സീരിയല്‍ നടി ശില്‍പയുടെ ദുരൂഹ മരണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടാക്കട സ്വദേശി ലിജിനാണ് അറസ്റ്റിലായത്. തമ്പാനൂര്‍ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാട്ടക്കടയില്‍ ഒളിവില്‍ കഴിയവെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു മാതാപിതാക്കള്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് അന്വേഷണ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ സുധാകരന്‍ പിള്ളയെ ഏല്‍പ്പിച്ചത്.
ശനിയാഴ്ച വൈകിട്ടു കരമനയാറ്റിലെ മരുതൂർകടവിൽനിന്നാണു പെൺകുട്ടിയുടെ ജഡം കിട്ടിയത്. ശിൽപ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാപിതാക്കൾ അറിയിച്ചിരുന്നു .
മൂന്നു തമിഴ് സിനിമകൾ ഉൾപ്പെടെ ഒരുപിടി ചലച്ചിത്രങ്ങളിലും ഒട്ടേറെ ടിവി പരമ്പരകളിലും വേഷമിട്ട ശിൽപ ഗൃഹസദസുകൾക്കു പരിചിതയാണ്. ശിൽപ അഭിനയിക്കുന്ന തമിഴ് ചിത്രം ചിറകിന്റെ ഷൂട്ടിങ് നടക്കുകയാണ്.
ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ, പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിലും കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. ഗായികയായതിനാൽ ഗാനമേളകൾക്കും പോകാറുണ്ട്. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. കന്യാറുപാറയിലെ നിലംപൊത്താറായ സ്വന്തം വീടു നവീകരിക്കണമെന്നായിരുന്നു ശിൽപയുടെ ആഗ്രഹം.