ഗോകുൽ സുരേഷ് ഗോപിക്ക് നായികയാവുന്നത് അർഥന വിജയകുമാറാണ്. തലസ്ഥാനം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയോടൊപ്പം നിർണായക വേഷം അഭിനയിച്ച വിജയകുമാറിന്റെ മകൾ. തലസ്ഥാനം സുരേഷ് ഗോപിയുടെ കരിയറിൽ വലിയ ടേണിങ് പോയന്റായിരുന്നു. മകൻ ഗോകുൽ അഭിനയരംഗത്തേക്കു കാലെടുത്തു വച്ചപ്പോൾ നായികയായി എത്തുന്നത് പണ്ട് ഒന്നിച്ചഭിനയിച്ചു സൂപ്പർ ഹിറ്റാക്കിയ ചിത്രത്തിലെ നടന്റെ മകളാവുന്നതു തികച്ചും യാദൃച്ഛികം.
മുദ്ദുഗവു. ഈ വാക്ക് മലയാളികൾ ഒരിക്കലും മറക്കില്ല. തേൻമാവിൻ കൊമ്പത്ത് മോഹൻ ലാൽ ശോഭനയെ സ്നേഹിച്ചു തുടങ്ങുന്നത് ഈ വാക്കിൽ കൊരുത്തിട്ട പ്രണയം കൊണ്ടല്ലേ. പേരു കൊണ്ടു തന്നെ ഈ ചിത്രം ഒരു പ്രണയ കഥയാണു പറയുകയെന്നു സംവിധായകൻ വിപിൻ ദാസ് പറയാതെ പറഞ്ഞു കഴിഞ്ഞു. ഫ്രൈഡേ ഫിലിം ഹൗസ് കാർണിവൽ സിനിമാസുമായി ചേർന്നു നിർമിക്കുന്ന സിനിമകളിൽ ആദ്യത്തേതാണു മുദ്ദുഗവു. ഗോകുലിന്റെ നായികയാവാൻ ആദ്യം പ്രേമത്തിലെ മേരി, അനുപമ പരമേശ്വരനെയായിരുന്നു ആദ്യം പ്ലാൻ ചെയ്തത്. പിന്നെ അതു വേണ്ടെന്നു വച്ചു.
നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാനയെയും പരിഗണിച്ചിരുന്നു. പിന്നെ നിരഞ്ജനയിലെത്തി. ഒടുവിലാണ് അർഥന വിജയകുമാർ നായികയാവട്ടെ എന്നു തീരുമാനിച്ചത്. അർഥന തിരുവനന്തപുരം മാർ ഈവാനിയോസിലാണു പഠിക്കുന്നത്. ഗോകുലിന്റെ അനുജത്തിയുടെ കൂട്ടുകാരി കൂടിയായതിനാൽ അർഥനയെ ഗോകുലിനു പരിചയമുണ്ട്. ‘ അടുത്ത സുഹൃത്തൊന്നുമല്ല. അറിയാമെന്നു മാത്രം. ഇനി സിനിമ തുടങ്ങുമ്പോൾ കൂടുതൽ പരിചയപ്പെടാം...’ ഗോകുൽ പറഞ്ഞു.