ജെഎന്‍യു വിഷയത്തെ പരാമർശിച്ച് നടന്‍ മോഹന്‍ലാൽ എഴുതിയ ബ്ലോഗിനെ പരോക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ടെന്ന് ബെന്യാമിൻ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ബെന്യാമിന്റെ പ്രതികരണം.
ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം– രാജ്യത്തിന്റെ അതിർത്തി കാക്കുന്ന പട്ടാളക്കാരോട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ രാജ്യസ്നേഹമെന്നാൽ പട്ടാളത്തെ സ്നേഹിക്കൽ ആണെന്നു പറയുന്നതിൽ ഒരു വലിയ അപകടമുണ്ട്. സുശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അടിയിൽ അനുസരണയോടെ പ്രവർത്തിക്കേണ്ടുന്ന ഒരു വിഭാഗം മാത്രമാണത്. അല്ലാതെ ആ ഉറങ്ങിക്കിടക്കുന്ന പാമ്പിനെ താലോലിച്ചും പുകഴ്ത്തിയും അമിതമായ അധികാരം നല്കിയും പോന്നിട്ടുള്ള രാജ്യങ്ങൾ ഒക്കെ പിന്നെ വലിയ അപകടത്തിലാണ് ചെന്നു പെട്ടിട്ടുള്ളത്. അതറിയാൻ ഏറെ ദൂരെയൊന്നും പോകേണ്ടതില്ല. തൊട്ടയൽ രാജ്യത്തേക്ക് ഒന്ന് എത്തിനോക്കിയാൽ മതി. എന്നാലും ബ്ലോഗെഴുതിയ ക്ഷീണത്തിൽ വൈകിട്ട് ഒന്ന് കൂടുമ്പോൾ കൊറിച്ചിരിക്കാൻ പട്ടാളത്തിൽ നിന്നും അധികാരത്തിലേക്ക് വന്ന ചില പേരുകൾ നല്കാം. ചരിത്രം തനിയെ ഓർമ്മ വന്നോളും. ഹിറ്റ്‍ലർ, സദ്ദാം ഹുസൈൻ, മുസോളിനി, ഈദി അമീൻ, മാർഷൽ ടിറ്റോ, കേണൽ ഗദ്ദാഫി, റോണാൾഡ് റീഗൻ, ജോർജ്ജ് ബുഷ് 1, ജോർജ്ജ് ബുഷ് 2, സിയാവുൾ ഹഖ്, പർവേശ് മുഷാറഫ്... എല്ലാവരും ഒന്നാന്തരം 'രാജ്യസ്നേഹികൾ' ആയിരുന്നു..