ദിലീപ് – കാവ്യ മാധവൻ വിവാഹത്തിന് തന്നെ ആരും ക്ഷണിച്ചില്ലെന്നും അതു കൊണ്ടാണ് പോകാതിരുന്നതെന്നും നടി ഭാവന. വിവാഹം അവരിരുവരുടെയും വ്യക്തിപരമായ കാര്യമാണെന്നും വിളിച്ചിട്ടും താൻ അവിടെ പോകാത്തതാണെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്നും ഭാവന മനോരമ ഒാൺലൈനിനോട് പ്രതികരിച്ചു.
ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളൊക്കെ അടിസ്ഥാനരഹിതമാണ്. ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തന്റെ തീരുമാനം, ഭാവന പറഞ്ഞു. ദിലീപിന്റെയും കാവ്യയുടെയും വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നെ ഒരു തരത്തിലും ബാധിക്കുന്ന ഒന്നല്ല അത്. ഇതിനോടൊന്നും പ്രതികരിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവന കൂട്ടിച്ചേർത്തു.
എന്നെ ക്ഷണിക്കണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് അവരാണ്. അവർക്ക് അടുപ്പമുള്ളവരെ അവർ വിവാഹത്തിനു ക്ഷണിച്ചു. അത് ആരൊക്കെയാവണം എന്നുള്ളത് അവരുടെ ഇഷ്ടം. എനിക്കതിൽ ഒരു പരിഭവവുമില്ല. ഭാവന പറഞ്ഞു.
ദിലീപ് – മഞ്ജു വിവാഹബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണം ഭാവനയാണെന്നും, ദിലീപ് – കാവ്യ വിവാഹത്തിന് ക്ഷണം ഉണ്ടായിട്ടും ഭാവന പോകാതിരുന്നതാണെന്നുമൊക്കെ തുടങ്ങി പല വാർത്തകളും പ്രചരിച്ചിരുന്നു. ഹണി ബീ 2–വിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്.