൽ കോർത്തുപോകുന്നവ അല്ലാതെയും ലഘു പ്രഭാഷണങ്ങളിലും വിശേഷദിവസങ്ങളിൽ നൽകുന്ന സന്ദേശങ്ങളിലും എന്തിന്, ചില പരസ്യവാക്യങ്ങളിലും ദാർശനിക ചിന്തകളെ ഏറ്റവും ലളിതമായി ലാൽ അവതരിപ്പിച്ചിട്ടുണ്ട്. പലതും സൂക്തങ്ങൾപോലെ നാട്ടിൽ പ്രചരിക്കുന്നു. അവയിൽ ഹൃദയസ്പർശിയായി തോന്നിയിട്ടുള്ളതും നിത്യജീവിതത്തിൽ പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുമായ ഒരു മധുരവാക്യമാണ്- ‘വിജയം എന്നത് ലക്ഷ്യങ്ങൾ നേടുക മാത്രമല്ല. നിങ്ങളുടെ യാത്രയിൽ സന്തോഷവും സംതൃപ്തിയും കണ്ടെത്തുന്നതു കൂടിയാണെന്ന് ഓർക്കണം.’
പാലക്കാട് ‘ഒടിയൻ’ ചിത്രീകരിച്ചു കൊണ്ടിരുന്ന നാളൊന്നിൽ സന്ദർശകനായി ഞാനും ലൊക്കേഷനിൽ പോയി. നേരം നന്നേ ഇരുട്ടിയിരുന്നു. മനോജ് ജോഷിയുമായുള്ള കോംബിനേഷൻ കഴിഞ്ഞതിനുശേഷം വാഹനത്തിൽ ചെറിയൊരു സദിര്. തിരക്കഥാകാരൻ ഹരികൃഷ്‌ണനും ഹാജരുണ്ടായിരുന്നു. മലമ്പുഴയിലെ ‘ട്രിപെന്റ’ ഹോട്ടലിലേക്കു മടങ്ങവേ ലാൽ എന്നെയും ചേർത്തു. രാപാർക്കാൻ മുറി ഏർപ്പാടാക്കി- 4012. വർത്തമാനം കഴിഞ്ഞു പിരിയാൻനേരം രാവിലെ കസർത്തുമുറിയിൽ കാണാമെന്നു പറഞ്ഞിരുന്നു. ഞാൻ ഡംബെല്ലുകളുടെ ഭാരം പരിശോധിക്കുന്നതിടെ ലാൽ പറഞ്ഞു- ‘ഫിസിക്കൽ മാത്രം പോരാ, ഇമോഷണലായും സ്പിരിച്വലായുമുള്ള വെൽബീയിങ് നമ്മുടെ ജീവിതത്തിലെ സന്തോഷത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഞാൻ ഇതിൽ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ വേണം.’ ഈ സദുപദേശത്തിൽ ഹാപ്പിനെസിനെ ഒരു പാഷനായി കണക്കാക്കുന്ന ലാലിനെ ഞാൻ കണ്ടു.
ഹാപ്പിനെസിനു ലാൽ നൽകുന്ന പ്രാധാന്യത്തെ മനസ്സിൽ വച്ചുകൊണ്ട് ഒരിക്കൽ ഞാൻ പറഞ്ഞു- ‘ലാൽ, യു ആർ ആൻ അബ്സല്യൂട് പവർ ഹൗസ് ഓഫ് ഹാപ്പിനെസ്’. ഒരിക്കലും തീർന്നു പോകാത്ത ഹാപ്പിനെസിന്റെ വൻശേഖരം. സത്യത്തിൽ, ലാൽ അവതരിപ്പിക്കുന്ന തത്ത്വചിന്തകളുടെ ഗോമുഖവും ഈ ഹാപ്പിനെസാണ്. പതിയെപ്പതിയെ ലാൽ ഇതിനെ ഒരു ഫിലോസഫിയാക്കി മാറ്റിയിട്ടുണ്ട്. യാത്രകളിൽനിന്ന് ഇഷ്ടസൗഹൃദങ്ങളിൽനിന്ന്, കലകളിൽനിന്ന്, ഭൗതിക അനുഭവങ്ങളിൽനിന്ന്, ക്ഷണിക ബന്ധങ്ങളിൽനിന്ന് ഇന്നും ശേഖരിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും അങ്ങോട്ടു നൽകിക്കൊണ്ടും ഹാപ്പിനെസ് ലാൽ നേടിയെടുക്കുന്നു. ലാൽ പറയുന്നു- ‘സന്തോഷത്തിന്റെ താക്കോൽ വിജയങ്ങളല്ല, വിജയങ്ങളുടെ താക്കോൽ സന്തോഷമാണ്. അത് ഏറ്റവും വലിയ സമ്പത്താണ്. മനസ്സിന്റെ അവസ്ഥയാണ്. അത് നമ്മൾ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന സ്ഥലത്തുനിന്നും ലഭിക്കുന്നതല്ല’. ഈ വാക്കുകളെ ബുദ്ധവചനവും ശരിയായി സമർഥിക്കുന്നുണ്ട്- എല്ലാം മനസ്സാണ്. നിങ്ങൾ മനസ്സിൽ ചിന്തിക്കുന്നത് എന്താണോ അത് ആയിത്തീരുന്നു.’ ഇവിടെ വില്യം സരോയൻ മുന്നോട്ടുവച്ച നിരീക്ഷണംകൂടി കൃത്യമായി ചേർന്നുവരുന്നുണ്ട്- ‘നിങ്ങൾക്ക് സന്തോഷം ആവശ്യമില്ല എന്ന് അറിയുകയാണ് ഏറ്റവും വലിയ സന്തോഷം.’ ലാൽ ഈ വിശ്വാസത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന മനുഷ്യജീവിയും കലാനിപുണനുമാണ്.
‘ഫിലോസഫിക്കൽ എന്റർടെയ്നറാ’യി വിശേഷിപ്പിക്കപ്പെടുന്ന അലൻ വിൽസൺ വാട്ട്സ് എന്ന ബിട്ടിഷുകാരനെ ഞാൻ വളരെ സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ മരണാനന്തരം മകൻ പ്രസിദ്ധീകരിച്ച ധാരാളം പോഡ്‌കാസ്റ്റുകൾ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്. പുതിയ ക്രേസുകൾ പങ്കിടുന്നതിനിടെ ഈ പേരും ലാലുമായി സംസാരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ഒഴുക്കിനൊപ്പം പോകുക എന്ന ആശയം ചിത്രീകരിക്കാൻ വാട്ട്സ് പലപ്പോഴും നദിയുടെ ഉപമ ഉപയോഗിച്ചു. ഒഴുക്കുകളിലൂടെയും വളവുകളിലൂടെയും തിരിവുകളിലൂടെയും നമ്മെ കൊണ്ടുപോകാൻ അനുവദിച്ചുകൊണ്ട് ഒരു നദിപോലെ ജീവിതത്തെ സമീപിക്കണമെന്നാണ് അലൻ വാട്ട്സ് ആവശ്യപ്പെടുന്നത്. ഇതിനെ വേറൊരുതരത്തിൽ ലാലും അവതരിപ്പിച്ചിട്ടുണ്ട്. ലാൽ പറയുന്നു- ‘നമ്മൾ ജീവിതത്തിന്റെ സ്വാഭാവിക ഒഴുക്കിനെ എതിർക്കുന്നത് മനസ്സുഖം കെടുത്തുന്ന ഉരസലുകളും സ്പർധയും സൃഷ്ടിക്കാൻ കാരണമാകും. മാറ്റത്തെ സ്വീകരിക്കുകയും ജീവിതത്തോടൊപ്പം ഒഴുകുകയും ചെയ്‌താൽ നമ്മുടെ ജോലി ഏകാഗ്രതയോടെ കൊണ്ടുപോകാൻ സാധിക്കും.’ ഒരേ സമയം ഒട്ടേറെ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ലാലിൽ കാണുന്ന മൾട്ടിപ്പിൾ സ്കിൽ ഇങ്ങനെ ഉണ്ടായതാണ്.
പാലി ഭാഷയിൽ ‘തിപിടക്’ എന്നും സംസ്കൃതത്തിൽ ‘ത്രിപിടക്’ എന്നും പരാമർശിക്കുന്ന ബുദ്ധധർമഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് എക്കാർട് ടോളെയും തിക് നട് ഹാനും നിരന്തരം പറയുന്ന 'ഇന്നിൽ ജീവിക്കുക' എന്ന തത്ത്വത്തെ ലാൽ ജീവിതത്തിലെ അടിസ്ഥാനശിലയായി കരുതുന്നു. ചില ചലച്ചിത്ര സംരംഭങ്ങൾ ലക്ഷ്യത്തിൽ ചെന്നെത്താതെ പോകുമ്പോൾ സങ്കടപ്പെടുന്നവരോട് ലാൽ പറയും- ‘ഇന്നലെയെപ്പറ്റി ചിന്തിക്കാതിരിക്കുക. ഈ നിമിഷത്തിൽ സന്തോഷം തരുന്ന എത്രയോ നല്ല നല്ല കാര്യങ്ങൾ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു.’ ഇങ്ങനെ പറഞ്ഞ സന്ദർഭത്തിൽ ‘ജീവിതം പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്നമല്ല, അനുഭവിക്കേണ്ട യാഥാർഥ്യമാണെ’ന്ന് സോറൻ കീർക്കെഗാഡ് വ്യക്തമാക്കിയതിൽനിന്നും ലാൽ പ്രചോദനം എടുത്തു കാണണം. 'വിജയം അന്തിമം അല്ലെന്നും പരാജയം മാരകമല്ലെന്നും നമ്മുടെ പ്രവൃത്തി തുടരാനുള്ള ധൈര്യമാണ് അതെന്നും’ വിൻസ്റ്റൻ ചർച്ചിൽ അഭിപ്രായപ്പെട്ടതിനെയും അവിടെ ലാൽ നിശ്ചയമായും ഓർത്തിട്ടുണ്ടാവും. ‘നാം വേദനയെ ആശ്ലേഷിക്കുകയും യാത്രയ്ക്കുള്ള ഇന്ധനമായി കത്തിക്കുകയും വേണമെന്ന’ കെൻജി മിയാസാവയുടെ വാക്കുകൾ ലാലിനു പിന്നെയും പ്രചോദനമായിട്ടുണ്ടാവും എന്നും ഞാൻ വിശ്വസിച്ചു.
ചരിത്രത്തിൽ രണ്ടുതരം മനുഷ്യരെ കാണുന്നുണ്ട്. ചിലർ ദാർശനികരായിത്തന്നെ ജീവിച്ചു. ഷേക്സ്പിയർ മുതൽ പൗലോ കൊയ്‌ലോ വരെയുള്ള ചിലർ സാഹിത്യരചനകളുടെ, കലയുടെ ഭാഗമായി തത്ത്വചിന്തകളെ അവതരിപ്പിച്ചു. ലാൽ രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നതായി ഞാൻ ധരിക്കുന്നു. റിനേ ഡികാർട് പരിചിതമാക്കിയ ചിന്തകളുടെ അന്തഃസാരം ലാൽ വ്യക്തിത്വത്തിൽ നേരെ എടുത്തുവച്ചിട്ടുണ്ട്- 'സ്വയം അവബോധവും വിമർശനാത്മക ചിന്തയും ലോകത്തെ മനസിലാക്കുന്നതിനും അറിവുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും നിർണായകമാണ്. അത് വിജയകരമായ ജീവിതം നയിക്കുന്നതിന് വളരെ പ്രധാനമാണ്.' അതേ സാന്ദ്രതയിൽ, മതങ്ങളുടെ ബദലായി കലകളെ അവതരിപ്പിക്കാമെന്നുള്ള ഫ്രീഡ്രിക് നീച്ചേയുടെ വാദത്തെയും ഉൾക്കൊള്ളാനാകുന്ന ഒരു കലാഹൃദയം ലാലിൽ പണ്ടേ വളർന്നുകഴിഞ്ഞതാണ്.
മോഹൻലാൽ എത്രയും സ്വാഭാവികമായി പറയുന്ന വാക്കുകളിലെവിടെയും അറിഞ്ഞോ അറിയാതെയോ ഫിലോസഫിയുടെ ഫ്ലേവർ കലർന്നിരിക്കാൻ ഞാൻ ചില കാരണങ്ങൾ കാണുന്നുണ്ട്- പതിറ്റാണ്ടുകളായി വ്യത്യസ്ത അനുഭവങ്ങൾ പേറുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്, വിപുലമായ വായനാശീലം, ആത്മജ്ഞാനം, പിന്നെ സജ്ജനങ്ങളുമായുള്ള സമ്പർക്കം. ഫിലോസഫിയിൽ അനുരാഗിയായ ലാൽ ബ്ലെസ്സിയുടെ 'പ്രണയ'ത്തിൽ ഒരു ഫിലോസഫി പ്രഫസറായും അഭിനയിച്ചിട്ടുണ്ട്. അതിൽ പക്ഷേ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് പ്രഫ. മാത്യൂസ് വേദാന്തം അവതരിപ്പിച്ചത്. സത്യത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ഈ ദാർശനിക ചിന്തകളെ ലാൽ ക്രോഡീകരിക്കേണ്ടതായിട്ടുണ്ട്. കാരണം ലളിതവും നന്മയുള്ളതും പ്രകാശം നിറഞ്ഞതും കൃതജ്ഞതാഭരിതവും ആനന്ദപൂർണവുമായ ജീവിതത്തെ നിർമിച്ചെടുക്കാൻ അവ വളരെ സഹായിക്കുന്നതായി ഞാൻ വിശ്വസിക്കുന്നു. മറിച്ചുനോക്കാൻ പാകത്തിൽ അതൊരു ഗ്രന്ഥമായി രൂപപ്പെടട്ടെ എന്ന ആഗ്രഹത്തിന്മേൽ എഴുതുന്നതാണ് ഈ പിറന്നാൾ ആശംസപോലും! ലാൽ ഇതു വായിക്കാൻ ഇട വന്നാൽ ഉദ്ധരിക്കാൻ സാധ്യതയുള്ള ഒരു ഫിലോസഫി ഞാൻ ഇപ്പോഴേ പ്രവചിക്കാം-
‘നാം കാണുന്നതോ നമുക്ക് തോന്നുന്നതോ ആയ എല്ലാം ഒരു സ്വപ്നത്തിനുള്ളിലെ സ്വപ്നം മാത്രമാണ്.’
(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്.)