മരിക്കുന്നതിനു 18 ദിവസം മുൻപ് ജിഷ്ണു എഴുതി: ‘എനിക്കു വീട്ടച്ഛനാകണം. വീട്ടമ്മയെപ്പോലെയുള്ള വീട്ടച്ഛൻ. എനിക്കു നന്നായി ഭക്ഷണമുണ്ടാക്കാനറിയാം, സൂപ്പർമാർക്കറ്റിൽപ്പോയി സാധനങ്ങൾ വാങ്ങാനറിയാം, കുട്ടികളെ നോക്കാനറിയാം, വീടു നോക്കാനറിയാം. എന്റെ അമ്മ എന്റെ വീടിന്റെ നട്ടെല്ലായിരുന്നു. അതുപോലെയാകാൻ എനിക്കാകില്ല. എന്നാലും എന്റെ അമ്മയെപ്പോലെ എനിക്കു വീടു നോക്കണം.’
തിരിച്ചു വന്നിരുന്നുവെങ്കിൽ ഭാര്യയെ ജോലിക്കു വിട്ടു ജിഷ്ണു വീട്ടച്ഛനാകുമായിരുന്നു. ഭാര്യ അടുക്കളയിലേക്കു വേണ്ടി വാങ്ങിയ ഗൃഹോപകരണമാണെന്നു ജിഷ്ണു ഒരിക്കലും കരുതിയില്ല. തിരിച്ചുവരുമെന്ന് ഉറപ്പുള്ളതുകൊണ്ടായിരിക്കണം ജിഷ്ണു ഇതെഴുതിയത്. അർബുദം അതിന്റെ അവസാന സീനും തയാറാക്കിക്കൊണ്ടിരിക്കെ ജിഷ്ണു കരുതി ഇത്തവണയും തന്റെ ജയത്തോടെയാകും ക്ലൈമാക്സ് എന്ന്. മുൻപു രണ്ടു തവണ ജിഷ്ണു ക്ലൈമാക്സിൽ അർബുദത്തെ തോൽപ്പിച്ചതാണ്.
ഇന്നസെന്റിനെപ്പോലുള്ള പലരും അർബുദത്തെ മറികടന്നത് ചങ്കൂറ്റം കൊണ്ടായിരുന്നു. എന്നാൽ ജിഷ്ണു മറികടന്നത് സൗമ്യത കൊണ്ടാണ്. ‘എനിക്കു ജീവിച്ചു മതിയായില്ല, കുറച്ചു ദിവസം കൂടി തരികയെന്നു’ നിറചിരിയോടെ പറഞ്ഞപ്പോഴെല്ലാം അർബുദം മാറിനിന്നു. ആശുപത്രിയിലെ ഐസിയുവിൽനിന്നു ജിഷ്ണു എഴുതി: ‘എനിക്കിപ്പോൾ ഐസിയു രണ്ടാം വീടുപോലെയാണ്. എല്ലാം പരിചിതമായിരിക്കുന്നു. ഞാൻ വലിയ പുഞ്ചിരി സമ്മാനിച്ചാണ് നഴ്സുമാരെ വരവേൽക്കുന്നത്... രാത്രി വൈകി വരുന്ന ഡോക്ടറുടെ കാലടി കേൾക്കുമ്പോൾ ഞാൻ ഉണർന്നു വലിയ പുഞ്ചിരി സമ്മാനിക്കും. ഡോക്ടർക്കും എനിക്കും സന്തോഷമാകും.’
സിനിമയിൽ സജീവമായി നിൽക്കെയാണ് ഗ്രാമങ്ങളിൽ വിവര സാങ്കേതിക വിദ്യയുടെ നന്മ എത്തിക്കുന്നൊരു സംരംഭവുമായി ജിഷ്ണു മാറി നിൽക്കുന്നത്. പലരും കരുതി ചാൻസ് കിട്ടാതെ പോയതാണെന്ന്. എന്നാൽ ജിഷ്ണുവിന്റെ സൗഹൃദ വലയം വളരെ വലുതായിരുന്നു. ചാൻസിനുവേണ്ടി കാത്തുനിൽക്കേണ്ടി വന്നിട്ടേയില്ല. പലരും ജിഷ്ണുവിനെ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിനിമയെക്കാൾ വലിയ സ്വപ്നം കണ്ടതുകൊണ്ടാണു ജിഷ്ണു ആ വഴിക്കു പോയത്.
തിരിച്ചുവരുന്ന സിനിമ തുടങ്ങുന്നതിനു മുൻപു ജിഷ്ണു പറഞ്ഞു, ‘ഞാൻ എവിടെയും പോയിട്ടില്ല. കുറച്ചു ജോലിത്തിരക്കുണ്ടായിരുന്നു എന്നു മാത്രം.’ മാറിനിന്ന രണ്ടു വർഷവും ജിഷ്ണു സിനിമയിലെ സൗഹൃദങ്ങൾ തരിമ്പും ചോർന്നു പോകാതെ സൂക്ഷിച്ചു. ജിഷ്ണു വന്നാൽ ഏതു സൗഹൃദ സദസ്സിലും നിറഞ്ഞ ചിരി നിറയുമായിരുന്നു. അർബുദബാധിതനാണെന്നു പലരും സമൂഹ മാധ്യമങ്ങളിൽ എഴുതുകയും ആശുപത്രി ഐസിയുവിലെ പടങ്ങൾ രഹസ്യമായി എടുത്തു പോസ്റ്റു ചെയ്യുകയും ചെയ്തപ്പോൾ ജിഷ്ണു പറഞ്ഞു: ‘എനിക്കു കാൻസർ തന്നെയാണ്. പക്ഷേ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ തിരക്കിൽ സമയം കിട്ടാത്തതുകൊണ്ടാണ് പറയാതിരുന്നത്. ഞാൻ തിരിച്ചുവരികതന്നെ ചെയ്യും.’
പറഞ്ഞതുപോലെ വർഷാവസാനം ജിഷ്ണു തിരിച്ചെത്തി. ‘ഞാൻ വളരെ പോസിറ്റീവായിരിക്കുന്നു. പോസിറ്റീവായാൽ എല്ലാ പ്രശ്നവും തീർന്നു. അതിലൂടെ എന്തും നേരിടാനാകും.’ അസുഖത്തിന്റെ മുഖത്തുനിന്നുകൊണ്ടു ജിഷ്ണു പറഞ്ഞു. അർബുദം പീഡിപ്പിച്ച തന്റെ മുഖം സമൂഹ മാധ്യമങ്ങളിൽ ഇടാനും ജിഷ്ണു മടിച്ചില്ല. അപ്പോഴും മുഖത്തു നിറയെ ചിരിയായിരുന്നു.
അവസാന ദിവസങ്ങളിൽ ജിഷ്ണു താമസിക്കാൻ തിരഞ്ഞെടുത്ത സ്ഥലം കോടനാടാണ്. തനിക്ക് അവിടെ ശാന്തമായൊരു വീടുവേണമെന്നു ജിഷ്ണു ആവശ്യപ്പെട്ടതു ഫെയ്സ്ബുക്കിലൂടെയായിരുന്നു. മമ്മൂട്ടി ഒരിക്കൽ പറഞ്ഞു: ‘അവന്റെ ഉള്ളിൽ നടന്മാർക്കു വേണ്ട ഒരു സ്പാർക്ക് ഉണ്ട്’. ഇങ്ങനെ പറഞ്ഞു എന്നറിഞ്ഞ ജിഷ്ണു സന്തോഷം സഹിക്കാനാകാതെ കുറെ നേരം മുഖം പൊത്തി ഇരുന്നു. പിന്നെ മുഖത്തു ചിരി നിറച്ചു.
ജിഷ്ണു പറഞ്ഞിട്ടുണ്ട്: ‘‘അച്ഛനോട് ഇവരെല്ലാം കാണിക്കുന്ന ആദരവു കാണുമ്പോഴാണ് ഞാനെത്ര അനുഗ്രഹിക്കപ്പെട്ടവനാണെന്നു തിരിച്ചറിയുന്നത്. എനിക്കും ജിഷ്ണു എന്നറിയപ്പെടുന്നതിലും ഇഷ്ടം ‘രാഘവന്റെ മകൻ’ എന്നറിയപ്പെടാനാണ്.’’
ഓരോ സ്പന്ദനത്തിലും ജിഷ്ണു പോസിറ്റീവായിരുന്നു. മരണം അവസാനം വന്നു തൊടുമ്പോഴും ജിഷ്ണു പുഞ്ചിരിച്ചിട്ടുണ്ടാകുമെന്നുറപ്പാണ്. ബാലനടനായിരുന്നുവെങ്കിലും ജിഷ്ണുവിനെ മലയാളിക്കു പരിചയപ്പെടുത്തിയ ആദ്യ സിനിമ ‘നമ്മൾ’ ആയിരുന്നു. അതുപോലെയായിരുന്നു ജിഷ്ണുവിന്റെ ജീവിതവും. ജിഷ്ണു തനിച്ചായിരുന്നില്ല. എന്നും ‘നമ്മൾ’ ആയിരുന്നു.