Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കാത്തുനിൽപ് സത്യസന്ധമായ ഇന്ത്യയ്ക്ക് വേണ്ടി: മോഹൻലാൽ

mohanlal-blog

നോട്ടുനിരോധനത്തെ അനുകൂലിച്ച് മോഹൻലാൽ. പുതിയ ബ്ലോഗിലൂടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെ പ്രശംസിച്ച് മോഹൻലാൽ എത്തിയത്.നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേട്ടുവെന്നും ആത്മാർത്ഥമായി നടത്തിയ സർജിക്കൽ സ്ട്രൈക്ക് തന്നെയായിരുന്നു ആ പ്രസംഗവും അതിന് ശേഷം നടന്ന സംഭവങ്ങളുമെന്ന് മോഹൻലാൽ പറഞ്ഞു.

‘ഏറ്റവും സൂക്ഷമമായി ഇന്ത്യയെ പഠിച്ചതിന്റെ മുദ്രകൾ ആ പ്രസംഗത്തിൽ ഉണ്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. പാവപ്പെട്ടവനാണെങ്കിലും അഭിമാനിയായ ഇന്ത്യാക്കാരനെ അദ്ദേഹം മുന്നിലേക്ക് നിർത്തി. തന്റെ വാഹനത്തിൽ പണമോ ആഭരണമോ വച്ചു മറന്ന അഞ്ജാതനായ യാത്രക്കാരനെ തിരഞ്ഞുപോകുന്ന പാവപ്പെട്ട ഓട്ടോ ഡ്രൈവറേ അദ്ദേഹം ഉദാഹരിച്ചു. അയാളുടെ സത്യസന്ധത, ഒന്നിനും വേണ്ടിയല്ലാത്ത സഹനം. അത്തരത്തിലുള്ള കോടിക്കണക്കിന് മനുഷ്യർ. അതുപോലെ തന്നെ കള്ളപ്പണവും, കളളനോട്ടുമായി തിളയ്ക്കുന്ന സമാന്തര സാമ്പത്തിക ലോകവും ഇവിടെ നിൽക്കുന്നു. അത് ആത്മാഭിമാനിയായ പാവപ്പെട്ട ഇന്ത്യാക്കാരന്റെ മുന്നിലൂടെ, അവന്റെ സത്യസന്ധതയെ പരിഹസിച്ചുകൊണ്ട് പുളച്ച് ചിരിച്ച് കടന്നുപോകുന്നു. ഇതിന് അറുതി വരുത്താനും അഴിമതിയുടെ മറയിൽ പതിയിരുന്നാക്രമിക്കുന്ന തീവ്രവാദത്തിനും എതിരായാണ് തന്റെ സർജിക്കൽ സ്ട്രൈക്ക് എന്ന് നമ്മുടെ പ്രധാനമന്ത്രി പറയുന്നതും ഞാൻ കേട്ടു.’–മോഹൻലാൽ പറഞ്ഞു.

താനൊരു വ്യക്തി ആരാധകനല്ലെന്നും ആശയങ്ങളെയാണ് ആരാധിക്കുന്നതെന്നും മോഹൻലാൽ വ്യക്തമാക്കി. എടിഎം കൗണ്ടറുകൾക്ക് മുന്നിലെ നീണ്ട ക്യൂവിനെപ്പറ്റിയും ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും മോഹൻലാൽ പറയുന്നു. ‘ഇത്തരം വലിയ തീരുമാനമെടുക്കുമ്പോൾ അതിനെ പിന്‍തുടർന്ന് വലിയ വിഷമങ്ങൾ ഉണ്ടാകും. മദ്യ ഷോപ്പിന് മുന്നിലും സിനിമാശാലകൾക്ക് മുന്നിലും മതവിഭാഗങ്ങളുടെ ആരാധാനാലയങ്ങൾക്ക് മുന്നിലും പരാതികളിലിലാതെ വരിനിൽക്കുന്ന നമ്മൾ ഒരു നല്ല കാര്യത്തിനു വേണ്ടി അൽപസമയം വരിനിൽക്കാൻ ശ്രമിക്കുന്നതിൽ കുഴപ്പമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇത് പറയുമ്പോൾ നിങ്ങൾക്കെന്തറിയാം വരി നിൽക്കുന്നതിന്റെ വിഷമം എന്ന മറുചോദ്യം കേൾക്കുന്നു. കേരളത്തിലും ഇന്ത്യയിലും പുറം രാജ്യങ്ങളിലും പോയാൽ എനിക്കവസരം ലഭിച്ചാൽ ഞാനും എല്ലാവരെയും പോലെ വരിനിന്നാണ് ആവശ്യങ്ങൾ നിവർത്തിക്കാറുള്ളത്.’മോഹൻലാൽ പറഞ്ഞു.

‘നോട്ട് പിൻവലിക്കൽ എല്ലാ വിഭാഗങ്ങളെയും പോലെ കേരളത്തിൽ നിന്നും എത്രയോ ദൂരെ വന്ന് സിനിമ ഷൂട്ട് ചെയ്യുന്ന ഞങ്ങളെയും ബാധിച്ചിട്ടുണ്ട്. വലിയ പണച്ചെലവുള്ള സിനിമാ മേഖലയിൽ അത് വേഗം പ്രതിഫലിക്കുകയും ചെയ്യും. എന്നാൽ ഞങ്ങളത് സഹിക്കുന്നു പ്രശ്നങ്ങളെ മറികടക്കാൻ കൂട്ടായി പരിശ്രമിക്കുന്നു. വ്യക്തിപരമായി ഞാനുമായി ബന്ധപ്പെട്ട പല മേഖലകളെയും ഈ സാമ്പത്തിക പുനഃക്രമീകരണം വല്ലാതെ ബാധിക്കും. അതും വ്യക്തിപരമായി ഞാൻ സഹിക്കുന്നു. ഇതെല്ലാം രാജ്യ നന്മയ്ക്ക് വേണ്ടി നിലകൊള്ളുന്ന പൗരൻ എന്ന നിലയ്ക്ക് മാത്രമല്ല മറിച്ച് വിവേകത്തോടെ ചിന്തിക്കാൻ സാധിക്കുന്ന ഒരു മനുഷ്യൻ എന്ന നിലയിൽ കൂടിയാണ്.’

ജീവിതം എന്നത് എല്ലായ്പ്പോഴും ഒരേ വേഗത്തിലും, താളത്തിലും വർണത്തിലും കടന്ന് പോവുന്ന ഒന്നല്ല. അതിന് ചിലപ്പോൾ വേഗം കുറയും, വർണപ്പകിട്ടുകൾ മായും, അത്തരം അവസ്ഥകളെ നേരിടുക ഏറെ ബുദ്ധിമുട്ടുമാണ്. എന്നാൽ അത് നാം സ്നേഹിക്കുന്ന എന്തിനെങ്കിലും വേണ്ടിയാണെങ്കിൽ ബുദ്ധിമുട്ടുകൾ ബുദ്ധിമുട്ടുകളായി തോന്നില്ല. അത്തരം സന്ദർഭങ്ങളിൽ വിഷമങ്ങൾ കൂടി മധുരിക്കും. മോഹൻലാൽ പറഞ്ഞു.

‘ഈ നോട്ട് നിരോധനം ഒരു നല്ല സത്യസന്ധമായ ഇന്ത്യയ്ക്ക് വേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ട് ഞാൻ അതിനെ ഈ രാജ്യാതിർത്തിയിലെ മരുഭൂമിയിലിരുന്നു കൊണ്ട് സല്യൂട്ട് ചെയ്യുന്നു. ജയ് ഹിന്ദ്, സ്നേഹപൂർവം, മോഹൻലാൽ