അര്‍ബുദത്തോട് പൊരുതി ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ ചലചിത്രതാരം ജിഷ്ണുവിന്‍റെ ഓര്‍മകളും മനോരമ ന്യൂസ് കേരള കാന്‍ ലൈവത്തോണ്‍ വേദിയില്‍ നിറഞ്ഞു. ചലച്ചിത്രതാരം കൈലാഷിന്‍റെ നേതൃത്വത്തില്‍ ഒത്തുകൂടിയ ജിഷ്ണുവിന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യ ധന്യയും ജിഷ്ണുവിന്‍റെ ഓര്‍മകള്‍ പങ്കുവച്ചു.
കൊച്ചിയില്‍ ജിഷ്ണു താമസിച്ചിരുന്ന ഫ്ളാറ്റിലാണ് സംവിധായകന്‍ കമലിനൊപ്പം ജിഷ്ണുവിന്‍റെ സുഹൃത്തുക്കള്‍ ജിഷ്ണുവിന്‍റെ ഓര്‍മകളുമായി ഒന്നിച്ചിരുന്നത്.
രോഗം മൂര്‍ഛിച്ച വേളയിലും ജിഷ്ണുവില്‍ നിറഞ്ഞു നിന്നിരുന്ന ആത്മവിശ്വാസത്തെ പറ്റിയാണ് ജിഷ്ണുവിന്‍റെ ഭാര്യ ധന്യയ്ക്കും പറയാനുണ്ടായിരുന്നത്. ‘ജിഷ്ണുവിന്റെ രോഗവും ചികിത്സിച്ച് മാറ്റാൻ സാധിക്കുമായിരുന്നു. ചിലപ്പോള്‍ തോന്നും എവിടെയോ തെറ്റുപ്പറ്റി പോയെന്ന്. തനിക്ക് തന്റെ അച്ഛനെ ആദ്യം കാൻസർ മൂലം നഷ്ടപ്പെട്ടു. ഇപ്പോൾ ജിഷ്ണുവിനേയും നഷ്ടമായി. ’ധന്യ പറയുന്നു.
രോഗം മൂർഛിച്ച് നിൽക്കുന്ന അവസ്ഥയില്‍ ജിഷ്ണു മരണപ്പെട്ടുന്ന എന്ന രീതിയിലുള്ള വ്യാജപോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ തന്നെ മാനസികമായി വേദനിപ്പിച്ചിരുെന്നന്ന് ധന്യ പറഞ്ഞു.
‘ജിഷ്ണുവിനെ രണ്ടാമതും കാന്‍സര്‍ പിടികൂടിയ സമയത്താണ് മരണപ്പെട്ടു എന്നതു പോലുള്ള സന്ദേശങ്ങള്‍ പരന്നത്. ശരിക്കും എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിലായ സന്ദര്‍ഭമായിരുന്നു അത്. ചികിത്സയും മറ്റുകാര്യങ്ങളുമൊക്കെയായി ഓടുകയാണ്. ഈ വാർത്ത വന്നപ്പോൾ ഒരുപാട് പേർ എന്നെ വിളിച്ച് അന്വേഷിക്കാൻ തുടങ്ങി. അത് മാനസികമായി അലട്ടിയിരുന്നു. ഇവരോടൊക്കെ എന്തു മറുപടി പറയണമെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ജോലിക്കുപോകാനുള്ള ധൈര്യം തന്നതും ജിഷ്ണുവായിരുന്നു.
ജിഷ്ണു എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതു പോലെയായിരുന്നു. രാവിലെ തന്നെ പറയും ഇപ്പോള്‍ വരും വാട്‌സാപ്പ് മെസേജ്. ഞാന്‍ മരിച്ചുവെന്നുള്ള സന്ദേശവും പറഞ്ഞ്. ഇതും പറഞ്ഞ് ജിഷ്ണു ചിരിക്കുമായിരുന്നു. ശാരീരികമായി അദ്ദേഹം ക്ഷീണിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലോ പ്രവൃത്തിയിലോ ആ ക്ഷീണം പ്രതിഫലിച്ചിരുന്നില്ല. ആ ശക്തിയാണ് എനിക്ക് ജീവിതത്തില്‍ തുണയായത്. ധന്യ പറയുന്നു.