കണ്ണിനേയും മനസിനേയും രസിപ്പിച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ഫ്രെയിമിനുള്ളിൽ പെട്ടെന്നിറങ്ങിപ്പോയ കഥാപാത്രം. കണ്ടിരിക്കുന്നവർ നിശ്ചലരായി ആ വിടവാങ്ങലിനെ നോക്കി നിൽക്കുന്ന അവസ്ഥ. ചലച്ചിത്ര ലോകത്തെ ഹാസ്യ സാന്നിധ്യങ്ങളിൽ ഏറ്റവുമിണങ്ങിയ പെൺമുഖം. മലയാളത്തിന്റെ പ്രിയനടി കൽപന ഓർമയായിട്ട് ഒരുവർഷം.
അപ്രതീക്ഷിതമായ അവരുടെ കടന്നുപോകലിൽ ഏറ്റവുമാദ്യം ഓർമയിലെത്തുന്ന വാക്യം ഇതൊന്നേയുള്ളൂ. നർമം പോലെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമായി എന്നാൽ ശക്തമായ നിലപാടുകളുമായി കാലഘട്ടങ്ങളെ രസിപ്പിച്ച അഭിനയ പ്രതിഭ. വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളുള്‍പ്പെടെ പല വിഷമ ഘട്ടങ്ങളിലൂടെയും കടന്നുപോയപ്പോഴും മായാത്ത ചിരി ആ മുഖത്തുണ്ടായിരുന്നു.
ഒരിക്കലും കോമഡി ആർട്ടിസ്റ്റായി ചലച്ചിത്ര ലോകത്തേക്ക് എത്തരുതെന്നാണ് കൽപന ആഗ്രഹിച്ചിരുന്നത്. പക്ഷേ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നു ചേർന്ന കഥാപാത്രത്തിന്റെ അഭിനയ മൂല്യം കണക്കിലെടുത്ത് അവർ അഭിനയം ജീവിതത്തിലേക്കെത്തി. ഹാസ്യത്തിനൊപ്പവും അതിനപ്പുറവും സഞ്ചരിച്ച കഥാപാത്രങ്ങളിലൂടെ അങ്ങനെ അവർ മലയാളിക്ക് പ്രിയപ്പെട്ട നടിയുമായി.
സ്വന്തം ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളിൽ പോലും ഹാസ്യം ചാലിച്ച് സംസാരിക്കാനുള്ള കൽപനയുടെ മികവ് തന്നെയാണ് ആ അഭിനയ ജീവിതത്തെ വേറിട്ട് നിർത്തിയത്. ചലച്ചിത്ര ലോകത്തെ നർമംകൊണ്ട് കൊഴുപ്പിച്ച അഭിനയ വിസ്മയങ്ങൾക്കെല്ലാം ശക്തമായ ജീവിത കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടുകളുമുണ്ടായിരുന്നു അവർക്ക്.
കോമഡി വെറും കോമഡിയായി മാറിയപ്പോൾ അത് വിളിച്ചുപറയുവാനും കൽപന മടികാട്ടിയില്ല. ജഗതി ശ്രീകുമാറുൾപ്പെടെയുള്ള ഹാസ്യ നടൻമാർക്ക് അർഹിച്ച അംഗീകാരം കിട്ടിയില്ലെന്നും മലയാള സിനിമയിൽ കോമഡിക്ക് ഒരു വിലയുമില്ലെന്ന് വിളിച്ചു പറഞ്ഞ തൻറേടം. വിടരുന്ന മൊട്ടുകളിലെ ബാലതാരമായെത്തി ചാർലിയിലെ മേരിയെന്ന കഥാപാത്രം വരെ നീണ്ട അഭിനയ ജീവിതം.
ജീവനുള്ള നർമ്മ വർത്തമാനങ്ങളും അതിപ്രസരമില്ലാത്ത അഭിനയവുമായി വെള്ളിത്തിരക്കുള്ളിലേക്കെത്താൻ ഇനി കൽപനയില്ല. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് നർമം പറഞ്ഞു തരാൻ കല്‍പന ഇനി നിറമുള്ള ഓർമകൾ.