തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്‍യുടെ ‘സർക്കാർ’. സിനിമയുടെ ചിത്രീകരണ സ്ഥലത്തുനിന്നുള്ള ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതിൽ ഏറ്റവും പുതിയതായിരുന്നു വിജയ് ചുവന്ന വസ്ത്രം ധരിച്ച ചിത്രം.
സംവിധായകൻ എ. ആർ മുരുഗദോസിനെയും ഒപ്പം കാണാം. എന്നാൽ വിജയ്‌യുടെ തൊട്ടുപുറകിൽ നിൽക്കുന്ന ആളെ മാത്രം ആരും ശ്രദ്ധിച്ചില്ല. മലയാളിയും ഈ സിനിമയുടെ ഛായാഗ്രാഹകനുമായ ഗിരീഷ് ഗംഗാധരനാണ് കക്ഷി.
നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, കലി, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരന്റെ ആദ്യ തമിഴ് പ്രോജക്ട് ആണ് സർക്കാര്‍. മലയാളത്തിൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിലാണ് ഗിരീഷ് അവസാനമായി ക്യാമറ ചലിപ്പിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ജല്ലിക്കെട്ടിന്റെ ഛായാഗ്രാഹകനും ഗിരീഷ് തന്നെയാണ്.
സർക്കാരിലെത്തുമ്പോൾ ക്യാമറ ചലനങ്ങൾ സിനിമയുടെ പ്രധാന ആകർഷണഘടകമാകുമെന്ന് തീർച്ച. തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഇളയദളപതി വിജയ്‌യെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രതീക്ഷകൾ ഏറെ.
കീർത്തി സുരേഷ് ആണ് നായിക. വരലക്ഷ്മി ശരത് കുമാർ, യോഗി ബാബു, രാധാ രവി എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം നവംബറിൽ റിലീസിനെത്തും.