സിനിമയിലെ രണ്ടാം വരവിന് ഒരുങ്ങുകയാണ് നടി അഞ്ജു അരവിന്ദ്. ബിജു മേനോൻ നായകനാകുന്ന ‘സ്വര്‍ണക്കടുവ’യാണ് അഞ്ജു ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ. സിനിമാ നടിയായി തന്നെയാണ് അഞ്ജു ഈ ചിത്രത്തിൽ എത്തുന്നത്. എന്നാൽ ഇപ്പോൾ അഞ്ജുവിന്റെ പേരിൽ താനറിയാത്തൊരു വാർത്ത കൂടി പ്രചരിക്കുന്നു. ആ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി അഞ്ജു.
∙ കലാഭവൻ മണിയെ കാണാൻ നടി ചെന്നിരുന്നുവെന്ന വിവാദത്തിൽ അഞ്ജു അരവിന്ദന്റെ പേര് എങ്ങനെയാണ് വന്നത്?
കലാഭവൻ മണിയെപ്പോലെ ഇത്രയധികം സൗഹൃദങ്ങളുള്ള ഒരാളെ കാണാൻ ചിലപ്പോൾ അവിടെ ആരെങ്കിലും ചെന്നിരിക്കാം. അത് ഞാനല്ല. അദ്ദേഹവുമായി അടുത്തിടെ കുറച്ച് ഷോകളിൽ ഞാനും പങ്കെടുത്തിരുന്നു. എല്ലാവരെയും സഹായിക്കുന്ന മനസാണ് മണിച്ചേട്ടന്റേത്. അദ്ദേഹം എന്നെയും സഹായിച്ചിട്ടുണ്ട്
ഞാൻ സ്വന്തമായി വാങ്ങിയതാണ് കൊച്ചിയിലെ എന്റെ ഫ്ലാറ്റ്. ഒരാളെയും ഒരു തരത്തിലും ആശ്രയിക്കുന്നത് ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. സിനിമകളിൽ അവസരങ്ങളുണ്ടെങ്കിലും അതിന്റെ ലോൺ അടയ്ക്കാൻ പലപ്പോഴും ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. ഒരിക്കൽ ഓസ്ട്രേലിയയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ മണിച്ചേട്ടനോട് ഞാൻ എന്റെ സങ്കടം പറഞ്ഞു
പിന്നീട് വന്ന ഷോകളിൽ എനിക്ക് അദ്ദേഹം അവസരവും തന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ അത് അന്നെനിക്ക് വലിയ ഉപകാരമായിരുന്നു. മണിച്ചേട്ടൻ അവസാനം ചെയ്ത ഷോയിലും ഞാനുണ്ടായിരുന്നു. എനിക്ക് ഇത് സംബന്ധിച്ച് മറയ്ക്കാനൊന്നൂമില്ല. അതുകൊണ്ട് ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല.
ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് നമ്മുടേത്. അത്തരത്തിൽ എന്തെങ്കിലും വാർത്തകൾ ഉണ്ടായിരുന്നതായി എനിക്കറിയില്ല. ഒരു കലാകാരി എന്ന നിലയിൽ എന്നോട് ബഹുമാനമുണ്ടായിരുന്നു അദ്ദേഹത്തിന് അതിനപ്പുറം ഒന്നുമില്ലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അഭിനയം കഴിഞ്ഞാൽ കുടുംബം. അതിനപ്പുറം ഒന്നുമില്ല ഇത്തരം കഥകൾക്ക് നടുവിൽ ജീവിതം കൈവിട്ടു പോകാതെ കൊണ്ടു പോകാൻ ഒരു നടി എന്ന നിലയിൽ വലിയ ബുദ്ധിമുട്ടാണ്.
∙ ഒപ്പം ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ മദ്യപിക്കാതിരിക്കാനും ആരോഗ്യം നോക്കാനും മണിയോട് പറഞ്ഞിട്ടില്ലേ?
എന്റെയും മണിച്ചേട്ടന്റെയും ആദ്യ സിനിമ അക്ഷരം തന്നെയായിരുന്നു. അപ്പോഴും പിന്നീടും ഒന്നും വലിയ സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നെ ഒരുമിച്ച് സ്റ്റേജ് ഷോകൾ ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛൻമാർ കുടിക്കുന്നത് മക്കൾക്ക് വലിയ വിഷമം ആയിരിക്കുമെന്ന്. പ്രത്യേകിച്ച് പെൺമക്കൾക്ക്
പക്ഷേ അദ്ദേഹത്തിന് എന്തെങ്കിലും അസുഖം ഉള്ളതായി എനിക്കറിയില്ലായിരുന്നു. അങ്ങനെ തുറന്നു പറയാൻ മാത്രമൊന്നും സ്വാതന്ത്ര്യമുള്ള ബന്ധവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.