തിരക്കഥ മുഴുവൻ വായിച്ച ശേഷം സംവിധായകൻ മിഥുൻ മാനുവൽ സ്ക്രിപ്റ്റിന്റെ മുകളിൽ നീല സ്കെച്ചുപേന കൊണ്ട് എഴുതി - അലമാര.‘പേരു കേൾക്കുമ്പോൾ ഒരു ചെറുപുഞ്ചിരി വരണം, സിനിമ കാണുമ്പോൾ വലിയൊരു ചിരിയും. അതുകൊണ്ടാണ് പുതിയ സിനിമയ്ക്ക് അലമാര എന്നു പേരിട്ടത്’ - മിഥുൻ പറഞ്ഞു.
ആട്, ആൻമരിയ കലിപ്പിലാണ് എന്നീ സിനിമകൾക്കു ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അലമാര. വിവാഹത്തിന്റെ മൂന്നാം നാൾ പെണ്ണിന്റെ വീട്ടിൽ നിന്നു ചെറുക്കന്റെ വീട്ടിലേക്കു സമ്മാനിച്ച അലമാര ഉണ്ടാക്കിയ പുകിലുകളാണ് ‘അലമാര’യുടെ ഉള്ളിൽ. സണ്ണി വെയ്ൻ, അജു വർഗീസ്, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, പുതുമുഖനായിക അദിതി രവി എന്നിവരാണ് അഭിനേതാക്കൾ. ആൻമരിയയുടെ തിരക്കഥാകൃത്ത് ജോൺ മന്ത്രിക്കലാണ് അലമാരയുടെ രചനയും.
സിനിമകൾക്കു പേരിടുന്നതിൽ മിഥുനു സ്വന്തം ശൈലിയുണ്ട്. തിരക്കഥയെഴുതിയ ആദ്യ സിനിമ ഓം ശാന്തി ഓശാനയ്ക്കു പേരിട്ടതു സംവിധായകൻ ജൂഡ് ആന്റണിയായിരുന്നു. ‘ഓലക്കുടയും കുങ്ഫൂപാണ്ടയും’ എന്നായിരുന്നു മിഥുൻ നിർദേശിച്ച പേര്.
സംവിധാനം ചെയ്ത ആദ്യ സിനിമയ്ക്ക് ‘ആട്’ എന്നു പേരിട്ടു. താഴെ ഒരു പഞ്ച്‌ലൈനും എഴുതി- ‘ഭീകരജീവിയാണ്’. എന്നാൽ പോസ്റ്ററിൽ അടിച്ചു വന്നപ്പോൾ ആളുകൾ വായിച്ചത് ‘ആട് ഒരു ഭീകരജീവിയാണ്’ എന്നാണ്. ആ പേരും ഹിറ്റ്. ആൻമരിയയ്ക്ക് ആദ്യമിട്ട പേര് ‘വാടകഗുണ്ട’ എന്നായിരുന്നു. കുടുംബപ്രേക്ഷകർ എങ്ങനെയെടുക്കും എന്നു കരുതിയാണ് ‘ആൻമരിയ കലിപ്പിലാണ്’ എന്ന പേരിട്ടത്.
‘അലമാരയുടെ ടൈറ്റിൽ ഡിസൈൻ ചെയ്തപ്പോൾ ഒരുപാടുപേർക്കിഷ്ടപ്പെട്ടു. നല്ല അലമാര എങ്ങനെയാകണമെന്നന്വേഷിച്ചപ്പോഴും പല മറുപടികൾ കിട്ടി. ചിലർ പറഞ്ഞു തടിയിലാണു കാര്യമെന്ന്. ചിലർ പറഞ്ഞു ലുക്കിലാണെന്ന്. പൂട്ടിക്കഴിഞ്ഞാൽ ഒരു ഉറുമ്പു പോലും കയറാത്ത അലമാരയെക്കുറിച്ചും ഒരാൾ പറഞ്ഞു. ’ - മിഥുൻ പറഞ്ഞു.