അഭിനേതാവ് കുളത്തിലേക്കു ചാടുമ്പോൾ ക്യാമറയും കൂടെ ചാടണമെന്നു ശ്രീനിവാസൻ പണ്ടു പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു, എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളിൽ ക്യാമറാമാൻമാർ കുളത്തിൽ ചാടുക മാത്രമല്ല, ക്യാമറ ഒരു കയ്യിൽ പിടിച്ചുകൊണ്ട് വേണമെങ്കിൽ ഒരു കുളിയും പാസാക്കുമെന്ന് പറയുന്നത് ട്രോളന്മാരാണ്.
വലിയ മെനക്കേടൊന്നുമില്ലാതെ സ്റ്റാൻഡിൽ നൈസായിട്ടിരുന്ന ക്യാമറ അവിടെ നിന്ന് താങ്ങിയെടുത്ത് അതുമായി അഭിനേതാക്കളുടെ പുറകേ പറന്ന ഛായാഗ്രാഹകരുടെ കഥകൂടിയുണ്ട് ഈ സിനിമകൾക്ക്. അങ്കമാലി ഡയറീസിൽ റബർത്തോട്ടങ്ങളിലൂടെയും ഇടവഴികളിലൂടെയും മാരത്തൺ ഓടിയ ഗിരീഷ് ഗംഗാധരൻ എന്ന ഛായാഗ്രഹകൻ ട്രോളുകളിൽ ഇടംപിടിച്ചതും ഇതുകൊണ്ടുതന്നെ.
എല്ലാ റിയലായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്ന് ഗിരീഷ് പറയുന്നു. ഭൂരിഭാഗം സമയവും അഭിനേതാക്കൾക്കൊപ്പം ഓടുകയായിരുന്നതിനാൽ നല്ല ശാരീരിക അധ്വാനം വേണ്ടിവന്നു. റബർത്തോട്ടത്തിലൂടെയുള്ള ഓട്ടവും ബോംബേറും ചിത്രീകരിക്കാൻ രണ്ടുദിവസമെടുത്തു. ക്ലൈമാക്സിൽ അഭിനേതാക്കളെ അവരുടെ ഫ്രീഡത്തിന് വിടുകയായിരുന്നു. മനോധർമത്തിനാണ് പലതും ചെയ്തത്. ആയിരം പേരുടെ ഇടയിലൂടെ തട്ടാതെയും മുട്ടാതെയും പടക്കം കത്തിക്കുന്നതിന്റെ ഇടയിലൂടെയും വേണമായിരുന്നു ക്യാമറയുമായി പായാൻ.
ലിജോയുടെ ആദ്യ സിനിമകളിലൊന്നായ സിറ്റി ഓഫ് ഗോഡിൽ അഭിനേതാവിന്റെ തൊട്ടടുത്ത് നിൽക്കുന്ന ഒരാളായി ക്യാമറ മാറണമെന്ന് നിർബന്ധത്തോടെയായിരുന്നു സുജിത് വാസുദേവ് ക്യാമറ ചലിപ്പിച്ചത്. ഓട്ടവും ചാട്ടവുമുള്ളതിനാൽ 16 എംഎം ലെൻസുള്ള താരതമ്യേന ഭാരംകുറഞ്ഞ ക്യാമറ കൊണ്ടുവന്നാണ് ഷൂട്ട് ചെയ്തത്. രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള സ്റ്റണ്ട് സീൻ ഒറ്റഷോട്ടിൽ ചിത്രീകരിച്ചത് അന്ന് വലിയ സംഭവമായിരുന്നുവെന്ന് സുജിത് ഓർമിക്കുന്നു.
ആമേനിലെത്തിയപ്പോൾ കള്ളുഷാപ്പ് പശ്ചാത്തലമാക്കി ഒരു പാട്ട് മുഴുവനായും ഛായാഗ്രഹകനായ അഭിനന്ദം രാമാനുജം ഓടിനടന്ന് ഒറ്റഷോട്ടിൽ പടമാക്കി. പുതിയൊരു ലോകം ക്യാമറയുപയോഗിച്ച് സൃഷ്ടിക്കുകയായിരുന്നു ആമേനിലും ഡബിൾ ബാരലിലും തന്നെ കാത്തിരുന്ന വെല്ലുവിളിയെന്നു രാമാനുജം പറയുന്നു. ക്യാമറ ഉയരുന്നതും തിരിച്ചു ലാൻഡ് ചെയ്യുന്നതും പ്രവചനാതീതം.
ഉസൈൻ ബോൾട്ടിനെക്കുറിച്ച് ലിജോ സിനിമയെടുത്താൽ ഇവർ എന്തുചെയ്യുമെന്നാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ കുസൃതിച്ചോദ്യം!
അങ്കമാലി ഡയറീസിലെ ആ 11 മിനിറ്റ് !
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു
"ആയിരത്തോളം ആർട്ടിസ്റ്റുകളെ അണിനിരത്തി ഒരു പള്ളിപ്പെരുന്നാളിനിടയിലെ സംഘട്ടനം സെറ്റിട്ട് ചിത്രീകരിക്കുകയായിരുന്നു. ഇടയ്ക്ക് കട്ട് ചെയ്യാതെ ക്യാമറ ഇതിനിടയിലൂടെ പറന്നുനടക്കണം. ആദ്യദിവസം വൈകുന്നേരം റിഹേഴ്സൽ നടത്തിയശേഷം പുലർച്ചെ മൂന്നുവരെ ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല, പിറ്റേന്ന് വീണ്ടും റിഹേഴ്സൽ നടത്തിയശേഷമാണ് രാത്രി ഷൂട്ട് പൂർത്തിയാക്കിയത്. ഷൂട്ടിനിടയിൽ ഒരാളെങ്കിലും ക്യാമറയ്ക്കു മുന്നിൽ വന്നു ചിരിച്ചാൽ മുഴുവൻ പൊളിയുമായിരുന്നു. നാട്ടുകാരുടെ സഹായം ഒന്നുകൊണ്ടു മാത്രമാണിത് പൂർത്തിയാക്കാനായത്. 15 മിനിറ്റ് ക്യാമറയുമായി പാഞ്ഞുനടന്നതിന്റെ ക്രെഡിറ്റ് ക്യാമറമാൻ ഗിരീഷിനാണ്. ക്യാമറയെന്നൊരു വസ്തു അഭിനേതാവിനും കാഴ്ചക്കാരനും ഇടയിലുണ്ടെന്ന് തോന്നിപ്പിക്കരുതെന്ന വാശിയാണ് അങ്കമാലി ഡയറീസിന്റെ ദൃശ്യഭംഗി."